ADVERTISEMENT

2019 ഓഗസ്റ്റ് എട്ടിനായിരുന്നു വയനാടിനെ പിടിച്ചുലച്ച പുത്തുമല ദുരന്തം നടന്നത്. 17 ജീവനെടുത്ത ആ ഉരുൾപൊട്ടല്‍ നടന്നിട്ട് അഞ്ച് വർഷം തികയാൻ ദിവസങ്ങൾ ബാക്കിനിൽക്കെയാണ് തൊട്ടടുത്തുള്ള മേപ്പാടിയിൽ സമാനമായ സംഭവം അരങ്ങേറുന്നത്. പ്രകൃതിയുടെ കലിതുള്ളലിൽ ഇത്തവണ ദുരിതമേറെയാണ്. അതിശക്തമായ മഴ പെയ്യുമ്പോൾ വയനാട്ടിൽ പലയിടത്തും ഉരുൾപൊട്ടൽ സജീവമാണെങ്കിലും ഇങ്ങനെയൊരു ദുരന്തം അപ്രതീക്ഷിതമായിരുന്നു. വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലകളെക്കുറിച്ചും ഭൂപ്രകൃതിയെക്കുറിച്ചും കൽപറ്റ എംഎസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിലെ ശാസ്ത്രജ്ഞൻ ജോസഫ് ജോൺ മനോരമ ഓൺലൈനോട് പങ്കുവയ്ക്കുന്നു.

വയനാട്ടിൽ കഴിഞ്ഞ രണ്ടാഴ്ച്ചയായി തുടർച്ചയായി മഴ പെയ്യുന്നുണ്ട്. ഇവിടത്തെ മണ്ണിന് ആഗിരണം ചെയ്യാനാവുന്നതിനേക്കാൾ കൂടുതൽ വെള്ളമാണ് ഇവിടെ ലഭിക്കുന്നത്. ഉരുൾപൊട്ടലുണ്ടായ വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ കാണപ്പെടുന്നത് ‘ബ്ലാക്ക് ലാറ്ററേറ്റ്’ എന്നുവിളിക്കുന്ന മണ്ണ് ആണ്. അധികം കഠിനമല്ലാത്ത, വെള്ളം പെട്ടെന്ന് കുടിക്കുകയും പെട്ടെന്ന് പുറന്തള്ളുകയും ചെയ്യുന്ന ഒരുതരം മണ്ണാണിത്. അതിശക്തമായ മഴ തുടർച്ചയായി ഉണ്ടാകുമ്പോൾ എല്ലാ വെള്ളവും ഭൂമിയിലേക്ക് ആഗിരണം ചെയ്യാൻ മണ്ണിന് കഴിയില്ല.

മേപ്പാടിയിലുണ്ടായ ഉരുൾപൊട്ടലിൽപെട്ടവരെ എൻഡിആർഎഫ് സംഘം രക്ഷപ്പെടുത്തുന്നു (Photo:x/@04NDRF)
മേപ്പാടിയിലുണ്ടായ ഉരുൾപൊട്ടലിൽപെട്ടവരെ എൻഡിആർഎഫ് സംഘം രക്ഷപ്പെടുത്തുന്നു (Photo:x/@04NDRF)

ജനവാസത്തിന് അനുയോജ്യമല്ല, ശക്തമായ മഴയും

ബ്രിട്ടീഷുകാരുടെ കാലം മുതൽ തന്നെ ഈ പ്രദേശം ജനവാസത്തിന് അനുയോജ്യമല്ലാത്തതും ഉരുൾപൊട്ടലിനും മണ്ണിടിച്ചിലും കാരണമാകുന്ന മേഖലയായാണ് കണക്കാക്കുന്നത്. പണ്ടുകാലത്ത് ഇവിടെ ആരും താമസിച്ചിരുന്നില്ല. അടുത്ത കാലത്താണ് കുടിയേറ്റത്തിന്റെ ഭാഗമായി ആളുകൾ എത്തുന്നത്. കാട് വെട്ടിത്തെളിച്ച് തേയിലത്തോട്ടങ്ങളാക്കിയ പ്രദേശമാണിത്. തോട്ടംതൊഴിലാളികളാണ് ഏറെയും താമസിക്കുന്നത്. ടൂറിസത്തിന്റെ ഭാഗമായി ഇപ്പോൾ ചില റിസോർട്ടുകളും എത്തിയിട്ടുണ്ട്.

