പകൽ ഉയർന്നചൂട് 6 ജില്ലകളിൽ; 3 ഡിഗ്രി സെൽഷ്യസ് വരെ താപനില വർധിക്കും: ഉത്തരേന്ത്യയും വിയർത്തു തുടങ്ങി

Mail This Article
തെന്നിന്ത്യയ്ക്ക് പിന്നാലെ ഉത്തരേന്ത്യയിലും പകൽ താപനില കൂടുന്നു. ജമ്മുകശ്മീരിൽ പകൽ താപനില സാധാരണയിലും 5°c കൂടുതലായിരിക്കുകയാണ്. ഡൽഹിയിലും താപനില വർധിച്ചു വരികയാണ്. ബെംഗളൂരുവിലും ഇതുവരെയില്ലാത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഫെബ്രുവരി 17ന് 35.9 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയത്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2.7 ഡിഗ്രി സെൽഷ്യസ് കൂടുതലാണ്.
അതേസമയം, കേരളത്തിൽ ഉയർന്ന താപനില വരും ദിവസങ്ങളിലും തുടരും. ചൊവ്വാഴ്ചയും ബുധനാഴ്ചയും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തിങ്കളാഴ്ച സംസ്ഥാനത്തെ ഉയർന്ന താപനില രേഖപ്പെടുത്തിയത് കണ്ണൂർ എയർപോർട്ടിലാണ് (36.8°c). കഴിഞ്ഞ വർഷം ഇതേ ദിവസവും ഉയർന്ന ചൂട് ( 37.9°c). ഇവിടെതന്നെയായിരുന്നു. അതേസമയം, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിലും പൊതുവെ ഉയർന്ന പകൽ ചൂട് രേഖപ്പെടുത്തി. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
ജാഗ്രത പാലിക്കണം
∙ പകൽ 11 മുതൽ ഉച്ചയ്ക്കു 3 വരെ കൂടുതൽ സമയം സൂര്യപ്രകാശം ശരീരത്തിൽ ഏൽക്കാതെ ശ്രദ്ധിക്കുക.
∙ പൊതുപരിപാടികളിൽ പങ്കെടുക്കുന്നവർക്കു ശുദ്ധജലം, തണൽ എന്നിവ ഉറപ്പാക്കണം. 11 മുതൽ 3 വരെയുള്ള സമയം ഒഴിവാക്കുക.
∙ ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ,കുട,തൊപ്പി എന്നിവ നിർബന്ധം.
∙ തീപിടിത്ത സാധ്യതയുള്ളയിടങ്ങളിൽ ഫയർ ഓഡിറ്റ് നടത്തി മുൻകരുതൽ സ്വീകരിക്കണം.
∙ ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്തു കെട്ടിയിടുന്നതും ഒഴിവാക്കണം.