ADVERTISEMENT

രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലും (Kerala gold price) പുതുചരിത്രമെഴുതി സ്വർണം (gold rate). പവന് 70,000 രൂപയെന്ന നാഴികക്കല്ല് ഇന്ന് ആദ്യമായി മറികടന്നു. 200 രൂപ വർധിച്ച് 70,160 രൂപയിലാണ് ഇന്നു വ്യാപാരം. ഗ്രാമിന് 25 രൂപ ഉയർന്ന് വില 8,770 രൂപയുമായി. ഇന്നലെ രേഖപ്പെടുത്തിയ ഗ്രാമിന് 8,745 രൂപയും പവന് 69,960 രൂപയുമെന്ന റെക്കോർഡ് ഇനി പഴങ്കഥ.

Image : Shutterstock AI
Image : Shutterstock AI

സ്വർണക്കുതിപ്പിന്റെ വർഷമായി മാറുകയാണ് 2025. ഈ വർഷം ഇതിനകം പവന് 13,280 രൂപ കൂടി; ഗ്രാമിന് 1,660 രൂപയും. കഴിഞ്ഞ 4 ദിവസത്തിനിടെ മാത്രം പവന് 4,360 രൂപയും ഗ്രാമിന് 545 രൂപയും ഉയർന്നു. പണിക്കൂലിയും ജിഎസ്ടിയും ഹോൾമാർക്ക് ചാർജും കൂടിച്ചേരുമ്പോൾ വിലവർധനയുടെ ഭാരം ഇതിലുമേറെ.

22 കാരറ്റ് സ്വർണത്തിനൊപ്പം 18 കാരറ്റ്, വെള്ളി വിലകളും മുന്നേറുകയാണ്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (ഡോ.ബി. ഗോവിന്ദൻ വിഭാഗം) കണക്കുപ്രകാരം ഇന്നു 18 കാരറ്റിന് വില ഗ്രാമിന് 15 രൂപ ഉയർന്ന് സർവകാല റെക്കോർഡായ 7,260 രൂപയായി. 22 കാരറ്റ് സ്വർണവുമായി താരതമ്യം ചെയ്യുമ്പോൾ 18 കാരറ്റിന് മികച്ച വിലക്കുറവുണ്ടെന്നത് ഇവയുടെ സ്വീകാര്യത വർധിപ്പിക്കുന്നുണ്ട്. 

(Photo by DIBYANGSHU SARKAR / AFP)
(Photo by DIBYANGSHU SARKAR / AFP)

18 കാരറ്റ് സ്വർണാഭരണങ്ങൾ വാങ്ങുന്നത് നേട്ടമാണോ? ഇതു പണയംവച്ച് വായ്പ എടുക്കാനാകുമോ? വിറ്റഴിച്ചാൽ പ്രതീക്ഷിക്കുന്ന വില കിട്ടുമോ? വിശദാംശങ്ങൾ ഇവിടെ ക്ലിക്ക് ചെയ്തു വായിക്കാം (click here). എസ്. അബ്ദുൽ നാസർ വിഭാഗം എകെജിഎസ്എംഎ ഇന്നു 18 കാരറ്റിന് നൽകിയിരിക്കുന്ന വില ഗ്രാമിന് 20 രൂപ ഉയർത്തി 7,220 രൂപയാണ്. ഇരു വിഭാഗങ്ങളുടെ ഷോറൂമുകളിലും വെള്ളിക്കു വില ഗ്രാമിന് 2 രൂപ ഉയർന്ന് 107 രൂപ.

ഡോളർ തരിപ്പണം, കുതിച്ച് സ്വർണം

യുഎസ്-ചൈന വ്യാപാരയുദ്ധം, ഓഹരി വിപണികളുടെ ഇടിവ്, ഡോളറിന്റെ മൂല്യത്തകർച്ച എന്നിവ മുതലെടുത്താണ് സ്വർണവിലയുടെ തേരോട്ടം. രാജ്യാന്തര സ്വർണവില ഔൺസിന് ഇന്നലെ കുറിച്ച 3,219 ഡോളർ എന്ന റെക്കോർഡ് ഇന്ന് പഴങ്കഥയാക്കി 3,244 ഡോളർ വരെയെത്തി. രാജ്യാന്തര വിലയിൽ ഓരോ ഡോളർ വർധിക്കുമ്പോഴും കേരളത്തിൽ ഗ്രാമിന് ശരാശരി രണ്ടുരൂപയാണ് കൂടുക.

Image: Shutterstock/Africa Studio
Image: Shutterstock/Africa Studio

ഇതോടൊപ്പം യുഎസ് ഡോളർ ഇൻഡക്സ് 2023നു ശേഷം ആദ്യമായി 99 നിലവാരത്തിലേക്ക് വീണതും സ്വർണത്തിന്റെ ഡിമാൻഡ് കൂട്ടുകയും വിലയെ ഉയർത്തുകയുമായിരുന്നു. ലോകത്തെ പ്രമുഖ കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സ് 99.78ലാണ് ഇപ്പോഴുള്ളത്. ജനുവരിയിൽ മൂല്യം 109ന് മുകളിൽ ആയിരുന്നു. ട്രംപ് തുടങ്ങിവച്ച വ്യാപാരപ്പോരു മൂലം യുഎസിന്റെ ‘വിശ്വാസ്യത’ മോശമാകുന്നതും ഡോളറിന്റെ ഡിമാൻഡ് കുറയുന്നതുമാണ് തിരിച്ചടി.

പണിക്കൂലി ഉൾപ്പെടെ വില

3% ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് (HUID) ഫീസ്, പണിക്കൂലി (മിനിമം 5% കണക്കാക്കിയാൽ) എന്നിവയും ചേരുമ്പോൾ ഇന്നു കേരളത്തിൽ ഒരു പവൻ ആഭരണം വാങ്ങാൻ 75,932 രൂപ നൽകണം. ഒരു ഗ്രാം സ്വർണാഭരണത്തിനു 9,492 രൂപയും. പൊതുവേ പല വ്യാപാരികളും ശരാശരി 10% പണിക്കൂലിയാണ് ഈടാക്കുന്നതെന്ന് ഓർക്കണം. അങ്ങനെയെങ്കിൽ വില ഇതിലും കൂടുതലായിരിക്കും. ഇനി ഡിസൈനർ ആഭരണങ്ങൾ ആണെങ്കിൽ പണിക്കൂലി 30-35 ശതമാനം വരെയൊക്കെയാകാം.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business

English Summary:

Kerala Gold Price: Gold rate hits Rs 70,000 for the first-time in Kerala, Silver also rises.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com