ലക്നൗവിലും പഞ്ചാബിനു തന്നെ ‘ശ്രേയസ്’; ഋഷഭ് പന്തിന്റെ ലക്നൗ സൂപ്പർ ജയന്റ്സിനെയും വീഴ്ത്തി തുടർച്ചയായ രണ്ടാം ജയം– വിഡിയോ

Mail This Article
ലക്നൗ∙ ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ നേതൃത്വത്തിൽ പേരു കാത്ത പ്രകടനവുമായി ഒരിക്കൽക്കൂടി കളത്തിലെ ‘കിങ്സ്’ ആയതോടെ, ഐപിഎൽ 18–ാം സീസണിൽ തുടർച്ചയായ രണ്ടാം ജയം കുറിച്ച് പഞ്ചാബ് കിങ്സ്. ബോളർമാർക്കും പിന്തുണ നൽകിയ ലക്നൗവിലെ അടൽ ബിഹാരി വാജ്പേയി സ്റ്റേഡിയത്തിൽ ആതിഥേരായ ലക്നൗവിനെ എട്ടു വിക്കറ്റിന് തകർത്താണ് പഞ്ചാബ് രണ്ടാം ജയം കുറിച്ചത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ലക്നൗ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 171 റൺസ്. ബോളർമാർക്കു പിന്നാലെ ബാറ്റർമാരും മിന്നിത്തിളങ്ങിയതോടെ 22 പന്തും എട്ടു വിക്കറ്റും ബാക്കിയാക്കി പഞ്ചാബ് വിജയത്തിലെത്തി.
തുടർച്ചയായ രണ്ടാം മത്സരത്തിലും തകർപ്പൻ അർധസെഞ്ചറിയുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ ശ്രേയസ് അയ്യർ, മിന്നുന്ന തുടക്കം സമ്മാനിച്ച് അർധസെഞ്ചറി കടന്ന ഓപ്പണർ പ്രഭ്സിമ്രാൻ സിങ് എന്നിവരുടെ ഇന്നിങ്സാണ് പഞ്ചാബിന് അനായാസ വിജയമൊരുക്കിയത്. പ്രഭ്സിമ്രാൻ സിങ് 34 പന്തിൽ ഒൻപതു ഫോറും മൂന്നു സിക്സും സഹിതം 69 റൺസുമായി പഞ്ചാബിന്റെ ടോപ് സ്കോററായി. ശ്രേയസ് അയ്യർ 30 പന്തിൽ മൂന്നു ഫോറും നാലു സിക്സും സഹിതം 52 റൺസുമായി പുറത്താകാതെ നിന്നു.
ഇവർക്കു പുറമേ, ഇംപാക്ട് സബ് ആയി കളത്തിലിറങ്ങിയ നേഹൽ വധേരയുടെ ബാറ്റിങ് വെടിക്കെട്ടും പഞ്ചാബിന്റെ വിജയം അനായാസമാക്കി. വധേര 25 പന്തിൽ മൂന്നു ഫോറും നാലു സിക്സും സഹിതം 43 റൺസോടെയും പുറത്താകാതെ നിന്നു. പഞ്ചാബ് നിരയിൽ നിരാശപ്പെടുത്തിയത് ഒൻപതു പന്തിൽ ഒരു ഫോർ സഹിതം എട്ടു റൺസെടുത്ത് പുറത്തായ ഓപ്പണർ പ്രിയാൻഷ് ആര്യ മാത്രം.
പഞ്ചാബിനായി പ്രഭ്‌സിമ്രാൻ – ശ്രേയസ് അയ്യർ സഖ്യം രണ്ടാം വിക്കറ്റിൽ 44 പന്തിൽ 84 റൺസ് കൂട്ടിച്ചേർത്ത് തകർപ്പൻ വിജയത്തിന് അടിത്തറയിട്ടു. പിരിയാത്ത മൂന്നാം വിക്കറ്റിൽ ശ്രേയസ് അയ്യർ – നേഹൽ വധേര സഖ്യം 37 പന്തിൽ 67 റൺസ് കൂട്ടിച്ചേർത്ത് ടീമിനെ വിജത്തിലെത്തിച്ചു. പഞ്ചാബിന് നഷ്ടമായ രണ്ടു വിക്കറ്റുകളും ദിഗ്‌വേഷ് സിങ് സ്വന്തമാക്കി. നാല് ഓവറിൽ 30 റൺസ് വഴങ്ങിയാണ് താരം രണ്ടു വിക്കറ്റെടുത്തത്.
