രാത്രിയിൽ ഇടയ്ക്കിടെയുള്ള മൂത്രശങ്ക; എന്തുകൊണ്ട് സംഭവിക്കുന്നു? കാരണമറിയാം

Mail This Article
പ്രായമേറുമ്പോൾ മിക്ക പുരുഷന്മാരും നേരിടേണ്ടി വരുന്ന ഒരവസ്ഥയാണ് ബെനിൻ പ്രോസ്റ്റാറ്റിക് ഹൈപ്പർപ്ലാസിയ (BPH). 51 മുതൽ 60 വയസ്സു വരെ പ്രായമുള്ള അൻപതുശതമാനത്തോളം പേരെ ബിപിഎച്ച് ബാധിക്കുന്നു. 60 മുതൽ 69 വയസ്സുവരെ പ്രായമുള്ളവർക്ക് 70 ശതമാനമാണ് ബിപിഎച്ചിനു സാധ്യത. എഴുപതുവയസ്സു കഴിഞ്ഞ 80 ശതമാനം പുരുഷന്മാർക്കും ഈ അവസ്ഥയുണ്ടാകും. പ്രോസ്റ്റേറ്റ് ഗ്രന്ഥി വീങ്ങുന്ന അവസ്ഥയാണിത്.
ലക്ഷണങ്ങൾ
ജീവിതകാലം മുഴുവൻ പ്രോസ്റ്റേറ്റ് ഗ്രന്ഥി വളർന്നു കൊണ്ടിരിക്കുന്നതിനാൽ നാൽപ്പത്തഞ്ചു വയസ്സു കഴിഞ്ഞ പുരുഷന്മാരിൽ ബിപിഎച്ച് വരുന്നത് സാധാരണയാണ്. പ്രോസ്റ്റേറ്റ് ഗ്രന്ഥി വലുതാകുമ്പോൾ അത് മൂത്രസഞ്ചിയിൽ സമ്മർദം ഉണ്ടാക്കുകയും മൂത്രസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യും.
ബിപിഎച്ചിന്റെ ലക്ഷണങ്ങൾ ഇവയാണ്:
∙രാത്രിയിൽ പ്രത്യേകിച്ചും മൂത്രമൊഴിക്കാൻ തോന്നുക.
∙മൂത്രം നിയന്ത്രിക്കാൻ പറ്റാതെ വരുക
∙രാത്രിയിൽ ഇടയ്ക്കിടെ മൂത്രമൊഴിക്കുക
∙മൂത്രം തുള്ളി തുള്ളിയായി പോവുക
∙മൂത്രമൊഴിക്കുമ്പോൾ വേദനയും പുകച്ചിലും
∙മൂത്രത്തിൽ രക്തം
ഈ ലക്ഷണങ്ങളിൽ ചിലത് കാലക്രമേണ സാവധാനത്തിൽ ആവും പ്രകടമാകുക. എന്നാൽ സമയത്ത് ചികിത്സിക്കാതിരുന്നാൽ ഇത് ഗുരുതരമാകുകയും ബിപിഎച്ച് ചികിത്സിച്ചില്ലെങ്കിൽ ഗുരുതരമായ യൂറിനറി റിറ്റൻഷൻ, ബ്ലാഡർ ഇൻഫെക്‌ഷൻ ഇവയ്ക്ക് കാരണമാകും. ബിപിഎച്ചിന്റെ ലക്ഷണങ്ങൾക്ക് പ്രോസ്റ്റേറ്റ് കാൻസറിന്റെയും വൃക്കയിൽ കല്ലിന്റെയും ലക്ഷണങ്ങളുമായി സാമ്യം ഉള്ളതിനാൽ ശരിയായ രോഗ നിർണയവും ചികിത്സയും നടത്തേണ്ടത് പ്രധാനമാണ്.
