ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ സ്രാവിന്റെ ആക്രമണം; രണ്ടുകൈയും കടിച്ചെടുത്തു

Mail This Article
ബ്രിട്ടീഷ് അധീനതയിലുള്ള ചെറുദ്വീപായ ടർക്കസ് ആന്റ് കൈക്കോസിലെ കടൽതീരത്ത് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ 55കാരിയെ സ്രാവ് ആക്രമിച്ചു. കനേഡിയൻ വിനോദസഞ്ചാരിയായ നതാലി റോസ്, സ്രാവുമായി ഫോട്ടോയെടുക്കാൻ ശ്രമിക്കുന്നതിനിടെ ഇരുകൈകകളും സ്രാവ് കടിച്ചെടുക്കുകയായിരുന്നു.
തോംസൺ കോവ് ബീച്ചിന് സമീപം വെള്ളിയാഴ്ചയാണ് ഈ ദാരുണസംഭവം അരങ്ങേറിയത്. കുടുംബാംഗങ്ങൾ നോക്കിനിൽക്കെയാണ് ആക്രമണമുണ്ടായത്. ഉടൻതന്നെ ഭർത്താവും കൂട്ടരും നതാലിയെ തീരത്തേക്ക് കൊണ്ടുവരുകയും ചോരയിൽപൂണ്ട ഇരുകൈകളെയും തുണിയിൽ പൊതിയുകയും ചെയ്തു. ഈ സമയവും സ്രാവ് തീരത്തുണ്ടായിരുന്നു.

വൈകാതെ പൊലീസും മെഡിക്കൽ ഉദ്യോഗസ്ഥരും എത്തി പ്രാഥമിക ചികിത്സ നൽകുകയും ചെഷയർ ഹാൾ മെഡിക്കൽ സെന്ററിലേക്ക് നതാലിയെ മാറ്റുകയും ചെയ്തു. ആറടിയോളം നീളമുള്ള സ്രാവ് ആണ് നതാലിയെ ആക്രമിച്ചതെന്നും ഏതിനമാണെന്നത് വ്യക്തമല്ലെന്നും കൈകോസ് ദ്വീപ് അധികൃതർ പറയുന്നു. ആക്രമണത്തിനുശേഷമുള്ള നതാലിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.