നന്നായി നടന്നാൽ നല്ലതു കിട്ടും; ഗ്ലോബൽ വില്ലേജിൽ ഫ്രീ എൻട്രി ഒപ്പം വൗച്ചറും വണ്ടർ പാസും

Mail This Article
ദുബായ് ∙ നന്നായി നടന്നാൽ നല്ലതു കിട്ടും, ഗ്ലോബൽ വില്ലേജിൽ നിന്ന്. റമസാൻ ആഘോഷങ്ങളുടെ ഭാഗമായി സന്ദർശകർക്കായി നടപ്പു ചാലഞ്ച് പ്രഖ്യാപിച്ചിരിക്കുകയാണ് ഗ്ലോബൽ വില്ലേജ്. ഒറ്റ ദിവസം 10,000 ചുവടുകൾ നടന്നാൽ ഉടൻ കിട്ടും ഫ്രീ എൻട്രി ടിക്കറ്റ് അടക്കമുള്ള സമ്മാനങ്ങൾ.
ഗ്ലോബൽ വില്ലേജിലെ കാഴ്ചകൾ കണ്ടു നടക്കുന്നവർക്ക് മികച്ച ആരോഗ്യ ജീവിതത്തിന്റെ സന്ദേശം കൂടി നൽകുകയാണ് ഈ ചാലഞ്ചിന്റെ ലക്ഷ്യം. ഗ്ലോബൽ വില്ലേജ് മൊബൈൽ ആപ്പിലൂടെയാണ് നടപ്പു ചാലഞ്ചിൽ പങ്കെടുക്കേണ്ടത്. ഗ്ലോബൽ വില്ലേജിന്റെ ഗേറ്റിൽ എത്തുന്നതു മുതൽ നല്ല നടപ്പ് ആരംഭിക്കും.
പിന്നീടുള്ള ഓരോ ചുവടും നിങ്ങൾക്ക് ആരോഗ്യത്തോടൊപ്പം കൈനിറയെ സമ്മാനങ്ങളും നൽകും. ഗ്ലോബൽ വില്ലേജിലെ 30 പവിലിയനുകളും 200 ഗെയിമുകളുമൊക്കെ കണ്ടുതീർക്കുമ്പോൾ 10, 000 ചുവടുകൾ പിന്നിട്ടിരിക്കും. മികച്ച നടപ്പുക്കാർക്ക് ഗ്ലോബൽ വില്ലേജിലേക്കുള്ള എൻട്രി ടിക്കറ്റ്, റസ്റ്ററന്റുകളിൽ നിന്നു ഭക്ഷണത്തിനുള്ള വൗച്ചർ, കാർണിവലിൽ ഉപയോഗിക്കാവുന്ന വണ്ടർ പാസുകൾ എന്നിവയാണ് സമ്മാനം. ചാലഞ്ച് 30ന് സമാപിക്കും.