കേരളത്തില്‍ സ്വകാര്യ സര്‍വകലാശാല വരുന്നൂ; ആസ്ഥാനം കോഴിക്കോട്, ആദ്യഘട്ട നിക്ഷേപം 350 കോടി
Mail This Article
കൊച്ചി∙ മന്ത്രിസഭ അംഗീകരിച്ച സ്വകാര്യ സർവകലാശാല ബില്ലിന്റെ ചുവടുപിടിച്ച് കേരളത്തിൽ സ്വകാര്യ സർവകലാശാല വരുന്നു. രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ ജെയിൻ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ആണ് ഇതു സംബന്ധിച്ച പ്രഖ്യാപനം ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയിൽ നടത്തിയത്.
‘ജെയിൻ ഗ്ലോബൽ യൂണിവേഴ്സിറ്റി’ എന്ന പേരിലായിരിക്കും സർവകലാശാല. കോഴിക്കോട് ആസ്ഥാനമായി ആരംഭിക്കുന്ന പദ്ധതിയിൽ 350 കോടി രൂപയായിരിക്കും ആദ്യഘട്ട നിക്ഷേപം. തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കണ്ണൂര്‍ എന്നിവടങ്ങളില്‍ ഉപ ക്യാമ്പസുകളും തുറക്കും.

ഗുണനിലവാരമുള്ള ഉന്നതപഠനം തേടി മറ്റു നാടുകളിലേക്ക് പോകുന്നവർ കേരളത്തില്‍ കൂടുതലാണെന്നും ഇത്തരത്തില്‍ മികച്ച വിദ്യാഭ്യാസം ലക്ഷ്യമാക്കി പോകുന്നവര്‍ക്ക് നാട്ടില്‍ തന്നെ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കാനായാണ് കേരളത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നും ജെയിന്‍ യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ ഡോ. ചെന്‍രാജ് റോയ്ചന്ദ് പറഞ്ഞു.

2019 മുതല്‍ കൊച്ചിയില്‍ ജെയിന്‍ യൂണിവേഴ്സിറ്റിയുടെ ക്യാമ്പസ് പ്രവര്‍ത്തിക്കുന്നു. ജെയിൻ ഗ്ലോബൽ യൂണിവേഴ്സിറ്റിയും ഉപ ക്യാമ്പസുകളും കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് വൻ മാറ്റം സൃഷ്ടിക്കുമെന്ന് ജെയിന്‍ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടര്‍ ഡോ. ടോം ജോസഫ് പറഞ്ഞു.
ഫ്യൂച്ചർ കേരള മിഷനിൽ നിന്ന് പ്രചോദനം
ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു വിഭാവനം ചെയ്ത ഫ്യൂച്ചര്‍ കേരള മിഷന്റെ ഭാഗമാണ് പുതിയ സര്‍വകലാശാല. ഗവേഷണാധിഷ്ഠിത വിദ്യാഭ്യാസം, തൊഴിലവസരം സൃഷ്ടിക്കല്‍, സംരംഭകത്വം, യുവജന ശാക്തീകരണം എന്നിവയിലൂടെ കേരളത്തെ ലോകോത്തരതലത്തിലേക്ക് ഉയർത്താനുള്ള ദീര്‍ഘകാല പദ്ധതിയാണ് ഫ്യൂച്ചര്‍ കേരള മിഷന്‍.

സാങ്കേതികവിദ്യയെ ആധാരമാക്കി പ്രായോഗിക പരിജ്ഞാനവും വിദ്യാർഥികേന്ദ്രീകൃതവുമായ വിദ്യാഭ്യാസ മാതൃക രൂപപ്പെടുത്തുകയാണ് പുതിയ സര്‍വകലാശാലയുടെ ലക്ഷ്യം. ആഗോളതലത്തിലുള്ള തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനും കേരളത്തിന്റെ സുസ്ഥിര വളര്‍ച്ചയ്ക്കും പുരോഗതിക്കും സംഭാവന നല്‍കാൻ വിദ്യാര്‍ത്ഥികളെ പ്രാപ്തമാക്കുന്ന രീതിയുള്ളതാകും പാഠ്യപദ്ധതി. മികവാര്‍ന്ന പഠന പദ്ധതിയിലൂടെ രാജ്യത്തിനകത്തും പുറത്തുമുള്ള വിദ്യര്‍ത്ഥികളെ സംസ്ഥാനത്തേക്ക് ആകര്‍ഷിച്ച് കേരളത്തെ ആഗോള വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യം
സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്കും പ്രാധാന്യം
ജെയിന്‍ സര്‍വകലാശാലയുടെ അന്താരാഷ്ട്ര തലത്തിലുള്ള അക്കാദമിക, വ്യാവസായിക പങ്കാളിത്തങ്ങള്‍, അതിനൂതന പഠനരീതികള്‍ എന്നിവ വിദ്യാർഥികളെ ഗവേഷണത്തിനും പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും പ്രാപ്തരാക്കും. അക്കാദമിക മികവിനൊപ്പം സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്കും നൂതന ആശയങ്ങള്‍ക്കും പുതിയതായി ആരംഭിക്കുന്ന ജെയിൻ ഗ്ലോബൽ യൂണിവേഴ്സിറ്റി കൂടുതല്‍ പ്രാധാന്യം നല്‍കും.
30ലേറെ വര്‍ഷമായി വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന, രണ്ട് യൂണിവേഴ്‌സിറ്റികള്‍ അടക്കം 80ലേറെ സ്ഥാപനങ്ങളുള്ള ജെയിന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷൻസിന്റെ ഉടമസ്ഥതയിലുള്ളതാണ് ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി. നാക് എ ഡബിള്‍ പ്ലസ് അംഗീകാരവും യുജിസിയുടെ കാറ്റഗറി വണ്‍ ഗ്രേഡഡ് ഓട്ടോണമിയുമുള്ള രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നുമാണ്.