വിനേഷ് ഫോഗട്ടിന് ബിജെപി സർക്കാരിന്റെ ജോലിയും സ്ഥലവും വേണ്ട, പകരം കാശ് മതി; സമ്മാനമായി ലഭിക്കുക കോടികൾ!

Mail This Article
ചണ്ഡിഗഡ്∙ പാരിസ് ഒളിംപിക്സിലെ മികച്ച പ്രകടനത്തിന് ഹരിയാനയിലെ ബിജെപി സർക്കാർ പ്രഖ്യാപിച്ച പാരിതോഷികങ്ങളിൽ, നാലു കോടി രൂപയുടെ ക്യാഷ് പ്രൈസ് തിരഞ്ഞെടുത്ത് കോൺഗ്രസ് എംഎൽഎ കൂടിയായ മുൻ ഗുസ്തി താരം വിനേഷ് ഫോഗട്ട്. ഗ്രൂപ്പ് എ വിഭാഗത്തിൽ സർക്കാർ ജോലി, വീടുവയ്ക്കാൻ നഗരമധ്യത്തിൽത്തന്നെ സ്ഥലം എന്നീ ‘ഓഫറു’കൾ വേണ്ടെന്നുവച്ചാണ്, നാലു കോടി രൂപയുടെ ക്യാഷ് പ്രൈസ് വിനേഷ് ഫോഗട്ട് തിരഞ്ഞെടുത്തത്.
പാരിസ് ഒളിംപിക്സിൽനിന്ന് വിവാദത്തിന്റെ അകമ്പടിയോടെ പുറത്തായ വിനേഷ് ഫോഗട്ടിന്, വെള്ളി മെഡൽ ജേതാക്കൾക്കു തത്തുല്യമായ പരിഗണന നൽകിയാണ് ഈ മൂന്നു വാഗ്ദാനങ്ങൾ ബിജെപി ഭരിക്കുന്ന സംസ്ഥാന സർക്കാർ മുന്നോട്ടുവച്ചത്. 100 ഗ്രാം ഭാരക്കൂടുതൽ ചൂണ്ടിക്കാട്ടി വിനേഷിനെ 50 കി.ഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഫൈനൽ കളിക്കാൻ അനുവദിക്കാതെ പുറത്താക്കിയത് വൻ വിവാദമായിരുന്നു.
ഒളിംപിക് മെഡൽ ജേതാക്കൾക്ക് ഉൾപ്പെടെ നിശ്ചിതമായ പാരിതോഷികം ഉറപ്പാക്കുന്ന ഹരിയാന ഷെഹ്‌രി വികാസ് പ്രതികരൺ (എച്ച്എസ്‌വിപി) എന്ന പദ്ധതിയുടെ ഭാഗമായാണ് വിനേഷ് ഫോഗട്ടിനും സമ്മാനം പ്രഖ്യാപിച്ചത്. ഈ പദ്ധതിപ്രകാരം ഒളിംപ്യൻമാർ ഉൾപ്പെടെ യോഗ്യരായ കായികതാരങ്ങൾക്ക് കായിക വിഭാഗത്തിൽ ഡപ്യൂട്ട് ഡയറക്ടർ തലത്തിലുള്ള തസ്തികയിൽ ജോലി സ്വീകരിക്കാനും അവസരമുണ്ട്.
വിനേഷ് ഫോഗട്ട് ഒളിംപിക്സ് ഫൈനലിൽ മത്സരിക്കാനാകാതെ പുറത്തായെങ്കിലും, താരത്തെ മെഡൽ ജേതാവായി പരിഗണിച്ച് പാരിതോഷികം നൽകുമെന്ന് ഹരിയാന മുഖ്യമന്ത്രി നായബ് സിങ് സെയ്നി 2024 ഓഗസ്റ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യം അടുത്തിടെ ഹരിയാന നിയമസഭയിലെ ബജറ്റ് സമ്മേളനത്തിനിടെ വിനേഷ് ഫോഗട്ട് ഉയർത്തിക്കാട്ടിയതോടെയാണ് സർക്കാർ അടിയന്തര ഇടപെടലിലൂടെ പാരിതോഷികം ഉറപ്പാക്കിയത്.
ഒളിംപിക്സിനു ശേഷം ദേശീയ ശ്രദ്ധ നേടിയ രാഷ്ട്രീയ നീക്കത്തിലൂടെ കോൺഗ്രസിൽ ചേർന്ന വിനേഷ് ഫോഗട്ട്, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ജുലാന മണ്ഡലത്തിൽനിന്ന് ജയിച്ചാണ് എംഎൽഎയായത്.