‘ഭർത്താവ് മരിച്ച സ്ത്രീ വീടിന്റെ മൂലയിലിരിക്കണം, മഞ്ഞിൽകളിക്കരുത്’: വിമർശകരുടെ വായടപ്പിച്ച് നഫീസുമ്മയ്ക്ക് പിന്തുണ

Mail This Article
പൊതുയിടത്തിൽ പലതരത്തിലുള്ള അധിക്ഷേപങ്ങൾക്കു സ്ത്രീകൾ ഇരയാകാറുണ്ട്. വസ്ത്രത്തിന്റെയും നിലപാടിന്റെയുമെല്ലാം പേരിലായിരിക്കും ചിലപ്പോഴൊക്കെ ഇത്തരത്തിലുള്ള അധിക്ഷേപങ്ങൾ സ്ത്രീകൾ നേരിടേണ്ടിവരുന്നത്. വിധവയായ ഒരു ഉമ്മ യാത്രയിലൂടെ തന്റെ സന്തോഷം കണ്ടെത്തിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. കോഴിക്കോട് സ്വദേശി നഫീസയുടെ മണാലി യാത്രയുടെ വിഡിയോയായിരുന്നു അത്. എന്നാൽ മക്കൾക്കൊപ്പം പോയ യാത്രയ്ക്കെതിരെ ഉയർന്ന വിമർശനത്തിൽ നഫീസുമ്മയെ ചേർത്തുനിർത്തുകയാണ് സൈബർ ലോകം.
ഒരു പരിപാടിക്കിടെ നഫീസുമ്മയുടെ യാത്രയെ വിമര്‍ശിച്ച് മതപണ്ഡിതൻ നടത്തിയ പരാമർശമാണ് സമൂഹമാധ്യമ ഉപയോക്താക്കളെ ചൊടിപ്പിച്ചത്. ‘25 വർഷം മുൻപ് ഭർത്താവ് മരിച്ച ഒരു വല്യുമ്മ ഏതോ മൂലയിലിരുന്ന് സ്വലാത്തും ദിഖ്‌റും ചൊല്ലുന്നതിനു പകരം ഏതോ അന്യസംസ്ഥാനത്തേക്ക് മഞ്ഞില്‍ കളിക്കാന്‍ പോയ വിഡിയോ കണ്ടവാരായിരിക്കും എന്റെ മുന്നിൽ ഇരിക്കുന്നത്. മഞ്ഞുവാരിയിങ്ങനെയിടുകയാണ് മൂപ്പത്തി. ഇതാണ് പ്രശ്നം. ചിലപ്പോള്‍ അത് ഈ നാട്ടുകാരി തന്നെയായിരിക്കും. എനിക്ക് വ്യക്തിപരമായി ആരോടും വിദ്വേഷമില്ല.’–എന്നാണ് ഇയാൾ തന്റെ പ്രസംഗത്തിൽ പരാമർശിച്ചത്. ഈ വിഡിയോ അതിവേഗം സമൂഹമാധ്യമത്തിൽ പ്രചരിച്ചു. പിന്നാലെ നഫീസുമ്മക്ക് സമൂഹത്തിന്‍റെ നാനാതുറകളില്‍ നിന്നുമുള്ളവര്‍ പിന്തുണയുമായി എത്തി.
