ADVERTISEMENT

ഓസ്‌ട്രേലിയക്കാരുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ് യാബി. ലോബ്‌സ്റ്ററുകളുമായി ബന്ധമുള്ള ഈ ചെറിയ ജീവികൾ, ക്രേഫിഷ് എന്നും അറിയപ്പെടുന്നു. യാബികളെ പിടികൂടാനായി പ്രത്യേകതരം വലകൾ ഉപയോഗിക്കുന്നത് ഓസ്‌ട്രേലിയയിൽ പതിവാണ്. ഓപ്പറ ഹൗസ് നെറ്റുകൾ എന്നറിയപ്പെടുന്ന ഈ വലകൾ മൊത്തത്തിൽ ബന്ധവസ്സേകുന്നതാണ്. എന്നാൽ ഈ വലകൾ മറ്റൊരു കൂട്ടം ജീവികൾക്ക് അപകടക്കെണിയൊരുക്കുന്നുണ്ട്. ഓസ്‌ട്രേലിയയിൽ മാത്രം കാണപ്പെടുന്ന അപൂർവജീവികളായ പ്ലാറ്റിപ്പസുകളെയാണ് ഇവ ബാധിക്കുന്നത്. 6 കോടി വർഷം പഴക്കമുള്ള ഈ ജീവികളെ സംരക്ഷിക്കാനായി വിക്ടോറിയ സംസ്ഥാന സർക്കാർ ഇത്തരം വലകൾ ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു. പിന്നീട് ഓസ്ട്രേലിയൻ പരിസ്ഥിതി പ്രവർത്തകരുടെ ഇടപെടലോടെ ക്വീൻസ്‌ലൻഡ് ഒഴികെയുള്ള സ്ഥലങ്ങളിലും നിരോധനം ഏർപ്പെടുത്തി. ക്വീൻസ്‌ലൻഡിനു മേലും വലനിരോധനം നടപ്പാക്കാനുള്ള സമ്മർദ്ദം ശക്തമാണ്.

പ്ലാറ്റിപ്പസിനെ ആദ്യമായി  ഓസ്‌ട്രേലിയയിൽ കണ്ടെത്തിയ കാലത്ത് ഇതു പക്ഷിയാണോ, മൃഗമാണോ, ഉരഗമാണോ മീനാണോ എന്നു പോലും തീർച്ചയാക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു ഗവേഷകർക്ക്. ‘താറാവിനു സമമായ കൊക്കുകൾ, നീർനായയുടേതു പോലുള്ള ശരീരം, നായ്ക്കളുടേതു പോലെ നാലു കാലുകൾ അതിൽ കോഴിയുടേത് പോലെ ചേർന്നിരിക്കുന്ന തോൽക്കാലുകൾ...’–1799ൽ തന്റെ പരീക്ഷണശാലയിൽ സ്പിരിറ്റ് കുപ്പിയിലടച്ചെത്തിയ ജീവിയെ കണ്ടു ഞെട്ടിയ ജീവശാസ്ത്ര വിദഗ്ധനായ ജോർജ് ഷായുടെ നിരീക്ഷണം ഇങ്ങനെയായിരുന്നു.

(Photo:X/@Visceral9000)
(Photo:X/@Visceral9000)

ബ്രിട്ടിഷ് കോളനിയായിരുന്ന ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ നിന്നായിരുന്നു ഈ ജീവി എത്തിയത്. പറ്റിക്കാനായി ആരോ താറാവിന്റെയും മറ്റു ജീവികളുടെയും തലയും ശരീരവുമൊക്കെ തുന്നിച്ചേർത്തു ഒരു ജീവിയെ കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് ജോർജ് ഷാ ആദ്യം സംശയിച്ചു. അദ്ദേഹം ആ ജീവിയുടെ ശരീരത്തിന്റെ ഓരോ ഇഞ്ചും പരിശോധിച്ചു. ഒടുവിൽ ഇതു ശരിക്കും ഒരു ജീവി തന്നെയാണെന്ന് അദ്ദേഹത്തിനു ബോധ്യപ്പെട്ടു. താമസിയാതെ പ്ലാറ്റിപ്പസ് അക്കാലത്തെ യൂറോപ്യൻ ശാസ്ത്രചർച്ചകളിലെ സ്ഥിരം വിഷയമായി മാറി. വെള്ളത്തിലേക്കിറങ്ങിയാണ് ഇവയുടെ തീറ്റതേടൽ. വെള്ളത്തിന്റെ അടിത്തട്ടിലേക്കു പോയശേഷം താഴെയുള്ള പ്രാണികളെയും പുഴുക്കളെയും കൊഞ്ചിനെയും വാൽമാക്രികളെയുമൊക്കെ അകത്താക്കും. ഒപ്പം കുറച്ച് കല്ലുകളും.

