145,000 ടോയ്‌ലറ്റുകൾ; ജലശുദ്ധീകരണ ശാലകൾ: കോടിജനങ്ങൾ എത്തുന്ന മഹാകുംഭമേളയിലെ മാലിന്യനിർമാർജനം എങ്ങനെ?

Mail This Article
ലോകത്തിലെ തന്നെ ഏറ്റവും വലിയ തീർത്ഥാടക സംഗമമായ മഹാകുംഭമേളയിൽ പങ്കെടുക്കാൻ ദിനംതോറും കോടിക്കണക്കിന് തീർത്ഥാടകരാണ് ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലേക്ക് എത്തുന്നത്. ഗംഗ, യമുന, സരസ്വതി എന്നീ നദികൾ സംഗമിക്കുന്നയിടത്താണ് ഇത്തവണത്തെ മഹാകുംഭമേള. കുംഭമേള സമയത്ത് ഈ നദികളിലെ വെള്ളം അമൃതാകുമെന്നും അതിൽ കുളിച്ചാൽ പാപങ്ങളെല്ലാം നീങ്ങി മോക്ഷം ലഭിക്കുമെന്നുമാണ് വിശ്വാസം. അതുകൊണ്ട് തന്നെ നദികളിൽ സ്നാനം ചെയ്യുന്നതിനാണ് പ്രാധാന്യം. എന്നാൽ നിത്യവും കോടിക്കണക്കിന് ഭക്തർ സ്നാനം നടത്തുന്ന ഈ നദികളിലെ വെള്ളം എത്രത്തോളം സുരക്ഷിതമാണെന്നാണ് പലരുടെയും ആശങ്ക.

മലിനീകരണ നിയന്ത്രണ ബോർഡിലെ ഉദ്യോഗസ്ഥർ എല്ലാ ദിവസവും വെള്ളം പരിശോധിക്കുന്നുണ്ടെന്ന് അഡീഷനൽ ജില്ലാ മജിസ്‌ട്രേറ്റ് വിവേക് ചതുർവേദി പറഞ്ഞു. വെള്ളത്തിൽ എത്തുന്ന പൂജാ സാധനങ്ങൾ, പൂക്കൾ, നാളികേരം തുടങ്ങിയവ നദിയിൽ നിന്നും ഓരോ രണ്ടു മണിക്കൂറിലും നീക്കം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. ഇത്തവണ 7000 കോടി രൂപയാണ് ഉത്തർപ്രദേശ് സർക്കാർ കുംഭമേളയ്ക്കായി അനുവദിച്ചത്. അതിൽ 1600 കോടി രൂപയും ജല, മാലിന്യ സംസ്കരണത്തിനാണ് ചെലവഴിക്കുക. 145,000 ടോയ്‌ലറ്റുകൾ, സെപ്റ്റിക് ടാങ്കുകളിൽ നിന്നുള്ള മാലിന്യം നീക്കം ചെയ്യാനായിട്ടുള്ള ആധുനിക സംവിധാനം, താല്ക്കാലിക ഡ്രെയ്നേജ്, ജല ശുദ്ധീകരണ ശാലകൾ തുടങ്ങി ഒട്ടനവധി സംവിധാനങ്ങൾ സർക്കാർ ഒരുക്കിയിട്ടുണ്ട്.

