ADVERTISEMENT

ജനുവരി അവസാനിക്കുന്നതിനു മുൻപേ ചൂട് പൊള്ളിച്ചു തുടങ്ങി. സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ചൂടു ശക്തമാകുമെന്നാണു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം കഴിഞ്ഞദിവസം രാജ്യത്തെ ഉയർന്ന ചൂട് പുനലൂരിലും സോളപ്പൂരിലും (35.8°c ) രേഖപ്പെടുത്തി. മുൻപുള്ള ദിവസങ്ങളിൽ കണ്ണൂർ വിമാനത്താവളത്തും കോട്ടയത്തുമായിരുന്നു ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടിരുന്നത്. രേഖപ്പെടുത്തുന്ന ചൂടിനേക്കാൾ കൂടുതലാണ് അനുഭവപ്പെടുന്ന ചൂട്. പല പ്രദേശങ്ങളിലും ഇപ്പോൾത്തന്നെ ശുദ്ധജലക്ഷാമം നേരിടുന്നുണ്ട്. സ്വാഭാവിക ജലസ്രോതസ്സുകൾ പലതും വറ്റിത്തുടങ്ങി. പൊള്ളുന്ന ചൂട് കാർഷിക മേഖലയെയും ആശങ്കയിലാക്കുന്നു.

മഴ ഇതു പോരാ

കഴിഞ്ഞവർഷം നാലു മഴ സീസണുകളിലായി കോട്ടയം ജില്ലയിൽ പെയ്തത് 2,754.6 മില്ലിമീറ്റർ മഴ. ലഭിക്കേണ്ട മഴ 3,606.9 മില്ലിമീറ്റർ. 24 % മഴക്കുറവ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട കണക്കു പ്രകാരമാണിത്.  കഴിഞ്ഞ ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള തുലാവർഷക്കാലത്ത് സാധാരണ തോതിൽ മഴ ലഭിച്ചിരുന്നു. എന്നാൽ, ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലവർഷക്കാലത്ത് 33 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വേനൽ മഴയിലും (മാർച്ച് മുതൽ മേയ് വരെ) 19% കുറവുണ്ടായി. അതേസമയം ജനുവരി, ഫെബ്രുവരി മാസങ്ങളിലായി റെക്കോർഡ് മഴയാണ് ജില്ലയിൽ ലഭിച്ചത്.

തൃശൂരിൽ നിന്നുള്ള കാഴ്ച (ചിത്രം: ഉണ്ണി കോട്ടയ്ക്കൽ ∙ മനോരമ)
(ചിത്രം: ഉണ്ണി കോട്ടയ്ക്കൽ ∙ മനോരമ)

ആശങ്കയായി വന്യമൃഗ ശല്യവും

പലയിടത്തും എല്ലാക്കാലത്തും വന്യമൃഗശല്യം ഉണ്ടെങ്കിലും, വേനലിൽ ഇതു കൂടുതൽ രൂക്ഷമാകുന്നതാണ് പതിവ്. വനത്തിനുള്ളിലെ ജലലഭ്യത കുറയുന്നതാണ് വന്യമൃഗങ്ങൾ ദാഹജലവും തണലും തേടി കാടിറങ്ങാൻ പ്രധാന കാരണം. കാട്ടാനയും കാട്ടുപോത്തും മാനും മ്ലാവും കുരങ്ങും ഉൾപ്പെടെയുള്ള മൃഗങ്ങൾ തീറ്റയും ദാഹജലവും തേടി ജനവാസ മേഖലകളിലേക്കാണ് എത്തുന്നത്. വന്യമൃഗങ്ങൾ വെള്ളം കുടിച്ചിരുന്ന അരുവികളും നീരുറവകളും വറ്റിത്തുടങ്ങിയതോടെയാണ് ഇവ കാടിറങ്ങി പുഴകളും തോടുകളും തേടിയെത്തുന്നത്. വനമേഖലകളിൽ കാട്ടുതീ പടരുന്നതും വേനൽ കടുക്കുമ്പോഴാണ്. ഇതും വന്യമൃഗങ്ങൾ കാടിറങ്ങാൻ കാരണമാകുന്നുണ്ട്.