പല്ലില്ലാത്ത ജീവിയായതിനാൽ ഭക്ഷണം അരച്ചെടുക്കാനാണ് കല്ലുകൾ. ഒറ്റത്തവണ തന്റെ ശരീരഭാരത്തിന്റെ പകുതിയോളം തീറ്റ ഈ വിദ്വാൻ അകത്താക്കുമെന്നാണ് പറയപ്പെടുന്നത്. വളരെ മിടുമിടുക്കനും ചുറുചുറുക്കുള്ളവനും ആയതിനാൽ പ്ലാറ്റിപ്പസിന് ധാരാളം ഭക്ഷണം വേണം. മുട്ടയിടുന്ന ഒരേയൊരു സസ്തനികുടുംബമായ മോണോട്രീമിലെ അംഗമാണ്.  സ്രാവുകളെ പോലെ ഇലക്ട്രിക് സിഗ്‌നലുകൾ ഉപയോഗിച്ചാണ് പ്ലാറ്റിപ്പസ് ഇര തേടുന്നത്. ദിവസത്തിൽ 12 മണിക്കൂറോളം സമയം പ്ലാറ്റിപ്പസ് വെള്ളത്തിലായിരിക്കുമെന്ന് ഗവേഷകർ പറയുന്നു. പ്ലാറ്റിപ്പസിന്റെ കാലിൽ ഒരു ചെറിയ മുള്ളുണ്ട്. ഇതിലൂടെ നല്ല ഒന്നാന്തരം വിഷം ആളുകളുടെ ശരീരത്തിലേക്കു കുത്തിവയ്ക്കാനാകും. ഇതുകൊണ്ട് മരണം സംഭവിക്കില്ലെങ്കിലും ശക്തമായ വേദന മാസങ്ങളോളം നിലനിൽക്കും.

ദിനോസറുകൾ ഭൂമിയിൽ വിഹരിച്ചു നടന്ന കാലം മുതൽ പ്ലാറ്റിപ്പസ് ഭൂമിയിൽ ജീവിക്കുന്നുണ്ടെന്നാണ് പറയുന്നത്. മാമൽസ് അഥവാ സസ്തനികൾ ഇന്നു ഭൂമിയിലെ ഏറ്റവും ആധിപത്യം പുലർത്തുന്ന ജീവിവർഗമാണ്. എന്നാൽ ദിനോസറുകളുടെ കാലഘട്ടത്തിൽ ഭൂമി ഭരിച്ചിരുന്നത്, അവ കൂടി ഉൾപ്പെട്ട ഉരഗജീവി വർഗമാണ് (റെപ്റ്റീലിയൻസ്).അന്ന് സസ്തനികൾ നാമമാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്നത്തെ പ്രാചീന സസ്തനി കുടുംബത്തിൽപ്പെട്ട ജീവിയാണ് പ്ലാറ്റിപ്പസ്.

കടുത്ത ബ്രൗൺനിറമുള്ള പ്ലാറ്റിപ്പസ് ജീവികളെ അൾട്രാവയലറ്റ് രശ്മികൾക്കു കീഴിൽ വയ്ക്കുമ്പോൾ ഇവയുടെ ശരീരത്തിൽ പച്ചകലർന്ന നീല നിറത്തിൽ ഒരു തിളക്കം ഉണ്ടാകാറുണ്ട്. എന്തുകൊണ്ടാണ് ഇതു സംഭവിക്കുന്നതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. പഗിൾ എന്നാണ് പ്ലാറ്റിപ്പസിന്റെ കുട്ടികൾ അറിയപ്പെടുന്നത്. നീണ്ടുനിൽക്കുന്ന വരൾച്ച, ഓസ്‌ട്രേലിയയിലെ കാട്ടുതീ ബാധകളായ ബുഷ്ഫയറുകൾ, കാലാവസ്ഥാ വ്യതിയാനം, വന നശീകരണം എന്നിവ പ്ലാറ്റിപ്പസുകളുടെ ആവാസവ്യവസ്ഥയെ പരുങ്ങലിലാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com