നൂറു രൂപ പ്രീമിയം അടച്ചാൽ അഞ്ചു ലക്ഷം ഇൻഷുറൻസ്; 50% പ്രീമിയം സബ്സിഡിയിൽ പശുക്കൾക്കും പരിരക്ഷ

Mail This Article
നിനച്ചിരിക്കാത്ത സമയങ്ങളില്‍ തൊഴുത്തിന്റെ പടികയറിയെത്തുന്ന അപകടങ്ങള്‍ വരുത്തിവയ്ക്കുന്ന സാമ്പത്തികനഷ്ടത്തെ അതിജീവിക്കാൻ കര്‍ഷകര്‍ക്കുള്ള കൈത്താങ്ങാണ് ക്ഷീരമേഖലയിലെ ഇന്‍ഷുറന്‍സ് പദ്ധതികള്‍. ക്ഷീരമേഖലയില്‍ നിലവിലുള്ള ഇന്‍ഷുറന്‍സ് പദ്ധതികളില്‍ പ്രീമിയം നിരക്ക് ഏറ്റവും കുറവുള്ള പദ്ധതിയാണ് സംസ്ഥാനമൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന ഗോസമൃദ്ധി- നാഷനൽ ലൈവ്സ്റ്റോക്ക് മിഷൻ ഇൻഷുറൻസ് പദ്ധതി. പശുക്കള്‍ക്ക് മാത്രമല്ല അവയുടെ ഉടമകളായ ക്ഷീരകര്‍ഷകര്‍ക്കും ഏറ്റവും കുറഞ്ഞ പ്രീമിയത്തില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നു എന്നതും ഗോസമൃദ്ധി പദ്ധതിയുടെ മേന്മയാണ്. ഗോസമൃദ്ധി പദ്ധതിയുടെ 2024-2025 കാലയളവിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മൃഗസംരക്ഷണ വകുപ്പ് തുടക്കമിട്ടത് ഈയിടെയാണ്, ഇപ്പോൾ കർഷകർക്ക് തൊട്ടടുത്ത സർക്കാർ മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് ഈ പദ്ധതിയിൽ ചേരാൻ അവസരമുണ്ട്.
ഗോസമൃദ്ധി -നാഷനൽ ലൈവ്സ്റ്റോക്ക് മിഷൻ ഇൻഷുറൻസ് പദ്ധതിയില്‍ ഒരു വര്‍ഷം, മൂന്നു വര്‍ഷം എന്നീ കാലയളവുകളിലേക്കുള്ള പോളിസികളാണുള്ളത്. കര്‍ഷകര്‍ക്ക് ഇഷ്ടാനുസരണം ഇതില്‍നിന്നു പോളിസികള്‍ തിരഞ്ഞെടുക്കാം. രണ്ടു മുതൽ പത്തു വയസ്സുവരെ പ്രായമുള്ള പശുക്കളെയും എരുമകളെയും ഇൻഷുർ ചെയ്യാം. സങ്കരയിനം പശുക്കൾക്കും മറ്റു നാടൻ ജനുസ്സ് പശുക്കൾക്കും പദ്ധതിയിൽ പരിരക്ഷ കിട്ടും. കറവയുള്ള ഉരുക്കൾ ആണെങ്കിൽ പ്രതിദിനം കുറഞ്ഞത് 7 ലീറ്റർ എങ്കിലും ഉൽപാദനമുള്ളവയായിരിക്കണം. 7 മാസത്തിനു മുകളില്‍ ഗര്‍ഭമുള്ള കിടാരികളെയും എരുമക്കുട്ടികളെയും ഇന്‍ഷുര്‍ ചെയ്യാന്‍ പദ്ധതിയില്‍ അവസരമുണ്ട്. പരമാവധി ഒരു കർഷകന്റെ അഞ്ചു പശുക്കളെ വരെ പദ്ധതിക്കു കീഴിൽ ഇൻഷുർ ചെയ്യാൻ അവസരമുണ്ട്.

