എന്താണ് സോയിൽ പൈപ്പിങ്? പുത്തുമലയിൽ കണ്ടതാണോ മേപ്പാടിയിൽ
Mail This Article
ഉയർന്ന പ്രദേശത്തുനിന്നും ഭൂസ്ഥിരത നഷ്ടപ്പെട്ട് മണ്ണും ചളിയും പാറയും വലിയതോതിൽ താഴ്ന്ന പ്രദേശങ്ങളിലേക്ക് പതിക്കുന്ന പ്രതിഭാസമാണ് ഉരുൾപൊട്ടൽ. കേരളത്തിൽ നിരവധി മേഖലകൾ ഉരുൾപൊട്ടൽ ഭീഷണി നേരിടുന്നുണ്ട്. ഉരുൾപൊട്ടലിന് നിരവധി കാരണങ്ങളുണ്ടെങ്കിലും ഏറ്റവും കൂടുതൽ കാണപ്പെടുന്നത് സോയിൽ പൈപ്പിങ് പ്രതിഭാസമാണ്. വയനാട്ടിലെ പുത്തുമലയിൽ ഉരുൾപൊട്ടാൻ കാരണം സോയിൽ പൈപ്പിങ് ആയിരുന്നു. അവിടെനിന്നും അധികം ദൂരമില്ലാത്തയിടമാണ് മേപ്പാടി. മുണ്ടക്കൈയിലെ ഉരുൾപൊട്ടിനുപിന്നിലും ഇതേകാരണം തന്നെയാകാനാണ് സാധ്യതയെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.
ഉരുൾപൊട്ടൽ സാധ്യതാ പ്രദേശത്ത് കാണുന്ന കളിമണ്ണ്, പാറകൾക്ക് താഴെ അടിഞ്ഞു കൂടാനും കാലാന്തരത്തിൽ അത് പാറകൾ തെന്നി മാറുന്നതിനും കാരണമാകും. ഇങ്ങനെ ഊർന്നിറങ്ങുന്ന ചെളി, വെള്ളത്തെ ധാരാളമായി ഉൾകൊള്ളുമെങ്കിലും, പുറത്തേക്കുവിടുന്നില്ല, ഇത് ഉരുൾപൊട്ടലിലേക്ക് നയിക്കും. ഉരുൾപൊട്ടലിനെക്കുറിച്ച് കോഴിക്കോട് ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിലെ സീനിയർ സൈൻറ്റിസ്റ് (ജിയോളജി) ഡോ. അരുൺ പി. ആർ. വിശദീകരിക്കുന്നു.
വലിയ മരങ്ങൾ മുറിക്കുമ്പോൾ വേരുകൾ ദ്രവിച്ച് കാലാന്തരത്തിൽ വെള്ളം വേഗത്തിൽ താഴെ ഇറങ്ങുന്നു. പിന്നീട് ഭൂമിക്കടിയിലെ മണ്ണ് ഒലിച്ചുപോകാൻ ഇത് കാരണമാകുന്നു. കുഴലീകൃത മണ്ണൊലിപ്പ് (സോയിൽ പൈപ്പിങ്) എന്നാണ് ഇതിനെ വിളിക്കുന്നത്. ഭൂമിക്കടിയിൽ രൂപപ്പെടുന്ന ഈ പ്രതിഭാസം മണ്ണ് പെട്ടെന്ന് തെന്നിമാറുന്നതിനും ഉരുൾപൊട്ടൽ ഉണ്ടാകുന്നതിനും കാരണമാകും.
ഒരു പ്രദേശത്തെ ഉരുൾപൊട്ടൽ മേഖലയായി അടയാളപ്പെടുത്തുമ്പോൾ ആ പ്രദേശത്തിന്റെ വൃഷ്ടി പ്രദേശം, ഒഴുകിയെത്തുന്ന കല്ലോ മണ്ണോ നിക്ഷേപിക്കപ്പെടുന്ന താഴ്‌വാരം എല്ലാം ഉൾപ്പെടുത്തണം. 22.5 ഡിഗ്രിയെക്കാൾ കൂടിയ ചെരിവ് (സ്ലോപ്) ഉണ്ടായാൽ ശ്രദ്ധിക്കേണ്ടതാണ്. അത്തരം പ്രദേശങ്ങളിൽ ആഴത്തിൽ വേരുകളുള്ള പ്രാദേശികമായി കാണുന്ന മരങ്ങൾ നടുന്നത് അഭിലഷണീയമാണ്. മരങ്ങളുടെ വേരുകൾ മണ്ണിനടിയിലെ കല്ലുകളിൽ പറ്റിചേർന്നുകൊണ്ട് മണ്ണിന് പിടിച്ചുനിൽകാനുള്ള ശേഷി വർധിപ്പിക്കും. ഉരുൾപൊട്ടൽ സാധ്യതാ മേഖലയിലെ വൃഷ്ടി പ്രദേശത്ത് വളരുന്ന മുളകൾ ദുർബലപ്രദേശങ്ങളിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്കിനെ ക്രമപ്പെടുത്തും.
പുൽമേടുകളുടെ പുനരുജ്ജീവനം ഒരു ഉപായമായി നിർദേശിക്കുന്നില്ലെങ്കിലും രാമച്ചം പോലെ മറ്റ് പുല്ലുവിളകൾ വെള്ളം ഭൂമിയിൽ വാർന്നിറങ്ങുന്നതിന് സഹായിക്കും. മലയോരമേഖലകളിലെ ഏത് നിർമാണപ്രവൃത്തിയും ഭൂമി ശാസ്ത്രപരമായ മാനദണ്ഡങ്ങൾ പാലിച്ചുമാത്രമേ നടത്താവൂയെന്നത് ഓരോ ദുരന്തങ്ങളും നമ്മെ ഓർമിപ്പിക്കുകയാണ്.