അന്റാർട്ടിക്കയിൽ മറഞ്ഞുകിടക്കുന്നു 400 തടാകങ്ങൾ; നൂറിലേറെ അഗ്നിപർവതങ്ങൾ, ലക്ഷക്കണക്കിന് ഉൽക്കകൾ

Mail This Article
ദക്ഷിണധ്രുവ ഭൂഖണ്ഡമായ അന്റാർട്ടിക്ക മഞ്ഞ് തണുത്തുറഞ്ഞ ഒരു മരുഭൂമിയാണ്. എന്നാൽ അന്റാർട്ടിക്കയിലെ മഞ്ഞിനടിയിൽ അനേകം രഹസ്യങ്ങളുണ്ടെന്നു ഗവേഷകർ പറയുന്നു. അന്റാർട്ടിക്കയെ പൊതിഞ്ഞു നിൽക്കുന്ന ഐസിനടിയിൽ 400 തടാകങ്ങളുണ്ടെന്നാണു ശാസ്ത്രജ്ഞർ കരുതുന്നത്. ഗോണ്ട്വാനലാൻഡ് എന്ന ആദിമ മഹാഭൂഖണ്ഡത്തിൽ നിന്നു അന്റാർട്ടിക്ക പൊട്ടിമാറിയ കാലത്താണ് ഈ തടാകങ്ങൾ രൂപപ്പെട്ടതെന്ന് പുതിയ പഠനം പറയുന്നു. 1990ൽ അന്റാർട്ടിക്കയിലെ മറഞ്ഞ തടാകങ്ങളിലൊന്നായ വോസ്റ്റോക് കണ്ടെത്തിയിരുന്നു. മുകളിലെ ഐസ്പാളികളിൽ നിന്ന് മൂന്നരകിലോമീറ്റർ താഴ്ചയിൽ സ്ഥിതി ചെയ്യുന്ന ഈ തടാകം ജലത്തെ ഉൾക്കൊള്ളാവുന്ന അളവ് വച്ച് ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ പ്രകൃതിദത്ത തടാകമാണ്.
അന്റാർട്ടിക്ക ഒരുകാലത്ത് മഞ്ഞുഭൂമി അല്ലായിരുന്നെന്നും അന്നവിടെ വനങ്ങളും മൃഗങ്ങളുമൊക്കെ നിലനിന്നെന്നും വാദിക്കുന്ന ശാസ്ത്രജ്ഞർ ഏറെയാണ്. ഇക്കാരണത്താൽ തന്നെ ഐസിനടിയിൽ ചരിത്രാതീത കാലത്തെ ഫോസിലുകളും വനങ്ങളുടെ ശേഷിപ്പുകളുമൊക്കെ കണ്ടേക്കാമെന്ന് അവർ കണക്കുകൂട്ടുന്നു. ഇത്തരം ചില ഫോസിലുകൾ കണ്ടെത്തപ്പെട്ടിട്ടുമുണ്ട്.
നിലവിൽ 2 സജീവ അഗ്നിപർവതങ്ങളാണ് അന്റാർട്ടിക്കയിൽ. എന്നാൽ ഐസിനടിയിൽ നൂറോളം അഗ്നിപർവതങ്ങൾ ഉണ്ടെന്ന് ശാസ്ത്രജ്ഞർ സംശയിക്കുന്നുണ്ട്. മൗണ്ട് എരിബസ്, ഡിസപ്ഷൻ ഐലൻഡ് എന്നിവയാണ് ഇന്ന് അന്റാർട്ടിക്കയിൽ സജീവമായ അഗ്നിപർവതങ്ങൾ. ബെൽജിയത്തിലെ ബ്രസൽസിലുള്ള ഒരു സർവകലാശാല ആർട്ടിഫിഷൽ ഇന്റലിജൻസ് ഉപയോഗിച്ച് നടത്തിയ പഠനത്തിൽ 3 ലക്ഷത്തോളം ഉൽക്കകൾ അന്റാർട്ടിക്കയിൽ മറഞ്ഞിരിപ്പുണ്ടാകുമെന്നു കണ്ടെത്തിയിരുന്നു.

ഭൂമിയിൽ പതിച്ച ഉൽക്കകളിൽ കണ്ടെത്തപ്പെട്ടവയിൽ മൂന്നിലൊന്നും അന്റാർട്ടിക്കയിൽ നിന്നാണ്. അന്റാർട്ടിക്കയിൽ പതിക്കുന്ന ഉൽക്കകൾ ഭൂഖണ്ഡത്തിന്റെ ഐസ് പാളികളിലേക്ക് ആഴത്തിലിറങ്ങി പതിഞ്ഞിരിക്കാറാണ് പതിവ്. ഇവ നഗ്നനേത്രങ്ങൾ കൊണ്ട് കണ്ടെത്താൻ പ്രയാസമാണ്. എന്നാൽ, അന്റാർട്ടിക്കയിൽ നടത്തിയ വിവിധ ഖനന ദൗത്യങ്ങൾക്കിടയിൽ അവിചാരിതമായി ഒട്ടേറെയെണ്ണം കണ്ടെത്തപ്പെട്ടിട്ടുണ്ട്.
സൗരയൂഥത്തിന്റെയും പ്രപഞ്ചത്തിന്റെയും ഉത്ഭവമുൾപ്പെടെ മനുഷ്യരാശിക്കു വലിയ താൽപര്യമുള്ള കാര്യങ്ങളിൽ വിലപിടിപ്പുള്ള അറിവുകൾ നൽകുന്നവയാണ് ഭൂമിയിൽ പതിച്ചു മറഞ്ഞിരിക്കുന്ന ഉൽക്കകൾ. ശതകോടി കണക്കിനു വർഷങ്ങൾ മുൻപുള്ള ഛിന്നഗ്രഹങ്ങളിൽ നിന്നോ വാൽനക്ഷത്രങ്ങളിൽ നിന്നോ ഉള്ള അവശേഷിപ്പുകളാണ് കൂടുതൽ ഉൽക്കകളും എന്നതിനാൽ വാൽനക്ഷത്രങ്ങളുടെയും ഛിന്നഗ്രഹങ്ങളുടെയും സവിശേഷതകളെക്കുറിച്ച് സമഗ്രമായി പഠിക്കാൻ ഇവ വഴിയൊരുക്കുന്നു. ഇതുവരെ 45000ത്തിൽ അധികം ഉൽക്കകൾ അന്റാർട്ടിക്കയിൽ നിന്നു കണ്ടെത്തിയിട്ടുണ്ട്.