ഏറ്റവും ചുരുങ്ങിയത് 10,000 രൂപയ്ക്ക് മുതൽ 65,000 രൂപയ്ക്കു വരെ ഉരുക്കളെ ഇൻഷുർ ചെയ്യാം. ഒരുവര്‍ഷത്തേക്ക് പോളിസിയെടുക്കാന്‍ ഉരുവിന്റെ മതിപ്പുവിലയുടെ 4.48 ശതമാനവും, മൂന്നു വര്‍ഷത്തേക്ക് 10.98 ശതമാനവുമാണ് പ്രീമിയം തുക. പോളിസികളുടെ പ്രീമിയം തുകയില്‍ സര്‍ക്കാര്‍ സബ്സിഡിയും അനുവദിക്കും. പൊതുവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പ്രീമിയത്തിന്റെ 50 ശതമാനവും പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കര്‍ഷകര്‍ക്ക് പ്രീമിയം തുകയുടെ 70 ശതമാനവുമാണ് സബ്സിഡി. കൂടാതെ കേരളാ ഫീഡ്സ് ലിമിറ്റഡ് കമ്പനിയും കർഷകർക്ക് ആകെ അടക്കേണ്ട പ്രീമിയത്തിൽ 100 മുതൽ 250 രൂപ വരെ അധിക സബ്‌സിഡി അനുവദിക്കുന്നുണ്ട്. ഈ കിഴിവുകൾ കഴിച്ച് പൊതുവിഭാഗത്തില്‍പ്പെട്ട കര്‍ഷകര്‍ 65,000 രൂപ മതിപ്പുവിലയുള്ള ഒരു പശുവിനെ ഇന്‍ഷുര്‍ ചെയ്യാന്‍ ഒരു വര്‍ഷത്തേക്ക് 1356 രൂപയും മൂന്നു വര്‍ഷത്തേക്കാണെങ്കില്‍ 3319 രൂപയും പ്രീമിയമായി അടച്ചാല്‍ മതിയാവും. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ക്ഷീരകര്‍ഷകര്‍ക്ക് 65,000 മതിപ്പുവിലയുള്ള ഒരു ഉരുവിനെ ഒരുവർഷത്തേക്കും മൂന്നു വർഷത്തേക്കും ഇൻഷുർ ചെയ്യാൻ യഥാക്രമം 774, 1892 രൂപ വീതമായിരിക്കും പോളിസി പ്രീമിയം. മുൻപുണ്ടായിരുന്ന രീതിയിൽ പശുക്കള്‍ക്ക് 65,000 രൂപയ്ക്കു മുകളില്‍ മതിപ്പുവിലയുണ്ടെങ്കില്‍ അധിക പോളിസികള്‍ എടുക്കാനുള്ള സൗകര്യം ഇത്തവണയില്ല. വളര്‍ത്തുമൃഗങ്ങള്‍ മരണപ്പെട്ടാല്‍ പോളിസി പ്രകാരം ഇന്‍ഷുര്‍ ചെയ്ത പൂര്‍ണമായ തുകയും അവയുടെ ഉല്‍പാദന-പ്രത്യുല്‍പാദന ശേഷികള്‍ നഷ്ടമാവുന്ന തരത്തിലുള്ള രോഗാവസ്ഥകള്‍ പിടിപെട്ടാല്‍ പോളിസിയുടെ 50 % തുകയും കര്‍ഷകനു ലഭിക്കും. പശുക്കളെ പോളിസി കാലയളവില്‍ വില്‍ക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യുന്നുണ്ടെങ്കില്‍ പോളിസി പുതിയ ഉടമയിലേക്കു മാറ്റാനുളള സൗകര്യവും പദ്ധതിയില്‍ ലഭിക്കും.
