സന്ധിവാതത്തിന് ഉത്തമം; കടുവ മൂത്രം 596 രൂപയ്ക്ക് വിറ്റ് മൃഗശാല, നടപടി

Mail This Article
തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ വാതരോഗത്തിന് ഉത്തമമെന്ന് പറഞ്ഞ് കടുവ മൂത്രം വില്‍പന നടത്തി മൃഗശാല അധികൃതർ. യാൻ യാൻ ബിഫെങ്സിയ വന്യജീവി മൃഗശാലയിലാണ് സംഭവം. സന്ദർശകരിൽ ഒരാളാണ് സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. സൈബീരിയൻ കടുവകളിൽ നിന്ന് ശേഖരിച്ച മൂത്രം 50 യുവാന് (596 രൂപ) വിൽക്കുകയായിരുന്നു.
ഉളുക്ക്, പേശിവേദന എന്നിവയ്ക്ക് ഉപയോഗിക്കാമെന്ന് മൂത്രം വിൽക്കുന്ന കുപ്പിയിൽ എഴുതിയിട്ടുണ്ട്. വൈറ്റ് വൈനിൽ കടുവ മൂത്രം കലർത്തി ഇഞ്ചി കഷ്ണങ്ങൾ കൊണ്ട് വേദനയുള്ള ഭാഗത്ത് പുരട്ടുന്നത് ഗുണകരമാണെന്ന് മൃഗശാല അധികൃതർ അവകാശപ്പെടുന്നു. കടുവമൂത്രം കുടിക്കാമെന്നും എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ വൈദ്യസഹായം തേടണമെന്നും മുന്നറിയിപ്പ് ഉണ്ട്.
സംഭവം വൈറലായതോടെ മൂത്രം വിൽപ്പന നടത്തിയവർക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തങ്ങൾക്ക് കടുവയുടെ മൂത്രം വിൽക്കാനുള്ള ബിസിനസ് ലൈസൻസ് ഉണ്ടെന്നാണ് മൃഗശാല അധികൃതർ പറയുന്നത്. ചൈനയിൽ വംശനാശ ഭീഷണി നേരിടുന്ന മൃഗമാണ് കടുവ. അവയെ വേട്ടയാടുന്നവർക്ക് 10 വർഷം വരെ തടവും പിഴയും ലഭിക്കും.