കയാക്കിങ്ങിനിടെ കൂറ്റൻ തിമിംഗലം മുകളിലേക്ക്; പിതാവ് നോക്കിനിൽക്കെ യുവാവിനെ വായിലാക്കി; ഭയാനക ദൃശ്യം

Mail This Article
പിതാവിനൊപ്പം കയാക്കിങ് നടത്തുന്നതിനിടെ യുവാവിനെ കൂറ്റൻ തിമിംഗലം ആക്രമിച്ചു. ചിലെയിലെ പെറ്റാഗോണിയയിലാണ് സംഭവം. 24കാരനായ ആഡ്രിയൻ സിമാൻകസിനെ തിമിംഗലം വായിലാക്കുകയും നിമിഷനേരം കൊണ്ട് യുവാവിനെ പുറന്തള്ളുകയും ചെയ്തു. പിതാവ് ഡെൽ സിമാൻകസ് പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.
ശനിയാഴ്ചയാണ് സംഭവം. മുന്നിൽ നിൽക്കുന്ന പിതാവിന്റെ അടുത്തേക്ക് നീങ്ങുന്നതിനിടെ ആഡ്രിയന്റെ തൊട്ടരികിൽ കൂറ്റൻ തിമിംഗലം പൊങ്ങി. നിമിഷനേരം കൊണ്ട് യുവാവിനെ വായിലാക്കുകയും പുറന്തള്ളുകയും ചെയ്തു. ഉടന്‍തന്നെ യുവാവ് പിതാവിന്റെ അടുത്തേക്ക് പാഞ്ഞെത്തി. ഈ സമയത്തും തിമിംഗലം ആൻഡ്രിയനെ ചുറ്റിപറ്റി തന്നെ നിൽക്കുന്നുണ്ടായിരുന്നു. പിതാവ് ആശ്വസിപ്പിക്കുന്നത് വിഡിയോയിൽ കാണാം. മകൻ ബോട്ടിൽ പിടിച്ചതോടെ ഡെൽ വേഗത്തിൽ കരയിലേക്ക് നീങ്ങി.
വെള്ളത്തിൽ നിന്ന് പൊങ്ങിവന്നത് തിമിംഗലമാണെന്ന് മനസ്സിലായില്ലെന്നും വലിയ തിരമാലയാണെന്നാണ് ആദ്യം കരുതിയതെന്നും പിതാവ് ഡെൽ പറഞ്ഞു. തിമിംഗലം വിഴുങ്ങിയപ്പോൾ ജീവിതം അവസാനിച്ചെന്ന് കരുതി. എന്നാൽ വേഗത്തിൽ പുറത്തേക്ക് വരികയായിരുന്നു. കുറച്ചുകഴിഞ്ഞാണ് തനിക്ക് എന്താണ് സംഭവിച്ചതെന്ന് മനസ്സിലായതെന്ന് ആഡ്രിയൻ പറഞ്ഞു. പിതാവ് സുരക്ഷിതനാണോ എന്നാണ് താൻ ആദ്യം നോക്കിയതെന്നും യുവാവ് വ്യക്തമാക്കി. ഇനി കയാക്കിങ്ങിന് പോകുമോ എന്ന ചോദ്യത്തിന് ‘തീർച്ചയായും’ എന്നാണ് ഇരുവരുടെയും മറുപടി.