പശുക്കള്‍ക്ക് മാത്രമല്ല ക്ഷീരകര്‍ഷകര്‍ക്കും

താൽപര്യമുള്ള ക്ഷീരകർഷകർക്ക് പശുക്കളുടെ ഇൻഷുറൻസിനൊപ്പം പരമാവധി 5 ലക്ഷം രൂപയുടെ വരെ വ്യക്തിഗത അപകട, അപകട മരണ ഇൻഷുറൻസ് പരിരക്ഷ ലഭിക്കാൻ അപേക്ഷിക്കാനും പദ്ധതിയിൽ അവസരമുണ്ട്. 18 മുതൽ 70 വയസ്സ് വരെ പ്രായമുള്ള ക്ഷീരകർഷകർക്കാണ് ഗോസമൃദ്ധി പദ്ധതിയിൽ പശുക്കളെ ഇൻഷുറൻസ് ചെയ്യുന്നതിനൊപ്പം പേഴ്‌സണൽ ആക്സിഡന്റ് കവറേജ് നേടാൻ അവസരമുള്ളത്. കന്നുകാലി ഇൻഷുറൻസ് ചെയ്യുന്നതിനൊപ്പം 20 രൂപ അധികമായി പ്രീമിയം അടച്ചാൽ ഒരു ലക്ഷം രൂപയുടെ വ്യക്തിഗത ഇൻഷുറൻസ് നേടാം. നൂറു രൂപ പ്രീമിയം അടച്ചാൽ ഒരുവർഷത്തേക്കു പരമാവധി അഞ്ചു ലക്ഷം രൂപയുടെ അപകടമരണ ഇൻഷുറൻസ് പരിരക്ഷ നേടാം. അപകടമരണത്തിനും പൂര്‍ണമോ ഭാഗികമോ ആയ അംഗവൈകല്യം സംഭവിച്ചാലും പോളിസി തുക ലഭ്യമാകും. കര്‍ഷകരുടെ വ്യക്തിസുരക്ഷാ ഇന്‍ഷുറന്‍സിന് സര്‍ക്കാരിന്റെ സബ്സിഡിയില്ല.
കേന്ദ്ര സർക്കാരിന്റെ കൂടെ സഹകരണത്തോടെ നടപ്പാക്കുന്ന ഗോസമൃദ്ധി - നാഷനൽ ലൈവ്സ്റ്റോക്ക് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്തെ അത്യുല്‍പ്പാദനശേഷിയുള്ള 40,565 ഉരുക്കളെ ഇന്‍ഷുര്‍ ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ഫീല്‍ഡ് തലത്തില്‍ ഇൻഷുറൻസ് പദ്ധതിയിലേക്ക് പശുക്കളെ തിരഞ്ഞെടുക്കുന്നതും, ഉരുവിന്റെ മതിപ്പുവില നിര്‍ണ്ണയിക്കുന്നതും, തിരിച്ചറിയല്‍ അടയാളമായ ഇയര്‍ ടാഗിങ് നടത്തുന്നതും മൃഗസംരക്ഷണവകുപ്പിലെ വെറ്ററിനറി സര്‍ജന്മാരാണ്. ഇന്‍ഷുറന്‍സ് പ്രീമിയം തുകയുടെ കര്‍ഷകവിഹിതം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴിയാണ് സമാഹരിക്കുക. ക്രെഡിറ്റ് കാര്‍ഡോ, ഡെബിറ്റ് കാര്‍ഡോ ഉപയോഗിച്ചോ, ഓണ്‍ലൈന്‍ വഴിയോ നേരിട്ടോ കര്‍ഷകര്‍ക്ക് എളുപ്പത്തില്‍ പ്രീമിയം അടയ്ക്കാം.

ഇക്കാര്യങ്ങള്‍ ഓര്‍ത്തുവയ്ക്കാം
- ഇന്‍ഷുറന്‍സ് പരിരക്ഷ എടുക്കുന്ന സമയത്ത് മൃഗങ്ങള്‍ക്ക് പൂര്‍ണ്ണ ആരോഗ്യമുണ്ടായിരിക്കേണ്ടത് നിര്‍ബന്ധമാണ്. മതിയായ വാസസ്ഥലവും യഥേഷ്ടം കുടിവെള്ളവും പോഷകാഹാരവുമെല്ലാം ഉറപ്പുവരുത്തുകയും വേണം. ഉരുക്കള്‍ക്ക് പ്രതിരോധ കുത്തിവപ്പുകള്‍ കൃത്യമായി എടുക്കാനും കൃത്യമായ ഇടവേളകളില്‍ ആന്തര ബാഹ്യപരാദങ്ങള്‍ക്കെതിരെ മരുന്നുകള്‍ നല്‍കാനും ശ്രദ്ധിക്കണം.
