ആ പട്ടെല്ലാം ‘നോൺ വെജ്’: താമര തണ്ടിൽ നിന്നും ‘വെജ്’ പട്ടുവസ്ത്രം; കർഷകർക്കും നേട്ടം

Mail This Article
നിരവധി തുണിത്തരങ്ങൾ ലഭ്യമാണെങ്കിലും വിശേഷദിവസങ്ങളിൽ താരമാകുന്നത് പട്ടുവസ്ത്രങ്ങളാണ്. ആയിരക്കണക്കിന് പട്ടുനൂൽ പുഴുക്കളെ കൊന്നാണ് ഒരു സാരി നിർമിക്കുന്നത്. പട്ടുനൂൽ പുഴു അതിന്റെ കൊക്കൂൺ ഉണ്ടാക്കാനായി ശ്രവിക്കുന്ന ദ്രവം കട്ടിയായി ഉണ്ടാവുന്നതാണ് പട്ടുനൂൽ. ഒരു സാരി നിർമാണത്തിന് വലിയ പ്രയത്നം ഉള്ളതുകൊണ്ടാണ് പട്ടുവസ്ത്രങ്ങൾക്ക് ലക്ഷങ്ങൾ കൊടുക്കേണ്ടി വരുന്നത്. പട്ടുനൂല്‍ പുഴുവിൽ നിന്നും ഉണ്ടാകുന്ന പട്ടിനെ നോൺ വെജിറ്റേറിയൻ പട്ട് എന്നാണ് ഇപ്പോൾ വിളിക്കുന്നത്. അപ്പോൾ വെജിറ്റേറിയൻ പട്ട് എന്താണ്?
താമര ഇലകളുടെ തണ്ടിൽ നിന്നും ലഭിക്കുന്ന നൂൽകൊണ്ട് നിർമിക്കുന്നതാണ് വെജിറ്റേറിയൻ പട്ട്. താമരനൂൽ 40% ത്തോളം സെല്ലുലോസും ബാക്കി ഹെമീസെല്ലുലോസും സസ്യകാഠിന്യ വസ്തുവായ ലിഗ്നിനും ആണ്, പ്രോട്ടീൻ ഇല്ല. താമര തണ്ടുകൾ പൊട്ടിച്ച് വലിക്കുമ്പോൾ പൊട്ടിച്ച അഗ്രങ്ങളിൽ നിന്നും നീണ്ടുവരുന്ന നേർത്ത നൂലുകൾ കാണാം. വളരെ നേർത്ത ഈ നൂലുകളെ താമരനൂലുകൾ എന്നാണ് വിളിക്കുക. ഈ നേർത്ത നൂലുകളെ കൂട്ടിച്ചേർത്ത് പിരിച്ചെടുത്ത് ഉണ്ടാക്കുന്ന അൽപം കട്ടിയേറിയ നൂലുകളാണ് പട്ട് വസ്ത്രങ്ങൾ ഉണ്ടാക്കാനായി ഉപയോഗിക്കുന്നത്. ഒരു തുണി നെയ്ത്തുകാരന് ആവശ്യമായ നൂൽ ഉണ്ടാക്കാൻ ഏകദേശം 25 പേർ വേണ്ടിവരും. താമരപട്ട് ഉണ്ടാക്കിയെടുക്കാൻ കഠിനാധ്വാനവും സമയവും ആവശ്യമാണ്.

കേവലം ഒരു മീറ്റർ വേഗൻ പട്ടിനു 4000 രൂപയ്ക്ക് അടുത്താണ് വില. പ്രസിദ്ധ ഫാഷൻ ബ്രാൻഡായ ലോറോ പിയാന ഈ വേഗൻ പട്ട് കൊണ്ടുള്ള ജാക്കറ്റ് 5600 ഡോളറിന് ആണ് വിൽപ്പനയ്ക്ക് വച്ചിട്ടുള്ളത് ( ഏകദേശം 5 ലക്ഷം രൂപ). താമരത്തണ്ടിൽ നിന്ന് നിർമിച്ച വസ്ത്രങ്ങൾക്ക് വിദേശ രാജ്യങ്ങളിൽ വലിയ ഡിമാൻഡാണ്. ഇത് താമര കൃഷിയിലും തുണി വ്യവസായത്തിലും പുതിയ സാധ്യതകൾ തുറന്നിട്ടുണ്ട്.

വിയറ്റ്നാമിലും മ്യാന്മറിലും കംബോഡിയയിലും മറ്റുമാണ് താമരയിൽ നിന്നുള്ള പട്ട് ഉൽപാദനം ഇപ്പോൾ നിലവിലുള്ളത്. ഇന്ത്യയിൽ മണിപ്പൂരിലും അടുത്ത കാലത്ത് ഒരു വിദ്യാർഥി ആരംഭിച്ചിട്ടുണ്ട്. ബിജിയശാന്തി ടോങ്‌ബ്രാം എന്ന 27കാരി ലോക്‌ടാക് തടാകത്തിൽ നിന്ന് ശേഖരിക്കുന്ന താമരത്തണ്ടുകളിൽ നിന്ന് പട്ട് നാരുകളുണ്ടാക്കുകയും ഈ നൂൽ ഉപയോഗിച്ച് ഷാളുകൾ, നെക്ക്ടൈകൾ, മറ്റ് വസ്ത്രങ്ങൾ നെയ്യുകയും ചെയ്യുന്നുണ്ട്. പ്രധാനമന്ത്രി മോദി തന്റെ മൻ കി ബാത് റേഡിയോ പരിപാടിയിൽ ബിജിയശാന്തിയുടെ ഈ നൂതന ആശയങ്ങളെ പ്രശംസിച്ചിട്ടുണ്ട്.


