ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജന്‍ ട്രെയിന്; ആദ്യ യാത്ര 31 ന്

Mail This Article
പ്രകൃതിക്ക് പരമാവധി ദോഷം വരുത്താതെ യാത്ര ചെയ്യുകയെന്ന ആശയത്തിനു ലോകമെങ്ങുമുള്ള സഞ്ചാരികള്‍ക്കിടയില്‍ വലിയ പ്രചാരം നേടുകയാണ്. ഇത്തരം യാത്രികരെ ആകര്‍ഷിക്കാന്‍ പോന്ന ട്രെയിനുമായാണ് ഇന്ത്യന്‍ റെയില്‍വേയുടെ വരവ്. രാജ്യത്തെ ആദ്യത്തെ ഹൈഡ്രജന്‍ ഇന്ധനമായുള്ള ട്രെയിന്‍ മാര്‍ച്ച് 31ന് ഓടിത്തുടങ്ങുമെന്നാണ് റെയില്‍വേ നല്‍കുന്ന വിവരം. ഹരിയാനയിലെ ജിന്ത്-പാനിപ്പട്ട് പാതയില്‍ ഓടിതുടങ്ങുന്ന ഹൈഡ്രജന്‍ ട്രെയിന്‍ ഇന്ത്യയുടെ കാര്‍ബണ്‍ പുറന്തള്ളല്‍ കുറക്കുന്നതിനും സുസ്ഥിര യാത്രകള്‍ക്കുമായുള്ള ശ്രമങ്ങള്‍ക്ക് പുത്തന്‍ ഊര്‍ജമാവും.
പ്രകൃതിക്ക് ദോഷം ചെയ്യാത്ത ട്രെയിന്‍ യാത്രകള്‍ എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കുന്നതാണ് ഹൈഡ്രജന്‍ ട്രെയിന്റെ വരവ്. കല്‍ക്കരിയില്‍ നിന്നും പെട്രോളിയത്തിലേക്കും പിന്നീട് വൈദ്യുതിയിലേക്കും മാറിയെങ്കിലും ട്രെയിന്‍ ഗതാഗതം മലിനീകരണത്തില്‍ നിന്നും മുക്തമായിരുന്നില്ല. വൈദ്യുതി ഇന്ധനമാവുമ്പോള്‍ പ്രത്യക്ഷമായി മലിനീകരണം സംഭവിക്കുന്നില്ലെങ്കിലും വൈദ്യുതി നിര്‍മിക്കുന്ന താപോര്‍ജ നിലയങ്ങള്‍ മലിനീകരണത്തിന് കാരണമാവുന്നുണ്ട്. ഹൈഡ്രജന്‍ ട്രെയിന്റെ വരവ് ഈ വിമര്‍ശനം കുറയ്ക്കാന്‍ സഹായിക്കും.
ഇന്ത്യയിലെ ഏറ്റവും ആധുനിക സൗകര്യങ്ങളും സാങ്കേതികവിദ്യയുമുള്ള ട്രെയിനുകളിലൊന്നായിരിക്കും പുറത്തിറങ്ങാനിരിക്കുന്ന ഹൈഡ്രജന്‍ ട്രെയിന്‍. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാന്‍ ഈ ഹൈഡ്രജന്‍ ട്രെയിന് സാധിക്കും. 2,638 യാത്രികരെയാണ് വഹിക്കാനാവുക. ലോകത്തിലെ തന്നെ ഏറ്റവും കരുത്തുള്ള ഹൈഡ്രജന്‍ ഇന്ധനമായുള്ള ട്രെയിനെന്ന സവിശേഷതയുമുണ്ട്. 1,200എച്ച്പി കരുത്തുള്ള എന്‍ജിനാണ് ഈ ട്രെയിനിലുള്ളത്.
ഹരിയാനയിലെ ജിന്ത്- സോനിപത്ത് പാതയിലൂടെയാണ് ഹൈഡ്രജന്‍ ട്രെയിന്‍ ഓടി തുടങ്ങുന്നത്. നിരപ്പായതും മികച്ച റെയില്‍വേ നെറ്റ്‌വര്‍ക്കാണെന്നതാണ് ഹരിയാനയെ തെരഞ്ഞെടുക്കാനുള്ള കാരണം. ഡീസല്‍ ലോക്കോമോട്ടീവുകളെ അപേക്ഷിച്ച് ഇത്തരം ട്രെയിനില്‍ മലിനീകരണം വളരെ കുറവാണ്. ഓടുമ്പോള്‍ നീരാവി മാത്രമാണ് ഹൈഡ്രജന്‍ ട്രെയിനുകള്‍ പുറന്തള്ളുക. പരമ്പരാഗത ഇന്ധനങ്ങളെ അപേക്ഷിച്ച് ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലുകള്‍ക്ക് കൂടിയ ഊര്‍ജ കാര്യക്ഷമതയുമുണ്ട്. വേഗതയില്‍ സഞ്ചരിക്കുമ്പോഴും ശബ്ദ മലിനീകരണത്തിന് കാരണമാവുന്നില്ലെന്നത് യാത്രാസുഖം വര്‍ധിപ്പിക്കും. ഇന്ധന ചിലവും പ്രകൃതി സംരക്ഷണവും കൂടി കണക്കാക്കുമ്പോള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ലാഭകരമായ മോഡലാണിത്.
2030 ആവുമ്പോഴേക്കും ഇന്ത്യന്‍ റെയില്‍വേയുടെ കാര്‍ബണ്‍ പുറന്തള്ളല്‍ പൂജ്യമാക്കി മാറ്റുകയെന്ന വലിയ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഹൈഡ്രജന്‍ ട്രെയിന്റെ വരവ്. ഇന്ത്യക്കു പുറമേ ജര്‍മനി, ചൈന, യുകെ എന്നീ രാജ്യങ്ങളിലാണ് ഹൈഡ്രജന്‍ ട്രെയിനുകളുള്ളത്. ആധുനിക റെയില്‍വേ സാങ്കേതികവിദ്യയുടെ കാര്യത്തില്‍ ഇന്ത്യക്കുള്ള മികവിന്റെ പ്രകടനം കൂടിയാവും ഹൈഡ്രജന്‍ ട്രെയിന്.