- കമ്മലില്ലെങ്കില്‍ പോളിസിയില്ല: ഏതെങ്കിലും കാരണവശാല്‍ തിരിച്ചറിയല്‍ അടയാളമായ കാതിലെ കമ്മല്‍ നഷ്ടപ്പെടുകയാണെങ്കില്‍ ഉടനെ വിവരം ഡോക്ടറെ അറിയിക്കണം. ഡോക്ടറുടെ സഹായത്തോടെ ഉരുവിന് പുതിയ ടാഗ് അടിച്ച് അതിന്‍റെ ഫോട്ടോ സഹിതം ഇന്‍ഷുറന്‍സ് കമ്പനിയില്‍ എഴുതി സമര്‍പ്പിക്കണം. ഇന്‍ഷുറൻസിനായുള്ള അപേക്ഷയോടൊപ്പം കാതിലെ കമ്മലും ഹാജരാക്കേണ്ടത് പ്രധാനമാണ്.
- വളര്‍ത്തുമൃഗങ്ങളുടെ അസുഖങ്ങള്‍ക്ക് വെറ്ററിനറി ഡോക്ടറുമായി തന്നെ ബന്ധപ്പെട്ട് കൃത്യമായ ചികിത്സ തേടാന്‍ ശ്രദ്ധിക്കണം. അംഗീകൃത ഡോക്ടറുടെ ചികിത്സാരേഖയും സാക്ഷ്യപത്രവും ക്ലെയിം തീര്‍പ്പാക്കാന്‍ നിര്‍ബന്ധമാണ്. ഉൽപാദന–പ്രത്യുല്‍പാദന ശേഷി നഷ്ടപ്പെട്ടതോ, സ്ഥിരമായ പൂര്‍ണ അംഗവൈകല്യം സംഭവിച്ചതോ ആയ സാഹചര്യങ്ങളില്‍ ചികിത്സയുടെ വിവരങ്ങള്‍ അടങ്ങിയ പൂര്‍ണ രേഖ, മരുന്നുപയോഗത്തിന്റെ രേഖകള്‍, മരുന്ന് ബില്ലുകള്‍ എന്നിവ സഹിതമാണ് അപേക്ഷ നല്‍കേണ്ടത്. ഇന്‍ഷുറന്‍സ് പോളിസി എടുക്കുമ്പോള്‍ ലഭിക്കുന്ന ക്ലെയിം ഫോമിനോടൊപ്പം ഇത്തരം ചികിത്സാ രേഖകളും ബില്ലുകളുമെല്ലാം സുരക്ഷിതമായി സൂക്ഷിക്കാന്‍ ക്ഷീരകര്‍ഷകര്‍ മറക്കരുത്.
- വന്ധ്യതയടക്കം പ്രത്യുൽപാദനശേഷി നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട അപേക്ഷകള്‍ക്കൊപ്പം മൃഗസംരക്ഷണവകുപ്പിന്റെ ഓണ്‍ലൈന്‍ കൃത്രിമ ബീജധാന റജിസ്റ്ററിലെ വിവരങ്ങളുടെ പ്രിന്റൗട്ട് എടുത്ത് ചേര്‍ക്കണം. ഓരോ പശുക്കളുടെയും കൃത്രിമ ബീജധാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വകുപ്പ് ഓണ്‍ലൈനായി രേഖപ്പെടുത്തി സൂക്ഷിക്കുന്നതിനാല്‍ സര്‍ക്കാര്‍ ആശുപത്രികളുമായി ബന്ധപ്പെട്ട് തന്നെ പശുക്കളിലെ കൃത്രിമ ബീജാധാനം നടത്താന്‍ ശ്രദ്ധിക്കണം.