വേനൽ കത്തും

വേനൽ കടുത്തതോടെ മലയോര മേഖലകളിലെ വിവിധ സ്ഥലങ്ങളിൽ കഴി‍ഞ്ഞ ദിവസങ്ങളിൽ അഗ്നിബാധയുണ്ടായി. തോട്ടങ്ങളിൽ തീപടരുന്നത് ഭീഷണിയാണ്.  പാടങ്ങളിലും ഒഴിഞ്ഞ പ്രദേശങ്ങളിലും തീപടരുന്നുണ്ട്. വനമേഖലയിൽ കാട്ടുതീ പടരുമ്പോൾ ഇഴജന്തുക്കളും കാട്ടുമൃഗങ്ങളും അടക്കം നാട്ടിലേക്ക് ഇറങ്ങുന്നതും മുൻ കാലങ്ങളിൽ പതിവായിരുന്നു. റബർ തോട്ടങ്ങളിൽ സ്വാഭാവികമായ ഇലപൊഴിയും കാലമാണ്. ഇതും തീപിടിത്ത സാധ്യത വർധിപ്പിക്കുന്നു. മലയോര മേഖലകൾ കേന്ദ്രീകരിച്ച് താൽക്കാലിക അഗ്നിരക്ഷാ കേന്ദ്രങ്ങൾ വേണമെന്ന ആവശ്യവും ശക്തമാണ്. മലയോര മേഖലകളിൽ വലിയ വാഹനങ്ങൾക്കു കടന്നു ചെല്ലാൻ സാധിക്കില്ല. ചെറിയ ടാങ്കറും കൂടുതൽ ട്രോളി വാട്ടർ മിസ്റ്റുകളും വേണമെന്നാണ് ആവശ്യം.

തീ: ശ്രദ്ധിക്കണം

അശ്രദ്ധ മൂലമാണ് കൂടുതലും തീപിടുത്തമുണ്ടാകുന്നത്. കത്തിച്ച സിഗരറ്റ് അലക്ഷ്യമായി വലിച്ചെറിയുന്നതും കൃഷിക്കായി അടിക്കാട് തെളിച്ച് കത്തിക്കുന്നതും തീപിടിത്തത്തിന് കാരണമാകുന്നു. ഉണങ്ങിയ ഓല, മരത്തിന്റെ ശിഖരങ്ങൾ എന്നിവ വൈദ്യുതി ലൈനിൽ ഉരസിയും തീ പടരുന്നു.

പരിഹാരം

∙താമസ സ്ഥലത്തിന്റെയും പുരയിടങ്ങളുടെയും അതിർത്തിയിലും റോഡ് സൈഡിലും ഫയർ ബെൽറ്റ് സ്ഥാപിക്കണം.

∙ഉണങ്ങിയ പുല്ലും ഇലകളും കുറഞ്ഞത് പത്ത് അടിയെങ്കിലും വീതിയിൽ ചെത്തി മാറ്റിയാണ് ഫയർ ബെൽറ്റ് നിർമിക്കുന്നത്. ഇങ്ങനെ കൂടുതൽ സ്ഥലങ്ങളിലേയ്ക്ക് തീ പടരാതിരിക്കാൻ സാധിക്കും.

∙ചപ്പുചവറുകൾ കത്തിച്ച് ശേഷം കെടുത്തിയെന്ന് ഉറപ്പ് വരുത്തുക.

∙സിഗരറ്റ് ഉൾപ്പെടെയുള്ളവ പൂർണമായും തീ കെടുത്തിയ ശേഷം ഉപേക്ഷിക്കുക.

∙ചെറിയ സ്ഥലത്ത് തീ പടർന്നാൽ കെടുത്താൻ പ്രയാസമായി തോന്നിയാൽ ചുറ്റുപാടും തെളിച്ചു കൊടുത്ത് തീ കൂടുതൽ പ്രദേശങ്ങളിലേക്കു വ്യാപിക്കാതെ നോക്കുക.

ആരോഗ്യ കാര്യത്തിൽ  വേണം ജാഗ്രത

ചൂടു കൂടുന്ന സാഹചര്യത്തിൽ സൂര്യാതപം ഏൽക്കാതിരിക്കാൻ ജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണം. ധാരാളമായി വെള്ളം കുടിക്കുക, വെയിലത്തു പണി ചെയ്യേണ്ടിവരുമ്പോൾ ജോലിസമയം ക്രമീകരിക്കുക, ചുരുങ്ങിയത് ഉച്ചയ്ക്കു 12 മുതൽ മൂന്നുവരെയുള്ള സമയം വിശ്രമിച്ചു രാവിലെയും വൈകിട്ടുമുള്ള സമയം ജോലി ചെയ്യുക, കുട്ടികളെ വെയിലത്തു കളിക്കാൻ അനുവദിക്കരുത്. കട്ടികുറഞ്ഞ വെളുത്തതോ ഇളം നിറത്തിലോ ഉള്ളതായ വസ്ത്രങ്ങൾ ധരിക്കുന്നതാണു നല്ലത്. വെയിലത്ത് പാർക്ക് ചെയ്യുന്ന കാറുകളിലും മറ്റും കുട്ടികളെ ഇരുത്തിയിട്ടു പോകരുത്.

English Summary:

India Sizzles: January Heatwave Brings Water Crisis and Wildlife Threat

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com