ജൂലൈയിൽ 16% അധികമഴ, കണ്ണൂരിന് റെക്കോർഡ്; ഓഗസ്റ്റിൽ മധ്യ-വടക്കൻ കേരളത്തിൽ മഴ കൂടും
Mail This Article
കേരളത്തിൽ ജൂലൈയിൽ ലഭിച്ചത് 16 ശതമാനം അധികം മഴ. ഇടുക്കി,എറണാകുളം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ കൂടുതൽ മഴ ലഭിച്ചിട്ടുണ്ട്. കണ്ണൂരിലാണ് റെക്കോർഡ് മഴ രേഖപ്പെടുത്തിയത്. 908 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 1419.3 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. കോഴിക്കോട് 1099.6 മി.മീ, വയനാട് 932 മി.മീ, മലപ്പുറം 895 മി.മീ മഴയുമാണ് ലഭിച്ചത്. തിരുവനന്തപുരത്താണ് ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയിരിക്കുന്നത് (241.5 മി.മീ). എന്നാൽ ലഭിക്കേണ്ട മഴയേക്കാൾ (194.6 മി.മീ) ഇത് അധികമാണ്.
അതേസമയം, ഓഗസ്റ്റ് മാസത്തിൽ മധ്യ വടക്കൻ കേരളത്തിൽ (വയനാട് ഒഴികെ) സാധാരണ ലഭിക്കുന്ന മഴയെക്കാൾ കൂടുതൽ ലഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ രണ്ടാംഘട്ട കാലവർഷ പ്രവചനം. മറ്റ് ജില്ലകളിൽ സാധാരണയെക്കാൾ കുറവ് മഴയായിരിക്കും ലഭിക്കുക.
ഓഗസ്റ്റ്- സെപ്റ്റംബർ മുഴുവൻ സീസൺ കണക്കിലെടുത്താൽ മധ്യ വടക്കൻ കേരളത്തിൽ പൊതുവെ സാധാരണയെക്കാൾ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുള്ളതാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം, തെക്കൻ ജില്ലകളായ തിരുവനന്തപുരം, കൊല്ലം മേഖലയിൽ സാധാരണ ലഭിക്കേണ്ടതിനേക്കാൾ കുറവ് മഴയായിരിക്കും ഉണ്ടാവുക.
പസഫിക്ക് സമുദ്രത്തിൽ എൻസോ നിലവിൽ ന്യൂട്രൽ സ്ഥിതിയിലാണ്. ദുർബലമായ ലാനിന ഓഗസ്റ്റ് അവസാനത്തോടെ ആരംഭിക്കാനാണ് സാധ്യത. ഇന്ത്യൻ മഹാസമുദ്രത്തിൽ ഐഒഡി ന്യൂട്രൽ സ്ഥിയിൽ തന്നെ തുടരാൻ സാധ്യതയുള്ളതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.