എന്നാൽ ലക്ഷക്കണക്കിന് ഭക്തർ സ്നാനം ചെയ്യുന്ന നദികളിലെ വെള്ളത്തിന്റെ ഗുണനിലവാരം എത്രത്തോളം സുരക്ഷിതമാണെന്ന ചോദ്യം പലയിടത്തുനിന്നും ഉയരുന്നുണ്ട്. ഈ വർഷത്തെ മഹാകുംഭമേളയ്ക്ക് 2 മാസം മുൻപ് നടത്തിയ പരിശോധനയിൽ വെള്ളത്തിൽ കോളിഫോം ബാക്റ്റീരിയയുടെ അളവ് കൂടുതലായിരുന്നു. കുംഭമേളയ്ക്ക് മുന്നോടിയായി ദേശീയ ഹരിത ട്രൈബ്യൂണലിന്റെ പ്രിൻസിപ്പൽ ബെഞ്ച്, ഉത്തർപ്രദേശ് സർക്കാരിനോടും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിനോടും ഗംഗ, യമുന നദികളിലെ ജലം കുടിക്കാനും കുളിക്കാനും യോഗ്യമാണെന്ന് ഉറപ്പാക്കണമെന്ന് ഉത്തരവിട്ടിരുന്നു. സംസ്‌കരിച്ച മലിനജലം നദികളിലേക്ക് പുറന്തള്ളുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും നിർദ്ദേശിച്ചിരുന്നു. പ്രയാഗ്‌രാജ് ജില്ലയിലെ അഴുക്കുചാലുകളിൽ നിന്ന് ശുദ്ധീകരിക്കാത്ത മലിനജലം ഗംഗയിലേക്ക് പുറന്തള്ളുന്നതിനെക്കുറിച്ചുള്ള നിരവധി പരാതികൾ നേരത്തെ സർക്കാരിന് ലഭിച്ചിട്ടുണ്ട്.

ഗംഗാ ജലം സ്നാനം ചെയ്യാൻ സുരക്ഷിതമാണെന്നും വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പു വരുത്തുണ്ടെന്നും യുപി ചീഫ് സെക്രട്ടറി മനോജ് കുമാർ സിങ് പറഞ്ഞു, നദിയിലേക്ക് ചെരുപ്പുകളും വസ്ത്രങ്ങളും വലിച്ചെറിയരുതെന്നും തീർത്ഥാടകർക്ക് നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ കുംഭമേള പ്ലാസ്റ്റിക് മുക്തമാക്കാൻ തുണി ബാഗുകളും സ്റ്റീൽ പാത്രങ്ങളും ഗ്ലാസുകളും സംഘാടകർ തീർത്ഥാടകർക്ക് നൽകുന്നുണ്ട്. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയും (ISRO) ഭാഭാ ആറ്റോമിക് ഗവേഷണ കേന്ദ്രവും (BARC) മലിനജല സംസ്കരണത്തിനുള്ള സംവിധാനങ്ങൾക്ക് വിവിധ സഹായങ്ങൾ നൽകുന്നു. മനുഷ്യ മാലിന്യങ്ങളും ചാരനിറത്തിലുള്ള വെള്ളവും സംസ്കരിക്കുന്നതിനായി ഒരു ഹൈബ്രിഡ് ഗ്രാനുലാർ സീക്വൻസിങ് ബാച്ച് റിയാക്ടർ (hgSBR) സ്ഥാപിച്ചിട്ടുണ്ട്. അതേസമയം മാലിന്യ നിർമാർജനത്തിനായി പലവിധ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും ഗംഗയും യമുനയും വൃത്തിയായില്ലെന്നു വേണം കരുതാൻ. കാരണം രണ്ടു നദികളിലും പലതവണകളായി മത്സ്യങ്ങൾ ചത്തുപൊങ്ങിയിരുന്നു. ഗംഗയുടെ ശുദ്ധീകരണത്തിനായി കേന്ദ്ര സർക്കാർ 2014 ൽ തുടങ്ങിയ 'നമാമി ഗംഗ' പദ്ധതിക്കായി ചെലവിട്ട 40,000 കോടി രൂപയ്ക്ക് എന്തു സംഭവിച്ചുവെന്നാണ് വിമർശകർ ചോദിക്കുന്നത്.

45 കോടി തീർത്ഥാടകർ ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെ നീണ്ടു നിൽക്കുന്ന മഹാ കുംഭമേളയിൽ പങ്കെടുക്കുമെന്നാണ് സർക്കാരിന്റെ കണക്ക്. ഇത്രയും പേർ സ്നാനം ചെയ്യുമ്പോൾ കുംഭമേള അവസാനിക്കുമ്പോഴേക്കും ഗംഗാ നദിയുടെ ആവാസ വ്യവസ്ഥ തന്നെ താളം തെറ്റുമോയെന്നും ആശങ്കയുണ്ട്.