തമിഴ്നാടിന്റെ രൂപ ചിഹ്നം; ഒട്ടേറെ ചോദ്യചിഹ്നങ്ങൾ

Mail This Article
കൊച്ചി ∙ സംസ്ഥാന ബജറ്റ് രേഖയിൽനിന്നു രൂപയുടെ അംഗീകൃത ചിഹ്നത്തെ പുറത്താക്കി തമിഴ്നാട് സർക്കാർ സ്വീകരിച്ച ചിഹ്നം ഇന്ത്യൻ കറൻസിക്കു ലോകമെങ്ങും നേടാൻ കഴിഞ്ഞ അംഗീകാരത്തിനെതിരായ ചോദ്യചിഹ്നമോ? വിദേശനാണ്യ വിപണിയുമായി ബന്ധപ്പെട്ടവരിൽനിന്നുള്ള സന്ദേഹമാണിത്.
ചിഹ്‌നം നിശ്‌ചയിക്കപ്പെട്ടിട്ടുള്ള നാണയങ്ങൾ ലോകത്തു നാലെണ്ണമേയുള്ളൂ: യുഎസ് ഡോളർ, യുകെയിലെ പൗണ്ട് സ്‌റ്റെർലിങ്, യൂറോപ്യൻ യൂണിയന്റെ യൂറോ, ജപ്പാനിലെ യെൻ എന്നിവ. ഇവയുടെ ഗണത്തിലാണ് ഇന്ത്യൻ രൂപയുടെ സ്‌ഥാനം. ചിഹ്‌നത്തിലൂടെ നേടിയ വ്യക്‌തിത്വം ബ്രിക്സ് രാജ്യങ്ങളുടെ (ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന) കറൻസികൾക്കിടയിലും രൂപയുടെ പദവിക്കു മാറ്റു കൂട്ടി.

രൂപയ്‌ക്കു തനതായ ചിഹ്‌നം നിശ്‌ചയിച്ചത് ആഗോള വിപണിയിൽ ഇന്ത്യൻ കറൻസിയുടെ ബ്രാൻഡ് മൂല്യം വർധിപ്പിക്കാൻകൂടി ഉദ്ദേശിച്ചായിരുന്നു. ‘റിസർവ് കറൻസി’ എന്ന നിലയിൽ രാജ്യാന്തര തലത്തിൽ ഡോളറിനുള്ള പ്രാമുഖ്യം ചോദ്യം ചെയ്യപ്പെട്ടു തുടങ്ങുകയും ബ്രിക്സ് രാജ്യങ്ങൾ ഏകീകൃത കറൻസി ലക്ഷ്യമിടുകയും ചെയ്യുന്നതിനിടെ ഇന്ത്യയിൽനിന്നുതന്നെ അംഗീകൃത ചിഹ്നത്തിനെതിരായ നിലപാടുണ്ടാകുന്നത് അനുചിതമാണെന്നു സാമ്പത്തിക നിരീക്ഷകർക്കും അഭിപ്രായമുണ്ട്.
മറ്റു ചില രാജ്യങ്ങളിലെ കറൻസികളും ‘രൂപ’ എന്നുതന്നെ അറിയപ്പെടുന്നതുമൂലമുള്ള ആശയക്കുഴപ്പം ഒഴിവാക്കാൻ പണ വിപണിയിൽ ഇന്ത്യൻ രൂപയ്‌ക്ക് ‘ഐഎൻആർ’ എന്ന ചുരുക്കെഴുത്തു വിശേഷണം ഉപയോഗിക്കാറുണ്ട്.
കൂടുതൽ വിപണിസൗഹൃദവും തനതായ ‘വ്യക്‌തിത്വ’വും ചിഹ്നത്തിനായിരിക്കും എന്ന ബോധ്യത്തിലാണു 2010 ജൂലൈ 15നു പരിഷ്കാരം നടപ്പാക്കിയത്. സാമ്പത്തിക രംഗത്ത് ഇന്ത്യ വൻ മുന്നേറ്റം നടത്തുന്ന സാഹചര്യം കൂടി പരിഗണിക്കപ്പെടുമ്പോൾ ചിഹ്നത്തിനു പ്രസക്തി ഏറുകയാണ്.
തമിഴ്നാട്ടുകാരനായ ഡി. ഉദയകുമാർ രൂപകൽപന ചെയ്തതാണു രൂപയുടെ ചിഹ്നം. മത്സരത്തിൽ പങ്കെടുത്ത 3331 പേർ ഡിസൈനുകൾ സമർപ്പിച്ചിരുന്നു. അവയിൽ നിന്നാണു ഗുവാഹത്തി ഐഐടി പ്രഫസർ ഡി. ഉദയകുമാറിന്റെ ഡിസൈൻ തിരഞ്ഞെടുത്തത്.
മുംബൈ ഐഐടിയിൽനിന്നു ഡിസൈനിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള ഉദയകുമാർ ഡിഎംകെയുടെ നിയമ സഭാംഗമായിരുന്ന എൻ.ധർമലിംഗത്തിന്റെ മകനാണ്.

ദേവനാഗരി ലിപിക്കും റോമൻ ലിപിക്കും തുല്യ പ്രാധാന്യം നൽകി രൂപകൽപന ചെയ്ത ചിഹ്നം ലാളിത്യംകൊണ്ടും മറ്റു കറൻസി ചിഹ്നങ്ങളോടുള്ള ചേർച്ചകൊണ്ടുമാണു രാജ്യാന്തര തലത്തിൽ അംഗീകാരം നേടിയത്. ചിഹ്നം തിരിച്ചറിയാൻ പ്രായ, സമൂഹ, രാഷ്ട്ര ഭേദങ്ങൾ തടസ്സമാകുന്നുമില്ല.