സൂര്യനിൽ സൗരവാതം പിറക്കുന്നതെവിടെ? പുതിയ കണ്ടെത്തലുമായി സോളർ ഓർബിറ്റർ

Mail This Article
ശതകോടിക്കണക്കിനു പദാർഥകണികകൾ ഉൾപ്പെട്ടതാണു സൗരവാതം. സൗരവാതം ഭൂമിക്കരികിലെത്തുമ്പോൾ, അതു ഭൂമിയുടെ കാന്തികമണ്ഡലവുമായി പ്രവർത്തനം നടത്തുകയും ഭൗമകാന്തിക കൊടുങ്കാറ്റിന് വഴിയൊരുക്കുകയും ചെയ്യും. ഇതുമൂലം ബഹിരാകാശ പേടകങ്ങൾ, ഉപഗ്രഹങ്ങൾ തുടങ്ങിയവയ്ക്ക് പ്രതിസന്ധി നേരിടാം. ഭൂമിയിലെ ആശയവിനിമയരംഗത്തെ ഇതു ചിലപ്പോഴൊക്കെ ബാധിക്കുകയും ചെയ്യാം. ധ്രുവധീപ്തികൾ എന്നറിയപ്പെടുന്ന ഓറോറ പ്രകാശങ്ങൾ ധ്രുവപ്രദേശത്ത് ഉടലെടുക്കുന്നതിനും സൗരവാതം കാരണമാകും.
സാധാരണ ഗതിയിൽ സൗരവാതങ്ങൾ ജനജീവിതത്തെ കടുത്ത നിലയിൽ ബാധിക്കാറില്ല. എന്നാൽ 1989ൽ ഒരു സൗരവാത പതനത്തിന്റെ ഫലമായി കാനഡയിലെ ക്യുബെക്കിൽ 9 മണിക്കൂറോളം വൈദ്യുതി മുടങ്ങിയിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിലും സൗരവാതം ഭൂമിയെ ആക്രമിച്ചെങ്കിലും ആശയവിനിമയത്തിലൊന്നും വലിയ തകരാർ സംഭവിച്ചില്ല. ഇത്രയൊക്കെ പ്രാധാന്യമുള്ള പ്രതിഭാസമാണു സൗരവാതമെന്നു കൂട്ടുകാർക്ക് മനസ്സിലായല്ലോ.
ഈ സൗരവാതങ്ങൾ സൂര്യനിൽ ഉത്ഭവിക്കുന്ന ശ്രോതസ്സ് സംബന്ധിച്ച് പുതിയൊരു കണ്ടെത്തൽ പുറത്തുവന്നിരിക്കുകയാണ്. യൂറോപ്യൻ സ്പേസ് ഏജൻസിയുടെ സോളർ ഓർബിറ്റർ ദൗത്യമാണ് ഈ കണ്ടെത്തലിനുള്ള തെളിവ് നൽകിയിരിക്കുന്നത്. സൂര്യന്റെ ഉപരിതലത്തിലെമ്പാടുമുള്ള കൊറോണൽ ഹോളുകൾ എന്ന ഘടനകളിൽ നിന്ന് പുറപ്പെടുന്ന ചെറിയ എന്നാൽ കരുത്തുറ്റ ഊർജധാരകളാണ് സൗരവാതത്തിനു വഴിയൊരുക്കുന്നതെന്നാണു ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്. ഇത്തരം ജെറ്റുകൾ ഒരു മിനിറ്റിൽ താഴെ മാത്രമാണു നിലനിൽക്കുന്നത്.