ദിവസേന അഞ്ച് ലീറ്റർ കരിക്കിൻ വെള്ളം! സായ് പല്ലവിയുടെ സൗന്ദര്യ രഹസ്യം പങ്കുവച്ച് നാഗ ചൈതന്യ
Mail This Article
മുഖക്കുരു കൊണ്ട് ചുവന്നു തുടുത്ത കവിളുമായി മലയാളികളുടെ മനസ്സിൽ ഇടംനേടിയ താരമാണ് സായ് പല്ലവി. ഇന്ന് തെന്നിന്ത്യയിൽ മാത്രമല്ല ലോകത്താകമാനം നിരവധി ആരാധകരാണ് സായ് പല്ലവിക്ക്. മേക്കപ്പിനോട് വലിയ താൽപര്യം ഇല്ലാത്ത താരം സിനിമയിൽ മാത്രമാണ് ആവശ്യമെങ്കിൽ മേക്കപ്പ് ഉപയോഗിക്കുന്നത്. ഇതൊക്കെയാണ് ആരാധകരെ താരവുമായി കൂടുതൽ അടുപ്പിക്കുന്നതും. ഇപ്പോൾ സായ് പല്ലവിയുടെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് പ്രമുഖതാരം നാഗ ചൈതന്യ.
ഇരുവരും ഒരുമിച്ചഭിനയിച്ച ചിത്രത്തിന്റെ പ്രൊമോഷനായി എത്തിയപ്പോഴായിരുന്നു നാഗചൈതന്യയുടെ വെളിപ്പെടുത്തൽ. ദിവസവും 5 ലിറ്റർ കരിക്കിൻ വെള്ളം കുടിക്കുമെന്ന് നാഗചൈതന്യ പറഞ്ഞപ്പോൾ അത്രയും ഇല്ലെങ്കിലും 2 ലിറ്റർ കുടിക്കാറുണ്ടെന്നാണ് സായ് പല്ലവി പറഞ്ഞത്. അപ്പോൾ സംഭവത്തിൽ സത്യം ഉണ്ടല്ലേ എന്നാണ് ആരാധകരുടെ കമന്റുകൾ. ശരീരത്തിനും ചർമത്തിനും ഏറെ ഗുണങ്ങൾ നൽകുന്ന ഒന്നാണ് കരിക്കിൻ വെള്ളം.
ഇതൊന്നും കൂടാതെ ചില അടുക്കള വൈദ്യവും സായ് പല്ലവി സൗന്ദര്യം സംരക്ഷിക്കാനായി ഉപയോഗിക്കാറുണ്ട്. മുഖക്കുരു അധികമായി വരുന്ന സമയങ്ങളിൽ തേനും മഞ്ഞളും മാസ്ക് രൂപത്തിലാക്കി മുഖത്ത് ഉപയോഗിക്കും. ഇത് ഒരുപരിധിവരെ മുഖക്കുരു അകറ്റാൻ സഹായിക്കും. പ്രകൃതി ദത്തമായ ഒരു ആന്റിസെപ്റ്റിക്കാണ് മഞ്ഞൾ. പാർശ്വഫലങ്ങൾ വളരെ കുറവായതുകൊണ്ട് തന്നെ ധൈര്യമായി മുഖത്ത് പുരട്ടുകയും ചെയ്യാം. ഒപ്പം മഞ്ഞളിനുള്ളതു പോലെ ആന്റി ബാക്ടീരിയൽ, ആന്റിവൈറൽ, ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് സവിശേഷതകൾ തേനിനുമുണ്ട്. ഇത് രണ്ടും ചേരുമ്പോൾ ഇരട്ടി ഫലം ലഭിക്കും.

ഒപ്പം മുടിയുടെ സംരക്ഷണത്തിനായി ആഴ്ചയിൽ രണ്ടോ മൂന്നോ തവണ വെളിച്ചെണ്ണ ഉപയോഗിക്കന്നത് സായ് പല്ലവി ശീലമാക്കിയിട്ടുണ്ട്. ഇത് മുടിയും തലയോട്ടിയും വരണ്ടു പോകാതെ ഈർപ്പം നിലനിർത്താൻ സഹായിക്കും. മുടി കൊഴിച്ചിൽ താരൻ എന്നിവയ്ക്ക് മികച്ച പരിഹാരമാണ് വെളിച്ചെണ്ണ. ഒപ്പം മുടിയിൽ അധികമായി ചീർപ്പ് ഉപയോഗിക്കാറില്ലെന്നും കൈ ഉപയോഗിച്ച് മാത്രമേ മുടി ഒതുക്കാറുള്ളൂവെന്നാണ് താരം മുൻപ് പറഞ്ഞത്. ഇതൊന്നും കൂടാതെ പോഷക ഗുണങ്ങളുള്ള ഭക്ഷണങ്ങളും, യോഗയും ഡാൻസും ഒക്കെ ചെയ്യുന്നതും സായിപല്ലവിയുടെ സൗന്ദര്യം കാത്തു സൂക്ഷിക്കാന്‍ സഹായിക്കുന്നു.