ഈ വാഹനങ്ങൾ റോഡിൽ ഇറക്കിയാൽ 'കുടുങ്ങും'; യുഎഇയിൽ ട്രാഫിക് നിയമങ്ങൾ അടിമുടി മാറുന്നു, കടുത്ത ശിക്ഷയും പിഴയും

Mail This Article
ദുബായ് ∙ രാജ്യത്ത് പരിഷ്കരിച്ച ട്രാഫിക് നിയമം 29ന് നിലവിൽ വരും. ലഹരി ഉപയോഗിച്ച ശേഷം വാഹനമോടിച്ചാൽ ശിക്ഷ കടുക്കും. ഡ്രൈവറെ അറസ്റ്റ് ചെയ്യും.
അപകടമുണ്ടായാൽ വൻ തുക പിഴയും ഈടാക്കും. ലഹരി അടങ്ങിയ മറ്റ് വസ്തുക്കളോ ഉപയോഗിച്ച ശേഷം വാഹനം ഓടിക്കുന്നതും ഗുരുതര ഗതാഗത നിയമ ലംഘനമാണ്. അപകടത്തിൽ പരുക്കോ ജീവഹാനിയോ സംഭവിച്ചാൽ ഡ്രൈവർ തടവിലാകും. പൊതുമുതൽ നശിച്ചാലും അറസ്റ്റ് ചെയ്യും.
വാഹനവുമായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതും ഗുരുതര നിയമ ലംഘനമാണ്. ട്രാഫിക് കേസുകളിൽ പിടിക്കപ്പെടുന്നവർ പേരും വിലാസവും നൽകാതിരുന്നാലും തെറ്റായ വിവരങ്ങൾ നൽകിയാലും അറസ്റ്റിലാകും. അപകടമുണ്ടാക്കി ഒളിച്ചോടാൻ ശ്രമിച്ചാലും പൊലീസ് പരിശോധനയിൽ നിന്നു കടന്നുകളയാൻ ശ്രമിച്ചാലും അറസ്റ്റ് ഉണ്ടാവും.

കേടുപാടുള്ള വാഹനങ്ങളുമായി നിരത്തിലിറങ്ങിയാൽ പിടിച്ചെടുക്കാനും പുതിയ നിയമം നിർദേശിക്കുന്നു. അറ്റകുറ്റപ്പണി പൂർത്തിയാക്കാത്ത വാഹനങ്ങൾ റോഡിൽ ഇറക്കരുത്. ബ്രേക്ക്, ലൈറ്റുകൾ തുടങ്ങിയവ ശരിയായി പ്രവർത്തിക്കുന്നെന്ന് ഉറപ്പാക്കണം. അല്ലാത്ത വാഹനങ്ങൾ പിടിച്ചെടുക്കും. ലൈസൻസ് കൈവശമില്ലാതെ വാഹനം ഓടിക്കുന്നതും ശിക്ഷാർഹമാണ്.
ഇത്തരത്തിൽ രണ്ടു തവണ പിടിക്കപ്പെട്ടാൽ വാഹനം പിടിച്ചെടുക്കും. വാഹനം വിട്ടുകിട്ടാൻ അസ്സൽ ലൈസൻസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ എത്തണം. അതേസമയം, ലൈസൻസ് ഇല്ലാത്തവർ വാഹനം ഓടിച്ചു പിടിക്കപ്പെട്ടാൽ, വാഹനം ഉടൻ തിരികെ ലഭിക്കില്ല. നിയമ നടപടികൾക്ക് ശേഷം ഉടമയ്ക്കോ അദ്ദേഹം ഔദ്യോഗികമായി ചുമതലപ്പെടുത്തുന്ന ലൈസൻസുള്ള വ്യക്തിക്കോ ആണ് വാഹനം വിട്ട് നൽകുക.