തുടക്കം മ്യാന്‍മറിൽ
1900ങ്ങളിൽ മ്യാൻമറിലെ ഇൻ താ ഗോത്രത്തിലെ സാ ഊ എന്ന യുവതിയാണ് താമര നൂൽ ഉപയോഗിച്ചുള്ള വസ്ത്ര നിർമിച്ചതെന്ന് കരുതപ്പെടുന്നു. താനുണ്ടാക്കിയ താമര പട്ട് ഉറുമാൽ സമീപത്തുള്ള ഒരു ബുദ്ധമഠത്തിലെ സന്യാസിക്ക് അവർ നൽകി. ബുദ്ധവിഗ്രഹങ്ങൾക്ക് ചാർത്താൻ സമാനമായ വസ്ത്രങ്ങൾ ഉണ്ടാക്കി നൽകുന്നത് അവർ തുടർന്നെങ്കിലും അവരുടെ ജീവിതകാല ശേഷം അത് നിന്നുപോയി. താമരബുദ്ധമതത്തിലും ഏറെ ദിവ്യമായി കരുതുന്ന ഒരു പൂവാണ്. അടുത്ത കാലത്ത് അവരുടെ പിന്മുറക്കാർ താമര പട്ട് നിർമാണം പുനരാരംഭിച്ചിട്ടുണ്ട്.


പരിസ്ഥിതിക്ക് ഗുണകരം, വിലക്കൂടുതൽ
താമരപട്ടിന് വിവിധ ഗുണങ്ങൾ ഉള്ളതായി പറയപ്പെടുന്നു. ഇതൊരു സെല്ലുലോസിക് നാരും ഏറ്റവും മികച്ച ജല പ്രതിരോധശേഷിയുള്ള നാരുകളിലൊന്നുമാണ്. തണുപ്പുള്ളതും ഉറപ്പുള്ളതും വായുസഞ്ചാരമുള്ളതും ധരിക്കാൻ സുഖകരവുമാണ് ഒപ്പം നല്ല ഇലാസ്തികത ഇതിനുണ്ട്. ചുളിവുകൾ വീഴാത്ത നാരുകളാണിത്, ഈർപ്പം വലിച്ചെടുക്കുമെങ്കിലും പെട്ടെന്ന് ഉണങ്ങും. ഈ നാരുകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന തുണിത്തരങ്ങൾക്ക് അസാധാരണ ഗുണങ്ങളുണ്ട്. വിഷാംശമുള്ള രാസവസ്തുക്കൾ ഇതിൽ അടങ്ങിയിട്ടില്ല, അതിനാൽ ഇത് പരിസ്ഥിതി സൗഹൃദ ഉൽപാദനത്തിന് സഹായിക്കുന്നു. ഇതിന്റെ നിർമാണ പ്രക്രിയയിൽ ഗ്യാസ്, പെട്രോൾ, വൈദ്യുതി, അധികജലം എന്നിവയുടെ ആവശ്യമില്ല. അതിനാൽ തന്നെ കാർബൺ ന്യൂട്രൽ ആണ്.

പരമ്പരാഗത നെയ്ത്തുശാലകളിലാണ് തുണിത്തരങ്ങൾ നെയ്യുന്നത്. നെയ്ത്തിന്റെ സമയത്ത്, താമര നാരുകൾ തണുപ്പിക്കേണ്ടതിനാൽ, നൂലുകൾ ഇടയ്ക്കിടെ വെള്ളത്തിൽ നനയ്ക്കുന്നു. ഉണങ്ങി കട്ടിയായാൽ പിന്നെ നെയ്യുമ്പോൾ ഒടിയും എന്നതിനാൽ നൂൽ ഉണ്ടാക്കി താമസിക്കാതെ തന്നെ നെയ്ത്തിനു ഉപയോഗിക്കണം. അതിനാൽ തന്നെ നൂൽ ഉണ്ടാക്കൽ പ്രക്രിയ ഓരോ ദിവസവും ചെയ്യേണ്ടി വരും. ഒരു സ്കാർഫ് ഉണ്ടാക്കാൻ മാത്രം ഏകദേശം 120,000 തണ്ടുകൾ വേണമെന്നുമാണ് കണക്കാക്കുന്നത്. താമര സുലഭമാണെങ്കിലും താമരപട്ട് വിലയേറിയതാകാനുള്ള കാരണം ഇതാണ്.
(ലേഖകൻ പാലക്കാട് ഗവണ്‍മെന്റ് വിക്ടോറിയ കോളജ് ബോട്ടണി വിഭാഗം അസോഷ്യേറ്റ് പ്രഫസർ ആണ്.)