അന്ന് സ്വർണനിക്ഷേപം, ഇന്ന് കുമിഞ്ഞു കൂടുന്നത് മനുഷ്യശരീരം; ചാവുപുഴയായി ‘ചാലിയാർ’

Mail This Article
കേരളത്തിലെ ഏറ്റവും നീളംകൂടിയ നദികളിൽ നാലാംസ്ഥാനത്താണ് ചാലിയാർ. കേരളത്തിൽ സ്വർണനിക്ഷേപം കണ്ടെത്തിയിട്ടുള്ള നദിതീരം കൂടിയാണിത്. എന്നാലിന്ന് അവിടെ മൃതദേഹങ്ങളും ശരീരാവശിഷ്ടങ്ങളുടെയും നിക്ഷേപമായി മാറിയിരിക്കുകയാണ്. കനത്തമഴയിൽ കലങ്ങിമറിയുന്ന വെള്ളത്തിൽ മുണ്ടക്കൈ, ചൂരൽമലയിൽ നിന്നുള്ള മൃതദേഹങ്ങൾ കാടും മലയും താണ്ടി മലപ്പുറം ചാലിയാർ പുഴയിലെത്തുകയാണ്.
വയനാട് ഉരുൾപൊട്ടലിൽ പൊലിഞ്ഞ 70ഓളം ജീവനുകൾ രണ്ട് ദിവസങ്ങളിലായി ചാലിയാറിൽ ഒഴുകിയെത്തി. ഇതിൽ 39 പൂർണമൃതദേഹങ്ങളും 32 ഓളം ശരീരഭാഗങ്ങളുമാണ് ലഭിച്ചത്. 1984ൽ മേപ്പാടിയിലുണ്ടായ ഉരുൾപൊട്ടലിൽ പൊലിഞ്ഞ രണ്ട് ജീവനുകൾ വന്നടിഞ്ഞതും ചാലിയാർ പുഴയിലായിരുന്നു.

തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലുള്ള ഇളമ്പാരി മലകളിൽ നിന്നുമാണ് ചാലിയാർ ഉൽഭവിക്കുന്നത്. മലപ്പുറം ജില്ലയിലൂടെ ഒഴുകുന്ന ഈ പുഴ കോഴിക്കോടിനും മലപ്പുറത്തിനുമിടയിലായി 17 കിലോമീറ്ററോളം അതിർത്തി തീർക്കുന്നു. അതിനുശേഷം 10 കിലോമീറ്റർ പുഴ കോഴിക്കോട് വഴി ഒഴുകി അറബിക്കടലിൽ ചേരുന്നു. വയനാട് ജില്ലയിൽ നിന്നുള്ള ചില പോഷകനദികൾ മലപ്പുറത്തുവെച്ച് ചാലിയാറിൽ ചേരുന്നുണ്ട്.

ചാലിയാർ നദിക്കരയിലുള്ള മാവൂർ ഗ്വാളിയോർ റയോൺസ് പൾപ്പ് ഫാക്ടറിയിൽ നിന്നുള്ള മാലിന്യങ്ങൾ നദിയിലേക്ക് ഒഴുക്കിയതിനുപിന്നാലെ നദിയിലെ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയത് വാർത്തയായിരുന്നു. ശക്തമായ ജനകീയ പ്രതിഷേധത്തെ തുടർന്ന് മാവൂർ ഗ്വാളിയോർ റയോൺസ്ഫാക്ടറി അടച്ചുപൂട്ടി. കേരളത്തിൽ ജല മലിനീകരണത്തിനെതിരെ നടന്ന ആദ്യ സംഘടിത പ്രക്ഷോഭമാണ് ചാലിയാറിലേത്. പുഴയെ മലിന വിമുക്തമാക്കാനുള്ള ശ്രമങ്ങൾ വിവിധ തലങ്ങളിൽ ഇപ്പോഴും നടക്കുന്നുണ്ട്.