‘മണിക്കൂറുകൾക്കകം അഞ്ച് മില്യണിന് മുകളിൽ വ്യൂവർസ് ഉണ്ടായിരുന്നു നഫീസുമ്മയുടെ വിഡിയോക്ക്. വീഡിയോ വൈറലായതിന് ശേഷം ചിരിച്ചുകൊണ്ട് ഉമ്മ അനുഭവം പറയുമ്പോൾ കേൾക്കുന്നവർക്ക് ആദ്യമൊന്ന് കണ്ണ് നിറയും. ജീവിതത്തിന്റെ വലിയൊരു ഭാഗവും സന്തോഷം അനുഭവച്ചിട്ടില്ലാത്ത സ്ത്രീ. അവർ അവരുടെ അമ്പത്തിയഞ്ചാം വയസ്സിൽ മകളോടൊപ്പം മണാലിയിലേക്ക് യാത്ര പോകുന്നു. സന്തോഷം കണ്ടെത്തുന്നു. റീൽ ചെയ്യുന്നു.ആ റീൽ കണ്ടാണ് നഗരത്തിലെ പ്രധാന ഉസ്താദുമാർക്ക് അസ്വസ്ഥത അനുഭവപ്പെടുന്നത്. അവരുടെ കാഴ്ചപാടിൽ ഭർത്താവ് മരിച്ചാൽ സ്ത്രീകൾ വീടിന്റെ മൂലയിലിരിക്കണം. സ്വലാത്തും ദിഖ്റും ചൊല്ലണം. മണാലിയും മഞ്ഞുമലയും ബീച്ചുകളും അവർക്ക് വിലക്കപ്പെട്ട സ്ഥലങ്ങളാണ്. ഇനി ഭർത്താവ് മരിക്കാത്ത സ്ത്രീകൾക്കായാലും സിംഗിൾ സ്ത്രീകൾക്കായാലും പ്രത്യേകിച്ച് ഇളവുകൾ ലഭിക്കുമെന്ന് കരുതേണ്ട. എവിടെയെങ്കിലും മനുഷ്യര്‍ (പ്രത്യേകിച്ച് മുസ്‌ലിം സ്ത്രീകൾ) സന്തോഷിക്കുന്നത് കാണുമ്പോൾ സന്തോഷങ്ങളിൽ കണ്ണിടുകയും മനുഷ്യരെ അപമാനിക്കുകയും ചെയ്യുന്നവർ. മനുഷ്യന്റെ ആഗ്രഹങ്ങൾക്ക് വിലക്കുതീർക്കുന്നവർ. ജീവിതം വരണ്ടതാക്കുന്നവർ.’– എന്നാണ് നഫീസുമ്മയെ പിന്തുണച്ചുകൊണ്ട് ജംഷിദ് പള്ളിപ്രം എന്ന വ്യക്തി സമൂഹമാധ്യമത്തിൽ കുറിച്ചത്.
എവിടെയാണോ സ്ത്രീ സന്തോഷിക്കുന്നത് അവിടെ ആ സന്തോഷം കെടുത്താൻ ഇത്തരം ചില തലേക്കെട്ടൻമാർ വരും. ഭർത്താവ് മരിച്ച സ്ത്രീ ഒരിക്കലും സന്തോഷിച്ചുകൂടാ. പകരം ഭാര്യ മരിച്ച പുരുഷനാണെങ്കിൽ സുഹൃത്തുക്കൾക്കൊപ്പം യാത്രപോകാം. സന്തോഷിക്കാമെന്നതാണ് ചിലരുടെ നിലപാട് എന്നിങ്ങനെയുള്ള വിമർശനങ്ങളും എത്തി. ‘പുറത്തേക്ക് മാത്രമേ ഈ വെളുപ്പും വൃത്തിയുമുള്ളൂ, അകം കറുപ്പും അഴുക്കുമാണ്.’– എന്നാണ് ചിലർ വിഡിയോയ്ക്കു താഴെ കമന്റ് ചെയ്തത്. ‘ഇവരുടെ ഉള്ളിലിരിപ്പ് വ്യക്തമാണ് ഭർത്താവ് മരിച്ചാൽ പിന്നെ അവൾ വെട്ടം കാണാൻ പുറത്തിറങ്ങരുത്.കാരണം ഇവർസ്ത്രീകളെ മനുഷ്യരായി പരിഗണിക്കുന്നേ ഇല്ല.’– എന്നിങ്ങനെയുള്ള കമന്റുകളും എത്തി.
അന്‍പത്തിയഞ്ചാംവയസ്സിൽ മണാലിക്ക് പോയ നഫീസുമ്മ കുറച്ചുനാളുകള്‍ക്ക് മുമ്പ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഉമ്മാനെയും കൂട്ടി മണാലിയിലേക്ക് ഇറങ്ങിയ മകള്‍ക്കും നന്ദി പറഞ്ഞ് കൊണ്ട് ‘പ്ലാന്‍ ടു ഗോ’ എന്ന ഇന്‍സ്റ്റാഗ്രാം പേജ് പങ്കുവച്ച വിഡിയോ അന്ന് കണ്ടത് ലക്ഷകണക്കിനാളുകൾ കണ്ടിരുന്നു.