∙ അടിവച്ചടിവച്ച് ലക്നൗ!
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ലക്നൗ, നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 171 റൺസെടുത്തത്. 30 പന്തിൽ അഞ്ച് ഫോറും രണ്ടു സിക്സും ഹിതം 44 റൺസെടുത്ത വിൻഡീസ് താരം നിക്കൊളാസ് പുരാൻ ഒരിക്കൽക്കൂടി ലക്നൗവിന്റെ ടോപ് സ്കോററായി. ഒരു ഘട്ടത്തിൽ മൂന്നിന് 35 റൺസ് എന്ന നിലയിൽ തകർന്ന ലക്നൗവിനെ, നാലാം വിക്കറ്റിൽ പുരാൻ – ആയുഷ് ബദോനി സഖ്യം പടുത്തുയർത്തിയ അർധസെഞ്ചറി കൂട്ടുകെട്ടാണ് ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. 40 പന്തിൽ ഇരുവരും ചേർന്ന് ലക്നൗ സ്കോർ ബോർഡിൽ എത്തിച്ചത് 54 റൺസ്. ബദോനി 44 പന്തിൽ ഒരു ഫോറും മൂന്നു സിക്സും സഹിതം 41 റൺസെടുത്ത് പുറത്തായി.
ബാറ്റർമാരെ ബോളർമാർ വരുതിക്കു നിർത്തുന്നതായിരുന്നു ഇന്നിങ്സിലെ പൊതുവായ കാഴ്ചയെങ്കിൽ, അവസാന ഓവറുകളിൽ തകർത്തടിച്ച് 12 പന്തിൽ 27 റൺസെടുത്ത അബ്ദുൽ സമദിന്റെ പ്രകടനം ശ്രദ്ധേയമായി. രണ്ടു വീതം സിക്സും ഫോറും സഹിതമാണ് സമദ് 27 റൺസെടുത്തത്. ആറാം വിക്കറ്റിൽ ബദോനി – സമദ് സഖ്യം വെറും 21 പന്തിൽ നിന്നും 47 റൺസടിച്ചു കൂട്ടിയതും ലക്നൗ ഇന്നിങ്സിൽ നിർണായകമായി.
18 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 28 റൺസെടുത്ത ഓപ്പണർ എയ്ഡൻ മർക്രമാണ് ലക്നൗ നിരയിൽ തിളങ്ങിയ മറ്റൊരു താരം. അതേസമയം, ഓപ്പണർ മിച്ചൽ മാർഷ് (0), ക്യാപ്റ്റൻ ഋഷഭ് പന്ത് (അഞ്ച് പന്തിൽ രണ്ട്) എന്നിവർ നിരാശപ്പെടുത്തി. ഡേവിഡ് മില്ലർ 18 പന്തിൽ മൂന്നു ഫോറുകളോടെ 19 റൺസെടുത്ത് പുറത്തായി. ഷാർദുൽ ഠാക്കൂർ മൂന്നു പന്തിൽ മൂന്നു റൺസുമായി പുറത്താകാതെ നിന്നു.
പഞ്ചാബിനായി അർഷ്ദീപ് സിങ് നാല് ഓവറിൽ 43 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ഇതിൽ 20 റൺസും അർഷ്ദീപ് എറിഞ്ഞ 18–ാം ഓവറിൽ അബ്ദുൽ സമദ് അടിച്ചെടുത്തതാണ്. ലോക്കി ഫെർഗൂസൻ, ഗ്ലെൻ മാക്സ്‍വെൽ, മാർക്കോ യാൻസൻ, യുസ്‌വേന്ദ്ര ചെഹൽ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.