മുൻ ഭാര്യ ആശുപത്രിയിൽ, അടിയന്തര ശസ്ത്രക്രിയ; ഒപ്പം നിന്ന് എ.ആർ.റഹ്മാൻ, പിന്തുണയ്ക്ക് നന്ദി പറഞ്ഞ് കുറിപ്പ്

Mail This Article
സംഗീതസംവിധായകൻ എ.ആർ.റഹ്മാന്റെ മുൻ ഭാര്യ സൈറ ഭാനു ആശുപത്രിയിൽ. സൈറയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയെന്നും ആരോഗ്യം വീണ്ടെടുക്കാൻ എല്ലാവരുടെയും പ്രാർഥനയും പിന്തുണയും ആവശ്യമുണ്ടെന്നും അഭിഭാഷകയും സുഹൃത്തുമായ വന്ദന ഷാ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. ആശുപത്രിവാസത്തിനിടെ പിന്തുണയും സഹായവും നല്‍കിയതിന് എ.ആര്‍.റഹ്‌മാനോട് സൈറ പ്രത്യേകം നന്ദി അറിയിച്ചു. അതേസമയം, സൈറയുടെ അസുഖം എന്താണെന്നത് സംബന്ധിച്ചോ അസുഖത്തിന്‍റെ മറ്റുവിശദാംശങ്ങളോ ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തിയിട്ടില്ല.
‘ഏറെ വെല്ലുവിളിനിറഞ്ഞ ഈ സമയത്ത് സൈറയുടെ ശ്രദ്ധ എത്രയും വേഗം സുഖംപ്രാപിക്കുന്നതില്‍ മാത്രമാണ്. ചുറ്റുമുള്ളവരുടെ കരുതലും പിന്തുണയും സൈറ ഏറെ വിലമതിക്കുന്നു. അവരുടെ ക്ഷേമത്തിനായി എല്ലാവരും പ്രാര്‍ഥിക്കണമെന്ന് അഭ്യർഥിക്കുകയാണെന്ന് പ്രസ്താവനയിൽ പറയുന്നു. ഈ വിഷമകരമായ സമയത്ത് ഉറച്ച പിന്തുണ നല്‍കിയ ലൊസാഞ്ചലസിലെ സുഹൃത്തുക്കള്‍, റസൂല്‍ പൂക്കുട്ടി, അദ്ദേഹത്തിന്റെ ഭാര്യ ഷാദിയ, വന്ദനാ ഷാ, റഹ്‌മാന്‍ എന്നിവരോട് ഹൃദയത്തില്‍നിന്ന് നന്ദി അറിയിക്കുകയാണെന്നും അവരുടെ കരുണയ്ക്കും അവര്‍ നല്‍കിയ പിന്തുണയ്ക്കും താൻ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നുവെന്നും ദൈവം അനുഗ്രഹിക്കട്ടെയെന്നും സൈറ പ്രതികരിച്ചു. ഈ സമയത്ത് സൈറ റഹ്‌മാന് സ്വകാര്യത ആവശ്യമാണെന്നും സൈറയ്ക്കു വേണ്ടി പുറത്തിറക്കിയ പ്രസ്താവനയില്‍ വന്ദനാ ഷാ വ്യക്തമാക്കി.
കഴിഞ്ഞ വർഷം നവംബറിലാണ് എ.ആർ.റഹ്മാനും സൈറ ഭാനുവും വേർപിരിഞ്ഞത്. ഔദ്യോഗിക പ്രസ്താവനയിലൂടെ വന്ദനാ ഷാ ആണ് ഇക്കാര്യം അറിയിച്ചത്. പിന്നാലെ, അത് അവരുടെ വ്യക്തിപരമായ പ്രശ്നമാണെന്നും സാഹചര്യം മനസ്സിലാക്കണമെന്നും സ്വകാര്യതയെ മാനിക്കണമെന്നും അഭ്യർഥിച്ച് മൂന്ന് മക്കളും രംഗത്തെത്തി. 1995ലാണ് എ.ആർ.റഹ്മാനും സൈറ ഭാനുവും വിവാഹിതരായത്. 29 വർഷം നീണ്ട ദാമ്പത്യബന്ധമാണ് ഇരുവരും അവസാനിപ്പിച്ചത്.