ADVERTISEMENT
Hello there!
We’ve noticed you're using an ad blocker.
Reading matters. So does your experience.
Get ad-free access + premium stories starting at just ₹1/day.

സ്വർണവില പവന് 70,000 രൂപയ്ക്ക് തൊട്ടടുത്തെത്തിയിരിക്കുന്നു. വെള്ളിയാഴ്ച വില 69,960 രൂപ. 70,000ലേക്ക് വെറും 40 രൂപയുടെ ദൂരം. കഴിഞ്ഞ ഏതാനും ആഴ്ചയ്ക്കിടെ മാത്രം കൂടിയത് 10,000 രൂപയിലേറെ. 2020 ജനുവരിയിലെ 30,000 രൂപയിൽ നിന്ന് ഇതിനകം മുന്നേറിയത് 130 ശതമാനം.

അതെ, സ്വർണം പൊള്ളുന്നു. ഇത്രയും ഉയർന്ന വിലയ്ക്ക് എങ്ങനെ വാങ്ങും എന്ന ചിന്തയിലാണ് സാധാരണക്കാർ. എങ്കിൽ പിന്നെ തൽകാലം വാങ്ങേണ്ട എന്നു നിശ്ചയിച്ചാലോ? പക്ഷേ, വിവാഹം ഉൾപ്പെടെയുള്ള അനിവാര്യ ആവശ്യങ്ങളുള്ളവർ എന്തു ചെയ്യും? ചോദ്യം ന്യായമാണ്. സ്വർണാഭരണം ഇല്ലാതെ എന്തു വിവാഹം എന്നു ചിന്തിക്കുന്നവർ ധാരാളം. അതുകൊണ്ട് തന്നെ വില എത്ര ഉയർന്നാലും വാങ്ങാതെ തരമില്ല എന്നു ചിന്തിക്കുന്നവരുമേറെ. ഈ വർഷത്തെ അക്ഷയതൃതീയയും അടുത്തെത്തിക്കഴിഞ്ഞു.

എന്നാൽ, സ്വർണം വാങ്ങുന്നതിന് മുൻപ് ഈ കണക്കുകൾ കൂടിയൊന്നു കാണുക. ഏപ്രിൽ പതിനൊന്നിന് 70,000 രൂപ എന്നു കണക്കാക്കിയാൽ തന്നെ പത്തു പവന് 7 ലക്ഷം രൂപ. വിവാഹാഭരണമാകുമ്പോൾ 20 ശതമാനം എങ്കിലും പണിക്കൂലി വരും. ആ ഇനത്തിൽ തന്നെ 1.4 ലക്ഷം രൂപ അടക്കം 8.4 ലക്ഷം രൂപ വേണം. മൂന്നു ശതമാനം നികുതി (ജിഎസ്ടി) കൂടിയാകുമ്പോൾ പത്തു പവൻ വിവാഹാഭരണത്തിന് 8.65 ലക്ഷം രൂപയെങ്കിലും നൽകണം. ഇനി ന്യൂജൻ വധുവിനു ഇഷ്ടപ്പെട്ടത് ഡിസൈനർ ആഭണങ്ങളാണെങ്കിൽ 35 ശതമാനം വരെ പണിക്കൂലി ആകാം. അതായത് പണിക്കൂലി (2.45 ലക്ഷം) അടക്കം വില 9.45 ലക്ഷമാകും. മൂന്നു ശതമാനം (28,350 രൂപ) നികുതി കൂടിയാകുമ്പോൾ പത്തു പവന് ഏതാണ്ട് 9.5 ലക്ഷം രൂപ. 

ഇനി വാങ്ങൽ രീതി ഒന്നു മാറ്റി പരീക്ഷിക്കാം   

916 ആഭരണത്തിനു പകരം പുതിയ ട്രെൻഡായ 18 കാരറ്റ് ആഭരണം വാങ്ങാമെന്ന് നിശ്ചയിച്ചാലോ? 18 കാരറ്റ് ഒരു പവൻ വില 57,240 രൂപ. പത്തു പവന് 20 ശതമാനം പണിക്കൂലിയും (1,14,480 രൂപ) മൂന്നു ശതമാനം നികുതിയും അടക്കം (20,600) വില 7,07,486രൂപ. അതായത് 8.65 ലക്ഷത്തിനു പകരം ഏഴു ലക്ഷത്തിനു കാര്യം നടക്കും. 1.65 ലക്ഷം രൂപ ലാഭിക്കാം.  

