ആദ്യം ചെറിയ മുറിവ്, പുഴുവരിച്ചതോടെ വലിയ ദ്വാരമായി; ഈ ചികിത്സ നേരത്തെ നൽകിയിരുന്നെങ്കിൽ...

Mail This Article
50 കിലോഗ്രാം പുല്ല്, ലീറ്റർ കണക്കിനു വെള്ളം! മസ്തകത്തിലെ ആഴത്തിലുള്ള മുറിവിൽ മരുന്നു നിറച്ചു, നേരിട്ടു മരുന്നു സ്പ്രേ ചെയ്തു, മരുന്നു കുത്തിവച്ചു...ബുധനാഴ്ച അതിരപ്പിള്ളി വനമേഖലയിൽ നിന്നു പിടികൂടി കോടനാട് അഭയാരണ്യത്തിൽ എത്തിച്ച കൊമ്പനെ തിരിച്ചുകൊണ്ടുവരാനായി ഡോക്ടർമാർ പല മാർഗങ്ങളും സ്വീകരിച്ചെങ്കിലും ഫലമുണ്ടായില്ല. രണ്ട് ദിവസത്തെ ചികിത്സയ്ക്ക് ശേഷം കൊമ്പൻ മരണത്തിനു കീഴടങ്ങി. ഈ ചികിത്സ നേരത്തെ ലഭിച്ചിരുന്നെങ്കിൽ ആന രക്ഷപ്പെട്ടേനെയെന്ന് നാട്ടാനകളെ ചികിത്സിക്കുന്ന ഡോ. പി.ബി.ഗിരിദാസ് ‘മനോരമ ഓൺലൈനോ'ട് പറഞ്ഞു.

‘അന്ന് ആനയ്ക്ക് വെടിയേറ്റതാണോ എന്ന് അറിയാൻ മെറ്റൽ ഡിറ്റക്ടർ വച്ച് പരിശോധിക്കുകയും മുറിവിൽ മരുന്ന് പുരട്ടി കാട്ടിലേക്ക് തിരിച്ചുവിടുകയുമായിരുന്നു. അങ്ങനെ ചെയ്യരുതായിരുന്നു. ആനയ്ക്ക് സ്വയം കൈകാര്യം ചെയ്യാൻ കഴിയുന്ന ഭാഗത്തല്ല മുറിവുണ്ടായിരുന്നത്. ഇപ്പോൾ കൊടുത്ത ചികിത്സ അന്ന് നൽകിയിരുന്നെങ്കിൽ ആന ചരിയില്ലായിരുന്നു.’– പി.ബി. ഗിരിദാസ് വ്യക്തമാക്കി.

ജനുവരി 15 മുതലാണ് മുറിവേറ്റ കൊമ്പനെ പ്ലാന്റേഷൻ എസ്റ്റേറ്റില്‍ കണ്ടുതുടങ്ങിയത്. പറമ്പിക്കുളത്തുണ്ടായ ആനപ്പോരിനിടെയാണ് കൊമ്പന് മസ്തകത്തിൽ മുറിവേറ്റത്. ആദ്യം രണ്ട് തുളകൾ പോലെയാണ് ഉണ്ടായിരുന്നത്. പിന്നീടതിൽ പുഴുവരിച്ച് വലിയ വ്രണമായി മാറുകയായിരുന്നു. വേദന സഹിക്കാനാകാതെ മുറിവിൽ ചെളി പൊത്തുന്ന കൊമ്പന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ജനുവരി 24നാണ് വനംവകുപ്പിന്റെ നേതൃത്വത്തിൽ ആദ്യ ചികിത്സ നൽകിയത്. പിന്നീട് മുറിവ് ഗുരുതരാവസ്ഥയിലെത്തിയതോടെ ഫെബ്രുവരി 19ന് ആനയെ മയക്കുവെടിവച്ച് പിടികൂടി. മുറിവിലെ പുഴുക്കളും ചെളിയും കഴുകിക്കളഞ്ഞ്, കുങ്കികളുടെ സഹായത്തോടെ ലോറിയിൽ കയറ്റിയാണു കോടനാട്ടെ പ്രത്യേക കൂട്ടിലേക്ക് ആനയെ മാറ്റിയത്. മസ്തകത്തിലെ മുറിവു തുമ്പിക്കൈയിലേക്ക് കൂടി വ്യാപിച്ചിരുന്നതിനാൽ ശ്വാസം പുറത്തു പോകുന്നതു മുറിവിലൂടെയായിരുന്നു. വെള്ളം കുടിക്കാനും പ്രയാസപ്പെട്ടിരുന്നു. വനംവകുപ്പ് ചീഫ് വെറ്ററിനറി സർജൻ ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചികിത്സിച്ചത്.