ചികിത്സകൾ
മരുന്നുകൾ
മൂത്രസഞ്ചിക്കും പ്രോസ്റ്റേറ്റിനും ചുറ്റുമുള്ള പേശികളെ റിലാക്സ് ചെയ്യിക്കുന്ന മരുന്നുകൾ ഉണ്ട്. ഇവ മൂത്രം പോകുന്നത് നിയന്ത്രിക്കുകയും എളുപ്പമുള്ളതാക്കുകയും ചെയ്യും.

നീരാവി ചികിത്സ
മൂത്രനാളിയിൽ സമ്മർദമേൽപ്പിക്കുന്ന പ്രോസ്റ്റേറ്റ് കലകളെ ഫലപ്രദമായി നീക്കം ചെയ്യാൻ ആവി ഊർജം ഉപയോഗിക്കുന്ന രീതിയാണിത്. ഇത് പ്രോസ്റ്റേറ്റിന്റെ വലുപ്പം കുറയ്ക്കുകയും മൂത്രം പോകുന്നത് സാധാരണ പോലാകുകയും ചെയ്യും. മറ്റ് മാർഗങ്ങളെ അപേക്ഷിച്ച് നീരാവി ചികിത്സ (water vapour therapy)പാർശ്വഫലങ്ങൾ കുറവുള്ളതും വളരെ വേഗത്തിൽ സുഖംപ്രാപിക്കാൻ സഹായിക്കുന്നതുമാണ്.
ട്രാൻസ് യൂറീത്രൽ റിയാക്ഷൻ ഓഫ് ദി പ്രോസ്റ്റേറ്റ് ടിയുആർപി എന്ന ഈ ചികിത്സയിൽ സർജറിയിലൂടെ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ ഒരു ഭാഗം നീക്കം ചെയ്യുന്നു. ഇതു ചെയ്യുക വഴി മൂത്രം പോകുന്നത് സാധാരണ രീതിയിലാക്കും.
ഹോൽമിയം ലേസർ എനിക്ലിയേഷൻ ഓഫ് ദി പ്രോസ്റ്റേറ്റ് (HoLEP) ബിപിഎച്ചിനുള്ള ഫലപ്രദമായ ചികിത്സയാണിത്. മൂത്രം പോകാൻ പ്രയാസമുണ്ടാക്കുന്ന കലകളെ ലേസർ ചികിത്സയിലൂടെ നീക്കം ചെയ്യുന്നു. ഈ ചികിത്സാ രീതിയിൽ രക്തം നഷ്ടപ്പെടാനുള്ള സാധ്യത വളരെ കുറവാണ്.
പ്രോസ്റ്റെക്ടമി
പ്രോസ്റ്റേറ്റ് ഗ്രന്ഥി ഭാഗികമായോ പൂർണമായോ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്ന രീതിയാണിത്. പ്രോസ്റ്റേറ്റ് വളരെയധികം വലുതാകുന്നു. ഗുരുതരമായ ബിപിഎച്ച് കേസുകളിലാണ് പ്രോസ്റ്റെക്ടമി ചെയ്യുന്നത്. ബിപിഎച്ച് ബാധിക്കുന്നത് ഒരു വ്യക്തിയുടെ ദൈനംദിന പ്രവർത്തനങ്ങൾ ചെയ്യാൻ ബുദ്ധിമുട്ടുണ്ടാക്കും. എപ്പോഴും മൂത്രമൊഴിക്കാൻ തോന്നുന്നതും മൂത്രസംബന്ധമായ പ്രശ്നങ്ങളും ബിപിഎച്ച് മൂലമാകാം. ഗുരുതരമായ സങ്കീർണതകൾ ഒഴിവാക്കാൻ ലക്ഷണങ്ങളെ അവഗണിക്കാതെ എത്രയും വേഗം വൈദ്യപരിശോധന നടത്തേണ്ടതാണ്. നേരത്തേയുള്ള രോഗനിർണയവും ചികിത്സയും ഈ അവസ്ഥയിൽ നിന്ന് മുക്തി നേടാൻ സഹായിക്കും.