ഇല്ലാത്ത വകുപ്പ്, വല്ലാത്ത ഭരണം; പഞ്ചാബിൽ ഭരണപരിഷ്കാര വകുപ്പ് ഇല്ലെങ്കിലും അതിനൊരു മന്ത്രിയുണ്ട്!

Mail This Article
ന്യൂഡൽഹി ∙ പഞ്ചാബിലെ എഎപി മന്ത്രി കുൽദീപ് സിങ് ധലിവാൾ 20 മാസത്തോളം ഭരിച്ചത് ഇല്ലാത്ത വകുപ്പ്. സംസ്ഥാന സർക്കാർ ഇക്കാര്യം തിരിച്ചറിഞ്ഞു വിജ്ഞാപനത്തിലൂടെ വ്യക്തത വരുത്തിയെങ്കിലും സർക്കാരിനെതിരെ ബിജെപി രംഗത്തെത്തി. പ്രവാസികാര്യം, ഭരണപരിഷ്കാര വകുപ്പുകളാണു മന്ത്രിക്കു നേരത്തെ അനുവദിച്ചിരുന്നത്. എന്നാൽ ഇതിൽ ഭരണപരിഷ്കാര വകുപ്പ് നിലവിലുണ്ടായിരുന്നില്ല. കൃഷി ഉൾപ്പെടെയുള്ള വകുപ്പുകൾ വഹിച്ചിരുന്ന ധലിവാളിനു 2023 മേയിലാണ് ഈ വകുപ്പുകൾ ലഭിച്ചത്.
അനധികൃത കുടിയേറ്റക്കാരുമായി യുഎസ് സൈനിക വിമാനം അമൃത്‌സറിലെത്തിയപ്പോൾ വാർത്തകളിൽ നിറഞ്ഞ മന്ത്രിയാണ് കുൽദീപ് സിങ്. ഇതിനു പിന്നാലെയാണു ഭരണപരിഷ്കാര വകുപ്പ് എന്നൊന്നില്ലെന്ന വിവരം പുറത്തുവന്നത്. എഎപിയുടെ ഭരണം പരിഹാസ്യമായെന്നു ബിജെപി കുറ്റപ്പെടുത്തി. ‘ഇല്ലാത്ത വകുപ്പ് ഭരിച്ച് ഒരു മന്ത്രി മുന്നോട്ടുപോകുന്ന കാര്യം മുഖ്യമന്ത്രി പോലും അറിഞ്ഞില്ല’– ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി കുറ്റപ്പെടുത്തി. ഇല്ലാത്ത വകുപ്പായതുകൊണ്ട് ധലിവാൾ വിനയം കാണിച്ചെന്നു പറയാം. ഉത്തരവുകളൊന്നും ഇറക്കാൻ പോയില്ല. ഒരു സെക്രട്ടറിയെ ചോദിച്ചെങ്കിലും കിട്ടിയില്ല താനും.