ADVERTISEMENT

ആഗോളതാപനത്തിന്റെ ഫലമായി അടുത്ത 75 വർഷത്തിനുള്ളിൽ ലോകത്തിലെ പ്രധാന നഗരങ്ങളിൽ പലതും കടലിനടിയിലാകുമെന്ന് പഠനം. 2100 ആകുമ്പോഴേക്കും ആഗോള സമുദ്രനിരപ്പ് 6.2 അടി വരെ ഉയരുമെന്നാണ് സിംഗപ്പൂരിലെ നാൻയാങ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി നടത്തിയ പഠനം വ്യക്തമാക്കുന്നത്. ഇതിന്റെ ഫലമായി ലോകമെമ്പാടുമുള്ള തീരദേശ നഗരങ്ങളിൽ വൻ പ്രത്യാഘാതങ്ങളാകും സംഭവിക്കുക. ലോകത്തെ ഭൂരിഭാഗം പ്രദേശങ്ങളും വാസയോഗ്യമല്ലാതാകും. സമുദ്ര നിരപ്പ് ഉയരുന്നത് ഇന്ത്യയിലും വൻ ദുരന്തം സൃഷ്ടിക്കും. മുംബൈ നഗരം പൂർണമായും വെള്ളത്തിലാകും. ദശലക്ഷക്കണക്കിന് ആളുകൾ ദുരന്തത്തിന് ഇരകളാകുമെന്നും പഠനം പറയുന്നു. 

വരാനിരിക്കുന്ന ദുരന്തത്തിന്റെ ആക്കം കുറയ്ക്കാൻ ഹരിതഗൃഹ വാതക ബഹിര്‍ഗമനം കുറയ്ക്കാൻ എല്ലാ രാജ്യങ്ങളും തയാറാവണമെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഡോ. ബെഞ്ചമിൻ ഗ്രാൻഡി പറഞ്ഞു. സമുദ്ര നിരപ്പുയർന്നാൽ നിരവധി തീരദേശപ്രദേശങ്ങളും പ്രധാന നഗരങ്ങളും വെള്ളത്തിനടിയിലാകും. യുകെ, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ കൂടാതെ എല്ലാ ഭൂഖണ്ഡങ്ങളിലും ഇതിന്റെ ആഘാതം വലുതായിരിക്കും. ബ്രിട്ടനെയാകും ഇത് ഏറ്റവും കൂടുതൽ ബാധിക്കുക. ലണ്ടൻ, ബെർമോണ്ട്‌സി, ഗ്രീൻവിച്ച്, ബാറ്റർസിയ, ചെൽസി തുടങ്ങിയ പ്രദേശങ്ങളെ വെള്ളപ്പൊക്കം രൂക്ഷമായി ബാധിക്കും. ഇംഗ്ലണ്ടിന്റെ കിഴക്കൻ തീരം, ഹൾ, സ്കെഗ്നെസ്, ഗ്രിംസ്ബി തുടങ്ങിയ പട്ടണങ്ങൾ പൂർണ്ണമായി വെള്ളത്തിനടിയിലാകുമെന്നും പഠനം പറയുന്നു. പീറ്റർബറോ, ലിങ്കൺ എന്നിവയുൾപ്പെടെയുള്ള ഉൾനാടൻ സ്ഥലങ്ങളിൽ പോലും കടുത്ത വെള്ളപ്പൊക്കം ഉണ്ടായേക്കാം. വെസ്റ്റൺ-സൂപ്പർ-മാരെ, ന്യൂപോർട്ട്, കാർഡിഫ് തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളെയും സാരമായി ബാധിക്കും.

അതേസമയം, സ്കോട്ട്‌ലൻഡും വടക്കൻ അയർലൻഡും ഉയർന്ന സ്ഥലമായതിനാൽ വെള്ളപ്പൊക്കം കാര്യമായി ബാധിക്കാൻ സാധ്യതയില്ല. യൂറോപ്പിലുടനീളം, ജനസാന്ദ്രതയുള്ള തീരപ്രദേശങ്ങൾ അപ്രത്യക്ഷമായേക്കാം. ഫ്രാൻസിലെ കാലൈസ് മുതൽ തെക്കൻ ഡെൻമാർക്ക് വരെയുള്ള മുഴുവൻ തീരപ്രദേശവും വെള്ളത്തിനടിയിലാകുമെന്ന് പഠനം പറയുന്നു. ഇറ്റലിയിലെ സ്ഥിതിയും ഗുരുതരമായിരിക്കും. പതിവായി വെള്ളപ്പൊക്കത്തെ നേരിടുന്ന വെനീസ് പൂർണമായും അപ്രത്യക്ഷമാകാൻ തന്നെ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. അമേരിക്കയെ വെള്ളപ്പൊക്കം കാര്യമായി ബാധിക്കും. ന്യൂ ഓർലിയാൻസ്, ഗാൽവെസ്റ്റൺ, ഫ്ലോറിഡ എവർഗ്ലേഡ്‌സിന്റെ ചില ഭാഗങ്ങൾ എന്നിവയുൾപ്പെടെ തെക്കൻ സംസ്ഥാനങ്ങളിലെ തീരദേശ നഗരങ്ങൾ ഏറ്റവും ദുർബല പ്രദേശങ്ങളിൽ ഉൾപ്പെടുന്നു. 

