ADVERTISEMENT

കേരളം ഇനി കൊച്ചു കേരളമല്ല, ഭൂവിസ്തൃതിയിലൊഴികെ ബാക്കിയെല്ലാ മേഖലകളിലും കേരളം സാന്നിധ്യം വിപുലമാക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. രണ്ടു ദിവസമായി കൊച്ചിയിൽ നടന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബൽ ഉച്ചകോടിയുടെ സമാപന വേളയില്‍ സംസ്ഥാനത്തേക്ക് 1,52,905.67 കോടി രൂപയുടെ നിക്ഷേപ താൽപ്പര്യം ആഗോള തലത്തിലുള്ള കമ്പനികളുൾപ്പടെ നടത്തിയെന്ന പ്രഖ്യാപന വേളയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിലെയും വിദേശത്തെയും 374 കമ്പനികളില്‍ നിന്നായാണ് നിക്ഷേപ വാഗ്ദാനം വന്നിട്ടുള്ളത്. ഇതിൽ 66 എണ്ണം 500 കോടി രൂപയ്ക്കു മുകളില്‍ നിക്ഷേപിക്കാനാണ് താൽപ്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. മൊത്തം 60,000 പേർക്കുള്ള തൊഴിലവസരവും ഒരുങ്ങുമെന്ന് രാജീവ് അറിയിച്ചു

ഓരോ താത്പര്യപത്രത്തിന്‍റെയും ശരിയായ തുടര്‍ നടത്തിപ്പിനായി പ്രത്യേക സംവിധാനം ഉറപ്പാക്കും. ഇതിനായി ഒരു നോഡല്‍ ഓഫീസറെ നിയോഗിക്കുകയും ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റി അവലോകനം നടത്തുകയും ചെയ്യും. ഇതിന്‍റെ പുരോഗതി വിലയിരുത്തുന്നതിന് മുഖ്യമന്ത്രി അവലോകന യോഗം നടത്തും.

നിക്ഷേപക സമൂഹത്തിന് ആത്മവിശ്വാസം നല്‍കുന്നതോടൊപ്പം സംസ്ഥാനത്ത് കൂടുതല്‍ നിക്ഷേപവും തൊഴിലവസരവും സാധ്യമാക്കുകയാണ് ഇന്‍വെസ്റ്റ് കേരള ഉച്ചകോടിയിലൂടെ ലക്ഷ്യമിട്ടതെന്ന് മന്ത്രി വ്യക്തമാക്കി. ഈ ലക്ഷ്യം ഫലപ്രാപ്തിയില്‍ എത്തിയെന്നാണ് നിക്ഷേപ കണക്കുകളും പങ്കെടുക്കാനെത്തിയവരുടെ വർധിച്ച ആത്മവിശ്വാസവും വെളിപ്പെടുന്നത്. കേരളത്തില്‍ വ്യവസായ സംരംഭം ആരംഭിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ സുതാര്യമാണ്. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ സംരംഭം ആരംഭിക്കാനാകും. സ്ഥലലഭ്യത ഉള്‍പ്പടെ യാതൊരു പ്രശ്നങ്ങളും സംരംഭകര്‍ക്ക് നേരിടേണ്ടി വരില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് വനിതാ സംരംഭകരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനായി കിൻഫ്ര പാർക്കുകളുടെ ഭാഗമായി പിങ്ക് പാർക്കും ആരംഭിക്കാനുദ്ദേശിക്കുന്നുണ്ട്. ഇൻഡസ്ട്രി റെ‍‍‍‍ഡി ആയിട്ടുള്ള തൊഴിൽ സേനയെ ഒരുക്കുന്നതിന് ഇനി സർക്കാർ, വിദ്യാഭ്യാസ – വ്യവസായ മേഖലകളെ ബന്ധിപ്പിക്കുന്ന കണ്ണിയാകും.

ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടി കേരളത്തില്‍ നിക്ഷേപം നടത്താന്‍ ആഗോള സംരംഭകര്‍ക്ക് ആത്മവിശ്വാസം വര്‍ധിപ്പിച്ചെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന സഹകരണ ഫെഡറിലസത്തോട് സംസ്ഥാന സര്‍ക്കാര്‍ അനുകൂല നിലപാടാണ് കൈക്കൊള്ളുന്നതെന്ന് മുഖ്യാതിഥിയായിരുന്ന കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സംസ്ഥാന  സര്‍ക്കാരിന് സാധിച്ചു. ഇത് സംസ്ഥാനത്തെ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിനും വ്യവസായിക പുരോഗതിക്കും സഹായകമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, ദക്ഷിണ കൊറിയ കോണ്‍സല്‍ ജനറല്‍ ചാങ്-നിം കിം, കേരള സര്‍ക്കാരിന്‍റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസ്, ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ ജയതിലക്, ഭാരത് ബയോടെക് ഇന്‍റര്‍നാഷണലിന്‍റെ സഹസ്ഥാപകനും എക്സിക്യൂട്ടീവ് ചെയര്‍മാനുമായ ഡോ. കൃഷ്ണ എല്ല, ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ അഷ്റഫ് അലി, ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ് എന്നിവരും പങ്കെടുത്തു.

English Summary:

Kerala announces ₹152905.67 crore investment pledge at the Invest Kerala Global Summit, creating 60,000 jobs and boosting the state's economy. Learn more about the significant investment and the state's initiatives to become more business-friendly.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com