വാഹനത്തിന്റെ സാങ്കേതിക സംവിധാനം, നിറം, എൻജിൻ, ശബ്ദം എന്നിവയിൽ അധികൃതരുടെ അനുമതി കൂടാതെ മാറ്റം വരുത്തിയാലും വാഹനം പിടിച്ചെടുക്കും. വാഹനം ഏതെങ്കിലും കുറ്റകൃത്യത്തിൽ ഉൾപ്പെട്ടതാണെങ്കിൽ ഉടൻ പിടിച്ചെടുത്ത് തൊണ്ടിമുതലായി കോടതിക്കു കൈമാറും. രാജ്യം അംഗീകരിക്കാത്ത ഡ്രൈവിങ് ലൈസൻസുമായി വാഹനം ഓടിച്ചാൽ ആദ്യഘട്ടത്തിൽ 2000–10,000 ദിർഹമാണ് പിഴ. നിയമലംഘനം ആവർത്തിച്ചാൽ മൂന്ന് മാസത്തിൽ കുറയാത്ത തടവും 5000 – 50000 ദിർഹം പിഴയും ലഭിക്കും. ലൈസൻസിൽ ഉൾപ്പെടാത്ത വാഹനങ്ങൾ ഓടിച്ചാൽ മൂന്ന് മാസം വരെ തടവിൽ കഴിയണം. 20,000 ദിർഹം മുതൽ ഒരു ലക്ഷം ദിർഹം വരെയാണ് പിഴ.
∙ പ്രധാന കുറ്റങ്ങളും ശിക്ഷയും
∙ അനുവാദമില്ലാത്ത ഇടങ്ങളിൽ കൂടി റോഡ് കുറുകെ കടന്നാൽ കുടുങ്ങും. മണിക്കൂറിൽ 80 കിലോമീറ്റർ വേഗ പരിധിയുള്ള റോഡുകൾ മുറിച്ചു കടക്കാൻ പാടില്ല.
∙ വാഹനാപകടത്തിൽ മരണമുണ്ടായാൽ ഡ്രൈവർക്ക് 50,000 ദിർഹം പിഴയും തടവുമാണ് പിഴ.
∙ റെഡ് സിഗ്നൽ മറികടന്നുണ്ടായ അപകടത്തിലാണ് മരണമെങ്കിൽ ഡ്രൈവർക്ക് ഒരു ലക്ഷം ദിർഹമാണ് പിഴ. ഒരുവർഷം തടവും.
∙ ലഹരി ഉപയോഗിച്ചുള്ള അപകടത്തിലും ഇത്രയും പിഴയുണ്ട്.
∙ വാദികളിലൂടെ വാഹനം ഓടിച്ച് അപകടം ഉണ്ടായാലും ഇതേ ശിക്ഷ ലഭിക്കും.

∙ ക്ഷീണമുണ്ടെങ്കിൽ ഡ്രൈവിങ് വേണ്ട
നോമ്പിൽ ക്ഷീണമുണ്ടാകുന്നവർ ഡ്രൈവിങ് ഒഴിവാക്കണമെന്ന് പൊലീസ് അറിയിച്ചു. വാഹനം ഓടിക്കുന്നതിനിടെ ഉറങ്ങിപ്പോയതിനെ തുടർന്ന് കഴിഞ്ഞ വർഷം 27 അപകടങ്ങൾ ഉണ്ടായതായി പൊലീസ് അറിയിച്ചു.
ഉറക്കവും ക്ഷീണവും കാരണം 23 അപകടങ്ങൾ അബുദാബിയിലും രണ്ടു വീതം അപകടങ്ങൾ ദുബായിലും റാസൽഖൈമയിലും റിപ്പോർട്ട് ചെയ്തു. കടുത്ത രോഗാവസ്ഥയിൽ വാഹനം ഓടിച്ചതു മൂലം അബുദാബിയിൽ രണ്ടും റാസൽഖൈമയിൽ മൂന്നും അപകടങ്ങൾ ഉണ്ടായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ജോലിയും താമസവും വ്യത്യസ്ത എമിറേറ്റുകളിലുള്ളവർക്ക് ദീർഘദൂര യാത്രകളും നോമ്പിന്റെ ക്ഷീണവും ശാരീരിക അസ്വസ്ഥതകൾക്ക് കാരണമാകും. റമസാനിലെ യാത്രയ്ക്ക് പൊതുഗതാഗതം പ്രയോജനപ്പെടുത്തുകയോ വർക് ഫ്രം ഹോം എടുക്കുകയോ വേണമെന്നും പൊലീസ് ആവശ്യപ്പെട്ടു. യാത്രയ്ക്കിടെ ക്ഷീണം തോന്നിയാൽ വാഹനം വലതുവശം ചേർത്ത് നിർത്തി വിശ്രമിക്കണം. റോഡിലെ വേഗപരിധി പാലിക്കുന്നതിലും ശ്രദ്ധവേണം. വാഹനമോടിക്കുന്നതിനു മുൻപ് മതിയായ വിശ്രമം ഉറപ്പുവരുത്തണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
നോമ്പ് തുറക്കുന്നതിനോട് അടുത്ത സമയത്ത് അമിത വേഗത്തിൽ ഓടിക്കുന്നത് ഒഴിവാക്കണം. രോഗമുള്ളവർ പാർശ്വഫലമുള്ള മരുന്നാണ് കഴിക്കുന്നതെങ്കിൽ ഡ്രൈവിങ്ങിൽനിന്ന് വിട്ടുനിൽക്കണം.