പഠനത്തിന്റെ അടിസ്ഥാനത്തിൽ കടലിനടിയിൽ ആകുമെന്ന കണ്ടെത്തിയ സ്ഥലങ്ങളുടെ മാപ്പ്.
പഠനത്തിന്റെ അടിസ്ഥാനത്തിൽ കടലിനടിയിൽ ആകുമെന്ന കണ്ടെത്തിയ സ്ഥലങ്ങളുടെ മാപ്പ്.

ലോകമെമ്പാടുമുള്ള മറ്റ് പല പ്രദേശങ്ങളും അപകടത്തിലാണ്. പസഫിക്ക്  ദ്വീപ് രാഷ്ട്രങ്ങളായ മാലിദ്വീപ്, തുവാലു എന്നിവ വാസയോഗ്യമല്ലാതായി മാറിയേക്കാം. ജക്കാർത്ത, ബാങ്കോക്ക് തുടങ്ങിയ തീരദേശ നഗരങ്ങൾ ദശലക്ഷക്കണക്കിന് ആളുകളുടെ വീടുകൾക്കും ഉപജീവനമാർഗ്ഗങ്ങൾക്കും ഭീഷണിയാകുന്ന നിരന്തരമായ വെള്ളപ്പൊക്കത്തെ നേരിടേണ്ടിവരും.

കാലാവസ്ഥാ പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങൾ കുറക്കാൻ അടിയന്തര ഇടപെടലുകൾ നടത്തണമെന്ന് സിംഗപ്പൂർ എർത്ത് ഒബ്സർവേറ്ററി ഡയറക്ടർ പ്രഫസർ ബെഞ്ചമിൻ ഹോർട്ടൺ പറയുന്നു. വെള്ളപ്പൊക്കം പ്രതിരോധിക്കൽ, സുസ്ഥിര നഗര ആസൂത്രണം, ദുരന്തം മുൻകൂട്ടി കണ്ടുകൊണ്ടുള്ള തയാറെടുപ്പുകൾ എന്നിവയ്ക്ക്  ഓരോ രാജ്യങ്ങളും കാര്യമായി പരിഗണന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇനിയും അടിയന്തര ഇടപെടലുകൾ നടത്തിയില്ലെങ്കിൽ ലോകം ഗുരുതര പ്രത്യാഘാതങ്ങളെയാകും നേരിടേണ്ടി വരിക.   

ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം മൂലം ഉണ്ടാകുന്ന കാർബൺ ബഹിർഗമനത്തിന്റെ വർധനവാണ് ആഗോളതാപനത്തിനും  മഞ്ഞുരുകലിനും പ്രധാന കാരണം. കാര്‍ബണ്‍ ഡയോക്‌സൈഡ് അന്തരീക്ഷത്തിലെ ഓസോണ്‍പാളിയെ നശിപ്പിക്കുകയും ഇത് ആഗോളതാപനത്തിന് കാരണമാകുകയും ചെയ്യും. ഇതിന്റെ  ഫലമായി അന്റാര്‍ട്ടിക്ക ഉള്‍പ്പെടെ മഞ്ഞുമലകള്‍ ഉരുകിയൊലിക്കാന്‍ തുടങ്ങും. ഇത് പ്രളയമാവുകയും താഴ്ന്ന പ്രദേശങ്ങളെല്ലാം കടലിനടിയിലാകാനും സാധ്യത ഉണ്ട്. അന്റാര്‍ട്ടിക്കയിലെ മഞ്ഞുപാളികള്‍ ഉരുകി സമുദ്രനിരപ്പ് വന്‍തോതില്‍ ഉയരുകയാണെന്ന വിവിധ പഠന റിപ്പോർട്ടുകൾ നേരത്തെയും  പുറത്തുവന്നിരുന്നു.

English Summary:

These cities will vanish underwater in less than 75 years

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com