ഇന്ത്യ- ബംഗ്ലദേശ് പോരാട്ടത്തിനിടെ ‘സ്ക്രീനില്‍’ പാക്കിസ്ഥാൻ ഇല്ല; പരാതിയുമായി പിസിബി; വിശദീകരണത്തിലും തൃപ്തരല്ല

Mail This Article
ദുബായ്∙ ചാംപ്യൻസ് ട്രോഫിയിലെ ഇന്ത്യ– ബംഗ്ലദേശ് മത്സരത്തിനിടെ ആതിഥേയരായ പാക്കിസ്ഥാന്റെ പേര് സ്ക്രീനിൽ കണ്ടില്ലെന്ന പരാതിയുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ഇന്ത്യ– ബംഗ്ലദേശ് മത്സരത്തിനു പിന്നാലെയാണ് ടിവി സ്ക്രീനുകളിൽ ടൂർണമെന്റ് ലോഗോയ്ക്കൊപ്പം ആതിഥേയരുടെ പേരു കാണിച്ചില്ലെന്ന് പിസിബി ആരോപിച്ചത്. ഇക്കാര്യത്തിൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ മറുപടി നൽകണമെന്നും പാക്കിസ്ഥാൻ ബോർഡ് ആവശ്യപ്പെട്ടു.
എന്നാൽ സാങ്കേതിക തടസ്സം കാരണം സംഭവിച്ച പിഴവാണിതെന്നാണ് ഐസിസിയുടെ പ്രതികരണം. ബ്രോഡ്കാസ്റ്റർമാർക്കു വന്ന പിഴവാണു പ്രശ്നങ്ങൾക്കു കാരണമായതെന്നു ഐസിസി വിശദീകരിച്ചു. പക്ഷേ ഐസിസിയുടെ മറുപടിയിൽ പാക്ക് ക്രിക്കറ്റ് ബോര്‍ഡ് തൃപ്തരല്ലെന്നാണു പുറത്തുവരുന്ന വിവരം. മത്സരങ്ങൾ നടക്കുമ്പോൾ ടിവി സ്ക്രീനുകളുടെ ഇടതു ഭാഗത്തു മുകളിലായി ടൂർണമെന്റിന്റെ ലോഗോ കാണിക്കുന്നുണ്ട്. ഇവിടെ പാക്കിസ്ഥാന്റെ പേരും വേണമെന്നാണ് പിസിബിയുടെ ആവശ്യം.
നേരത്തേ പാക്കിസ്ഥാനിലെ സ്റ്റേഡിയങ്ങളിൽ ഇന്ത്യയുടെ പതാക മാത്രം ഇല്ലാതിരുന്നത് വിവാദമായിരുന്നു. ബിസിസിഐ വിമർശനം കടുപ്പിച്ചതോടെ ടൂർണമെന്റിനു തൊട്ടുമുൻപ് ഇന്ത്യയുടെ പതാകയും സ്റ്റേഡിയങ്ങളിൽ സ്ഥാപിച്ചു. പാക്കിസ്ഥാനെതിരായ മത്സരത്തിനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. ഞായറാഴ്ച ദുബായിൽ വച്ചാണു മത്സരം.