ടോയ്‌ലറ്റിലെ വെള്ളം കുടിച്ചു, അഴുകിയ ഭക്ഷണം കഴിച്ചു; കൊടുംചൂടിൽ ഒരുമാസം ജീവൻ പിടിച്ചുനിർത്തി ‘മിറാക്കിള്‍’

Mail This Article
മരണവക്കിലെത്തിയ ജീവികളുടെ അതിജീവന കഥകൾ പലപ്പോഴും അദ്ഭുതപ്പെടുത്തുന്നതും അവിശ്വസനീയവുമായിരിക്കും. അടുത്തിടെ ജപ്പാനിലും അങ്ങനെയൊരു സംഭവം നടന്നു. ഉടമ ഉപേക്ഷിച്ചുപോയ പെൺപൂച്ച കൊടുംചൂടിൽ അടച്ചിട്ട കെട്ടിടത്തിൽ ജീവിച്ചത് ഒരുമാസമാണ്. അനിമൽ റെസ്ക്യൂ ടാൻപോപ്പോ എന്ന സംഘടനയാണ് പൂച്ചയെ രക്ഷിച്ചത്. ‘മിറാക്കിള്‍’ എന്ന് പൂച്ചയ്ക്ക് പേരുമിട്ടു.
ഒറ്റപ്പെട്ടു കിടന്ന ഒരു ഫ്ലാറ്റിലാണ് മിറാക്കിൾ ഉണ്ടായിരുന്നത്. മദ്യ കുപ്പികളും അഴുകിത്തുടങ്ങിയ ഭക്ഷണങ്ങളും മാലിന്യങ്ങളും അവിടെയുണ്ടായിരുന്നു. ടോയ്‌ലറ്റിലെ വെള്ളം കുടിച്ചും അഴുകിയ ഭക്ഷണം കഴിച്ചുമാണ് പൂച്ച ഒരുമാസം അവിടെ നിന്നത്. മിറാക്കിളിനെ ടോയ്‌ലറ്റിൽ ബോധമില്ലാത്ത അവസ്ഥയിലാണ് കണ്ടെത്തിയത്. ആദ്യം മരിച്ചെന്നാണ് കരുതിയതെന്ന് സംഘടനയിലുള്ള ചിയാകി ഹോണ്ട പറഞ്ഞു.

കൊടുംചൂടും പട്ടിണിയും കാരണം പൂച്ചയുടെ ബോധം നഷ്ടപ്പെടുകയായിരുന്നു. ഉടൻതന്നെ പൂച്ചയെ മൃഗാശുപത്രിയിലേക്ക് മാറ്റുകയും ആവശ്യമായ ചികിത്സ നൽകുകയും ചെയ്തു. ഉടമയിൽനിന്ന് ശാരീരിക പീഡനം നേരിട്ടതിനാൽ ഭയം കയറുകയും മറ്റുള്ളവരെ കാണുമ്പോൾ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. പൂച്ചയുടെ തലച്ചോറിന് പരുക്കേറ്റിട്ടുണ്ടെന്നും അതിന്റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെന്നും ചിയാകി വ്യക്തമാക്കി.
സംഭവത്തിൽ പൂച്ചയുടെ ഉടമയായ 27കാരിയെ അറസ്റ്റ് ചെയ്തു. വാടകയ്ക്കെടുത്ത ഫ്ലാറ്റ് ആയിരുന്നുവെന്നും പൂച്ചയെ ഉപേക്ഷിച്ചു പോവുകയായിരുന്നുവെന്നും അവർ വ്യക്തമാക്കി.