18 കാരറ്റ് ആഭരണങ്ങൾ അത്യാകർഷക ഡിസൈനുകളിൽ ലഭ്യമാണ്. മാത്രമല്ല, ആവശ്യത്തിന് ചെമ്പ് ചേർക്കുന്നതിനാൽ ആഭരണങ്ങൾക്ക് കേടുപാടു പറ്റാനുള്ള സാധ്യത 22 കാരറ്റ് ആഭരണങ്ങളെ അപേക്ഷിച്ച് തുലോം കുറവുമാണ്. ആവശ്യമുള്ളപ്പോൾ വിറ്റ് പണമാക്കാനും ബുദ്ധിമുട്ടില്ല. മാത്രമല്ല, കേരളത്തിലും ഇപ്പോൾ 18 കാരറ്റ് പണയമായി സ്വീകരിച്ച് വായ്പ നൽകുന്നുമുണ്ട്.

ന്യൂജൻ വധുവും മാതാപിതാക്കളുടെ ചിന്തയും

വിവാഹത്തിന് സ്വർണം തന്നെ അണിയണം എന്ന പരമ്പരാഗത ചിന്ത ഇപ്പോൾ പലർക്കും ഇല്ല. പുതിയ തലമുറയ്ക്ക് ഏറ്റവും ലേറ്റസ്റ്റും ട്രെൻഡിയുമായി കിട്ടുന്ന മറ്റ് ആഭരണങ്ങളോടാണ് താൽപര്യം. സ്വർണവുമായി താരതമ്യം ചെയ്യുന്നമ്പോൾ വളരെ കുറഞ്ഞ വിലയ്ക്ക് ലഭിക്കും. മാത്രമല്ല, ഓരോ പുതിയ ആഘോഷവേളയിലും ഏറ്റവും പുതിയ ഫാഷൻ ആഭരണങ്ങൾ അണിയാനും കഴിയും. പക്ഷേ, കേൾക്കുമ്പോൾ ഇതത്ര പെട്ടെന്ന് ദഹിക്കില്ല. പ്രത്യേകിച്ച് മാതാപിതാക്കൾക്ക്. കാരണം, സ്വർണാഭരണം ഇല്ലാതെ എന്ത് വിവാഹം എന്നേ അവർക്ക് ചിന്തിക്കാനാകൂ.  

സ്വർണത്തിന് പ്രാധാന്യമേറെ

നിക്ഷേപം എന്ന നിലയിലും അനിശ്ചിതാവസ്ഥകളിൽ സംരക്ഷണം ഉറപ്പാക്കുന്ന ആസ്തി എന്ന നിലയിലും സ്വർണത്തിന്റെ പ്രധാന്യം ഏറെ. അതുകൊണ്ട് ഭാവിയിലെ മൂലധനനേട്ടം പരിഗണിച്ച് സ്വർണം വാങ്ങാം. ഒരു വർഷം നിങ്ങള്‍ നടത്തുന്ന മൊത്തം നിക്ഷേപത്തിന്റെ 5 മുതൽ 20 ശതമാനം വരെ സ്വർണത്തിലാകാം എന്നാണ് ഫിനാൻഷ്യൽ പ്ലാനർമാർ നൽകുന്ന നിർദേശം. പക്ഷേ, ഇവിടെ ആഭരണം ആയി വാങ്ങി വലിയ നഷ്ടം വരുത്തി വയ്ക്കേണ്ടതില്ല. പകരം, സ്വർണനാണയമോ ബാറോ ആണെങ്കിൽ പണിക്കൂലി ഇനത്തിൽ നല്ലൊരു തുക ലാഭിക്കാം. 

UPDATE : കേരളത്തിൽ സ്വർണം ഏപ്രിൽ 12ന് പവന് ചരിത്രത്തിലാദ്യമായി 70,000 രൂപ കടന്നു

അതുമല്ലെങ്കിൽ ഡിജിറ്റൽ സ്വർണം പരിഗണിക്കാം. പണിക്കൂലി ബാധകമേ ആകില്ല. പേപ്പർ ഗോൾഡായതിനാൽ ലോക്കറിൽ സൂക്ഷിക്കുകയോ ഇൻഷ്വർ ചെയ്യുകയോ വേണ്ടാ. ഒന്നിച്ച് വാങ്ങാതെ, വില കുറയുന്ന അവസരം നോക്കി  ഘട്ടംഘട്ടമായി നിക്ഷേപിക്കാനും ശ്രദ്ധിക്കണം. ഓൺലൈനിൽ  വാങ്ങാമെന്നതിനാൽ അത് എളുപ്പമാണ്. ഗോൾഡ് മ്യൂച്വൽ ഫണ്ടില്‍ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനും പരിഗണിക്കാവുന്നതാണ്.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business

English Summary:

Gold prices are soaring; should you reconsider your buying strategy?

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT