മേരി കോമും ഭർത്താവും വിവാഹമോചനത്തിന്റെ വക്കിലെന്ന് റിപ്പോർട്ട്; കാരണം മറ്റൊരു ബോക്സിങ് താരത്തിന്റെ ഭർത്താവുമായുള്ള ബന്ധം?

Mail This Article
ന്യൂഡൽഹി∙ ഒളിംപിക് മെഡൽ ജേതാവും വനിതാ ബോക്സിങ്ങിലെ സൂപ്പർ താരവുമായ എം.സി.മേരി കോമും ഭർത്താവ് കരുങ് ഓൻഖോലറും (ഒൺലർ) വേർപിരിയുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെ, മേരി കോമിന് ബിസിനസ് പങ്കാളിയുമായുള്ള രഹസ്യബന്ധവും വിവാഹമോചനത്തിന് കാരണമെന്ന് സൂചന. വിവാഹമോചനവുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ലെങ്കിലും, ഇരുവരും കുറച്ചുനാളായി വേർപിരിഞ്ഞാണ് താമസമെന്നാണ് റിപ്പോർട്ട്. വിവാഹബന്ധത്തിലെ താളപ്പിഴകളാണ് ഇതിനു കാരണമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
2022ലെ മണിപ്പുർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒൺലർ മത്സരിച്ചതു മുതലാണ് ഇരുവരുടെയും വിവാഹബന്ധത്തിൽ പ്രശ്നങ്ങൾ ആരംഭിച്ചതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തിരഞ്ഞെടുപ്പു പ്രചാരണത്തിനായി 2–3 കോടി രൂപ ഇരുവരും ചെലവഴിച്ചതായാണ് റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തിക നഷ്ടവും ബാധ്യതകളുമാണ് പ്രശ്നങ്ങൾക്കു കാരണം. സാമ്പത്തിക നഷ്ടവും തിരഞ്ഞെടുപ്പു തോൽവിയും മേരി കോമിന്റെ അതൃപ്തിക്ക് കാരണമായെന്നാണ് വിവരം.
‘‘മേരി കോം നാലു മക്കൾക്കൊപ്പം താമസം ഫരീദാബാദിലേക്കു മാറ്റി. ഒൺലർ ചില കുടുംബാംഗങ്ങൾക്കൊപ്പം ഡൽഹിയിൽത്തന്നെ തുടരുകയാണ്. തിരഞ്ഞെടുപ്പു മുതലാണ് ഇരുവർക്കും ഇടയിൽ പ്രശ്നങ്ങൾ ഉടലെടുത്തത്. ഇതുമൂലമുണ്ടായ സാമ്പത്തിക ബാധ്യതയും ഒടുവിൽ തിരഞ്ഞെടുപ്പിൽ തോറ്റതും മേരി കോമിന്റെ അതൃപ്തിക്കു കാരണമായി’ – ഇവരുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ‘ഹിന്ദുസ്ഥാൻ ടൈംസ്’ റിപ്പോർട്ട് ചെയ്തു.
ആദ്യം രാഷ്ട്രീയത്തിലേക്കു വരാൻ മടിച്ചുനിന്ന ഒൺലർ, പിന്നീടാണ് മനസ്സു മാറി മത്സരിക്കാൻ സമ്മതിച്ചതെന്നാണ് വിവരം. മേരി കോമിന്റെ താൽപര്യപ്രകാരമാണ് ഒൺലർ മത്സരിക്കാൻ സന്നദ്ധനായതെന്നും എന്നാൽ തിരഞ്ഞെടുപ്പു തോറ്റതോടെ മേരി കോം ഓൺലറിന് എതിരായെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇതോടെ ദമ്പതികൾക്കിടയിൽ ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങൾ പോലും ഇരുവർക്കും ഇടയിൽ വലിയ പ്രശ്നങ്ങളായി.
മറ്റൊരു ബോക്സിങ് താരത്തിന്റെ ഭർത്താവുമായി മേരി കോമിനുള്ള അടുപ്പവും പ്രശ്നങ്ങൾക്ക് കാരണമായെന്നു സൂചനയുണ്ട്. അടുത്തിടെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ, ഇയാളെ തന്റെ ബിസിനസ് പങ്കാളിയായാണ് മേരി കോം വിശേഷിപ്പിക്കുന്നത്. മേരി കോമിന്റെ കരിയറിലെ ഉയർച്ചയ്ക്കും നാലു മക്കളെ നോക്കാനുമായി സ്വന്തം ഫുട്ബോൾ സ്വപ്നങ്ങൾ പോലും ഉപേക്ഷിച്ച ഒൺലറിനെ ഈ ബന്ധം ഉലച്ചതായും റിപ്പോർട്ടുകൾ പറയുന്നു.