- പ്രകൃതിദുരന്തങ്ങള്‍, അത്യാഹിതങ്ങള്‍ തുടങ്ങി ശസ്ത്രക്രിയയ്ക്കിടെ അപകടം സംഭവിച്ചാല്‍ വരെ ഇന്‍ഷുറന്‍സ് പരിധിയില്‍ ഉള്‍പ്പെടും. പശുവിനെ മനപ്പൂർവം പരിക്കേല്‍പ്പിക്കുക, കശാപ്പു ചെയ്യുക, കളവുപോവുക, കാതിലെ കമ്മലില്‍ കൃത്രിമം നടത്തല്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ല. ഇന്‍ഷുറന്‍സ് പോളിസി ആരംഭിച്ച് ചുരുങ്ങിയത് 30 ദിവസത്തിനു ശേഷം മാത്രം സംഭവിക്കുന്ന അത്യാഹിതങ്ങള്‍ മാത്രമേ പരിരക്ഷയുടെ പരിധിയില്‍ ഉള്‍പ്പെടുകയുള്ളൂ എന്നതും ഓര്‍ക്കണം. പശുക്കളുടെ വന്ധ്യതയുമായി ബന്ധപ്പെട്ട കേസുകളിൽ കാത്തിരിപ്പ് കാലയളവ് പോളിസി ആരംഭിച്ച് 60 ദിവസമാണ്.
- പോളിസി കാലാവധി തീരും മുമ്പ് ഉരുവിനെ കൈമാറ്റം ചെയ്യുകയോ വില്‍ക്കുകയോ ചെയ്താല്‍ വിവരം കമ്പനിയെ അറിയിച്ച് ക്ലെയിം പുതിയ ഉടമയുടെ പേരിലേക്ക് മാറ്റേണ്ടതാണ്. മൃഗങ്ങളെ കൈമാറ്റം ചെയ്താലും പദ്ധതിക്കു കീഴില്‍ എടുത്തിട്ടുള്ള കര്‍ഷകരുടെ വ്യക്തിപരമായ ഇന്‍ഷുറന്‍സ് പോളിസി നിലനില്‍ക്കുമെന്ന കാര്യം ഓര്‍ത്തുവയ്ക്കണം.
- പോളിസിയെടുക്കുന്ന സമയത്ത് ലഭിക്കുന്ന ക്ലെയിം ഫോറവും, മറ്റു രേഖകളും സുരക്ഷിതമായി സൂക്ഷിച്ചുവയ്ക്കണം. അപകടങ്ങള്‍ സംഭവിച്ചാല്‍ ധനസഹായത്തിനുള്ള അപേക്ഷ സര്‍ക്കാര്‍ വെറ്ററിനറി ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ ക്ലെയിം ഫോം, മരണ സര്‍ട്ടിഫിക്കറ്റ്, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് എന്നിവ സഹിതം 5 ദിവസത്തിനുള്ളില്‍ മെയിൽ വഴി വകുപ്പിന്റെ ഇൻഷുറൻസ് സെല്ലിന് സമര്‍പ്പിക്കണം.
പോളിസിയെടുക്കാന്‍ ഇനി വൈകണ്ട
ആശങ്കകള്‍ ഒന്നുമില്ലാതെ ക്ഷീരസംരംഭം നടത്താനും. അപ്രതീക്ഷമായെത്തുന്ന അപകടങ്ങള്‍ വരുത്തിവയ്ക്കുന്ന സാമ്പത്തിക നഷ്ടം നികത്താനും ഇന്‍ഷുറന്‍സിനേക്കാള്‍ മികച്ച ഒരു വഴിയില്ല. ഇന്‍ഷുറന്‍സ് പരിരക്ഷകള്‍ ഉണ്ടെങ്കില്‍ മറ്റൊരു സഹായത്തിനു കാത്തുനില്‍ക്കാതെ സ്വയം അതിജീവനം സാധ്യമാകും എന്നതില്‍ സംശയമില്ല. തങ്ങളുടെ ക്ഷീരസംരംഭത്തെയും ഗോസമൃദ്ധി പദ്ധതിയില്‍ ഉള്‍പ്പെടുത്തി സാമ്പത്തിക സുരക്ഷിതമാക്കാന്‍ ആഗ്രഹിക്കുന്ന കര്‍ഷകര്‍ തൊട്ടടുത്ത സര്‍ക്കാര്‍ മൃഗാശുപത്രിയില്‍ ബന്ധപ്പെട്ടാല്‍ മതി. മറ്റ് ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ഉള്‍പ്പെട്ടിട്ടുള്ള പശുക്കളെ വീണ്ടും ഈ പദ്ധതികള്‍ക്ക് കീഴില്‍ ഇന്‍ഷുര്‍ ചെയ്യേണ്ടതില്ല.