അന്ന് കൊല്ലപ്പെട്ടത് രണ്ടു ലക്ഷത്തിലധികം പേർ; ആധുനിക ചരിത്രത്തിലെ ഏറ്റവും മാരകമായ മണ്ണിടിച്ചിൽ
Mail This Article
പൊടുന്നനെ ഇടിഞ്ഞ് ഒഴുകുന്ന കര. പോകുന്നയിടത്തെല്ലാം നാശനഷ്ടങ്ങൾ. പ്രകൃതിദുരന്തങ്ങളിൽ തന്നെ ഏറ്റവും തീവ്രമാണ് മണ്ണിടിച്ചിലുകൾ. ലോകത്ത് ഇതുവരെ സംഭവിച്ചിട്ടുള്ളതിൽ ഏറ്റവും മാരകമായ മണ്ണിടിച്ചിൽ ദുരന്തം നടന്നത് ചൈനയിലാണ്. ഒരു നൂറ്റാണ്ട് മുൻപ് ചൈനയിലായിരുന്നു ഈ സംഭവം. രണ്ടുലക്ഷത്തിലധികം പേരാണ് ഈ ദുരന്തത്തിൽ കൊല്ലപ്പെട്ടത്.
ഭൂകമ്പത്തെത്തുടർന്നുണ്ടായ മണ്ണിടിച്ചിലായിരുന്നു ഇവിടെ നടന്നത്. 1920 ഡിസംബർ 16ന് ചൈനയുടെ വടക്കൻ മേഖലയിലെ നിങ്ഷിയ ഹ്യുയി മേഖലയിലും ഗാൻസു പ്രവിശ്യയിലുമായാണ് ഹൈയുവാൻ ഭൂചലനമുണ്ടായത്. 7.8 തീവ്രതയുള്ള ഭൂചലനം മേഖലയിൽ കനത്ത നാശനഷ്ടമുണ്ടാക്കി. കെട്ടിടങ്ങളും വീടുകളും വ്യാപകമായി തകർക്കപ്പെട്ടു. തിബറ്റൻ പീഠഭൂമിയും ലോയിസ് പീഠഭൂമിയും കൂട്ടിമുട്ടുന്നയിടത്തായിരുന്നു ഭൂചലനം. പുലർച്ചെയാണ് ഈ ഭൂചലനം നടന്നതെന്നത് ആൾനഷ്ടങ്ങളുടെ തോത് കൂട്ടി.
എന്നാൽ സാധാരണ ഭൂചലനത്തിൽ കെട്ടിടങ്ങൾ തകരുന്നതിനപ്പുറമായിരുന്നു ഈ ഭൂചനത്തിന്റെ പ്രത്യാഘാതം. ലോയിസ് പീഠഭൂമി മണ്ണിടിച്ചിലിനു പേരുകേട്ടതാണ്. ഭൂചലനത്തിന്‌റെ ഫലമായി ധാരാളം മണ്ണിടിച്ചിലുകൾ ഇവിടെ ഉടലെടുത്തു.
മണ്ണും പാറയും ഇടിഞ്ഞ് പുഴ പോലെ ഒഴുകി. ഗ്രാമങ്ങളും റോഡുകളും കൃഷിയിടങ്ങളുമൊക്കെ മണ്ണിൽ മൂടി. മേഖലയിലെ രക്ഷാപ്രവർത്തന ശ്രമങ്ങളെയും ഈ മണ്ണിടിച്ചിൽ പ്രതികൂലമായി ബാധിച്ചു. ഔദ്യോഗിക കണക്കു പ്രകാരം രണ്ടുലക്ഷത്തിലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടു. എന്നാൽ ഈ കണക്കിനപ്പുറമാണ് ആൾനാശത്തിന്‌റെ തോതെന്ന് വിദഗ്ധർ പറയുന്നു. സാമൂഹികവും സാമ്പത്തികവുമായ വലിയ പ്രത്യാഘാതങ്ങൾ ഈ ദുരന്തം മൂലമുണ്ടായി. ലോയിസ് പീഠഭൂമി വളക്കൂറുള്ളതും വലിയ കാർഷിക പ്രവർത്തനങ്ങൾ നടന്നിരുന്ന മേഖലയുമാണ്. എന്നാൽ മണ്ണിടിച്ചിലിനെത്തുടർന്ന് കൃഷിയിടങ്ങൾ മൂടിയത് വൻ കൃഷിനാശത്തിന് കാരണമായി. ഇതുകാരണം തദ്ദേശീയ സാമ്പത്തിക വ്യവസ്ഥ സ്തംഭിച്ചു.
ചൈനയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് അന്ന് സംഭവിച്ചത്. ഇന്നും ഭൗമശാസ്ത്രജ്ഞർ വളരെ ശ്രദ്ധയോടെ ഈ ദുരന്തത്തെപ്പറ്റി പഠിക്കുന്നു.