ADVERTISEMENT

അഭിനയ ലോകത്ത് നിന്നും നീണ്ട ഇടവേള എടുത്തെങ്കിലും തെന്നിന്ത്യൻ താരം സദ സയ്യിദിന് ഇപ്പോഴും ആരാധകർ ഏറെയാണ്. ആദ്യ ചിത്രമായ ജയം മുതൽ ഇങ്ങോട്ട് അന്ന്യൻ, എതിരി തുടങ്ങിയ ചിത്രങ്ങളിലെല്ലാം മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചിരുന്നത്. നിലവിൽ ചലച്ചിത്ര മേഖലയിൽ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങൾ വഴി തന്റെ  ആരാധകർക്കു മുന്നിലെത്തുന്നുണ്ട്. താരത്തിന്റെ പുതിയ പാഷനാണ് ആരാധകരിൽ ഏറെ കൗതുകം ഉണർത്തുന്നത്. വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫിയിലാണ് ഇപ്പോൾ സദയുടെ ശ്രദ്ധ മുഴുവനും. ഈ മേഖലയിൽ സദ ഒരു പ്രഫഷനലായി മാറിക്കഴിഞ്ഞുവെന്നത് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ തെളിയിക്കുന്നു.

ചിത്രങ്ങൾ പകർത്തുന്നതിനായി രാജ്യത്തെ പ്രധാനപ്പെട്ട വന്യജീവി സങ്കേതങ്ങളെല്ലാം താരം സന്ദർശിച്ചു കഴിഞ്ഞു. വനത്തിൽ എത്തി പുള്ളിപ്പുലി, കടുവ, മയിൽ, വ്യത്യസ്തയിനം പക്ഷികൾ, ജലജീവികൾ തുടങ്ങിയവയുടെയെല്ലാം അതിമനോഹരമായ ചിത്രങ്ങൾ സദ പകർത്തിയിട്ടുണ്ട്. ചിത്രങ്ങൾ പകർത്താൻ വനമേഖലകളിലേക്ക് നടത്തുന്ന യാത്രകളെല്ലാം വിവരിച്ചുകൊണ്ടാണ് സദ സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവയ്ക്കുന്നത്. താനൊരു തികഞ്ഞ മൃഗസ്നേഹിയാണെന്നത് ഇൻസ്റ്റാഗ്രാം പ്രൊഫൈൽ ഡിസ്ക്രിപ്ഷനിൽ തന്നെ താരം വെളിപ്പെടുത്തിയിട്ടുമുണ്ട്. 

tiger-sadda

വെറുമൊരു പാഷൻ എന്നതിനപ്പുറം പ്രകൃതിയോട് താരത്തിനുള്ള ആത്മബന്ധത്തിന്റെ തെളിവാണ് ഓരോ ചിത്രങ്ങളും. കൂട്ടിൽ കഴിയുന്ന കുഞ്ഞുങ്ങളെ പരിപാലിക്കുന്ന പക്ഷിയുടെ ദൃശ്യങ്ങളും ഇണ ചേരുന്ന തവളകളുടെ ദൃശ്യങ്ങളുമെല്ലാം ഒരു സിനിമ കാണുന്നതുപോലെ ആസ്വദിക്കാവുന്ന തരത്തിലാണ് പകർത്തിയിരിക്കുന്നത്. ചിത്രങ്ങൾക്കൊപ്പം അവയുടെ പ്രത്യേകതകളെക്കുറിച്ചും  പോസ്റ്റുകളിൽ ഉൾപ്പെടുത്താറുണ്ട്. വ്യത്യസ്ത ജീവജാലങ്ങളുടെ ചിത്രങ്ങൾ പകർത്താറുണ്ടെങ്കിലും സദയ്ക്ക് ഏറ്റവും പ്രിയം കടുവകളോടു തന്നെയാണ്.

മൃഗങ്ങളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് ശക്തമായ നിലപാടുകളാണ് സദയ്ക്കുള്ളത്. ഹൈദരാബാദിൽ ഇക്കോ പാർക്ക് തുടങ്ങാനുള്ള തീരുമാനത്തിനെതിരെ യൂട്യൂബ് ചാനലിലൂടെ സദ നടത്തിയ ശക്തമായ പ്രതികരണമാണ് അക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയം. പ്രകൃതിയെയും മൃഗങ്ങളെയും ചൂഷണം ചെയ്യുന്ന അധികൃതരുടെ നടപടികൾക്കെതിരെ ശക്തമായ ഭാഷയിൽ വിമർശനം ഉയർത്താൻ താരം കാണിച്ച ധൈര്യത്തെ പ്രശംസിച്ചുകൊണ്ട് ആരാധകർ രംഗത്തെത്തുകയും ചെയ്തിരുന്നു.

English Summary:

From Silver Screen to Wild Encounters: South Indian Star Sada Syed’s Journey into Wildlife Photography Captivates Fans

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com