കാലാവസ്ഥയിലുണ്ടായ മാറ്റമാണ് അധികമഴയ്ക്ക് കാരണമായിരിക്കുന്നത്. തിങ്കളാഴ്ച രാത്രി (ജൂലൈ 29) തുടങ്ങിയ മഴ ഇതുവരെ തോർന്നിട്ടില്ല. വയനാട് പുത്തുമലയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 372 മില്ലിമീറ്റർ മഴയാണ് പെയ്തിരിക്കുന്നത്. ഒറ്റദിവസംകൊണ്ട് അത്രയും മഴ പെയ്യുമ്പോൾ അത് താങ്ങാൻ അനുയോജ്യമായതല്ല നമ്മുടെ ഭൂപ്രകൃതി. ജൂലൈ മാസത്തിൽ ലഭിക്കേണ്ട മഴയേക്കാൾ ഇരട്ടിയിലധികം മഴയാണ് ഇവിടെ ലഭിച്ചിരിക്കുന്നത്.

വെള്ളത്തിന്റെ ഒഴുക്കും സോയിൽ പൈപ്പിങ് പ്രതിഭാസവും

കെട്ടിടങ്ങളുടെ നിർമാണവും മറ്റും നീർവാർച്ചയുടെ പാത തടസപ്പെടുത്തുന്നു. വെള്ളം സുഗമമായി ഒഴുകിപ്പോകാൻ കഴിയുന്നില്ല. അതിനാൽ പലയിടത്തും വെള്ളം കെട്ടിക്കിടക്കുന്നു. കനത്ത മഴ പെയ്യുമ്പോൾ എല്ലാം ഒറ്റയടിക്ക് കുത്തിയൊലിച്ചിറങ്ങുന്നു. ഭൂമിശാസ്ത്രപരമായി നോക്കുമ്പോൾ ഈ പ്രദേശങ്ങളെല്ലാം 13 ശതമാനത്തിലേറെ ചെരുവുള്ള പ്രദേശമാണ്. ഇവിടങ്ങളിൽ ഇത്രയധികം മഴ പെയ്യുമ്പോൾ താഴ്‍വാരത്തേക്ക് ഒഴുകിയെത്തുന്നു. ഇതുകൂടാതെ സോയിൽ പൈപ്പിങ് പ്രതിഭാസവും ഇവിടെ നിലനിൽക്കുന്നുണ്ട്.

പുത്തുമലയിലുണ്ടായ ഉരുൾപൊട്ടൽ (ഫയൽചിത്രം: ജിതിൻ ജോയൽ ഹാരിം ∙ മനോരമ
പുത്തുമലയിലുണ്ടായ ഉരുൾപൊട്ടൽ (ഫയൽചിത്രം: ജിതിൻ ജോയൽ ഹാരിം ∙ മനോരമ

പണ്ട് മലമുകളിലെ വലിയ മരങ്ങൾ എന്തെങ്കിലും കാരണങ്ങൾ കൊണ്ട് മുറിച്ചിട്ടുണ്ടാകും. അതിന്റെ വേര് ഭാഗം ഉണങ്ങുകയും അവിടെ വലിയ പൊത്തുകൾ രൂപപ്പെടുകയും ചെയ്യുന്നു. മഴ പെയ്യുമ്പോൾ ആ പൊത്തുകളിൽ വലിയ അളവിൽ വെള്ളം ശേഖരിക്കപ്പെടും. ചില പൊത്തുകൾക്ക് ആയിരം ലീറ്റർവരെ വെള്ളം സംഭരിച്ചുവയ്ക്കാൻ ശേഷിയുണ്ടാകും. ആ വെള്ളം മണ്ണിനടിയിൽ നിൽക്കുകയും അതിനുതാഴെ തൊട്ടുതാഴെ ഉരുളൻ കല്ലുകൾ രൂപപ്പെടുകയും ചെയ്യുന്നു. പിന്നീട് അമിത മഴപെയ്യുമ്പോൾ കൂടുതൽ വെള്ളം സംഭരിക്കാനാകാതെ മുകളിൽനിന്ന് മണ്ണും കല്ലും വെള്ളവും ഒന്നാകെ പൊട്ടിയൊലിച്ച് താഴെയെത്തും. പുത്തുമലയിലെ മണ്ണിടിച്ചിലിനു കാരണം സോയിൽ പൈപ്പിങ് ആണ്. മേപ്പാടി ചൂരൽമലയിലും മുണ്ടക്കൈ ടൗണിലും ഉണ്ടായ ദുരന്തത്തിനുപിന്നിലും ഇതുതന്നെയാകാനാണ് സാധ്യത. കാരണം രണ്ട് സ്ഥലങ്ങളും അഞ്ച് കിലോമീറ്റർ ദൂരത്തിൽപ്പെട്ടവയാണ്. ഭൂപ്രകൃതിയിലും വ്യത്യാസമില്ല.

പുത്തുമലയിലുണ്ടായ ഉരുൾപൊട്ടൽ (ഫയൽചിത്രം: ജിതിൻ ജോയൽ ഹാരിം ∙ മനോരമ
പുത്തുമലയിലുണ്ടായ ഉരുൾപൊട്ടൽ (ഫയൽചിത്രം: ജിതിൻ ജോയൽ ഹാരിം ∙ മനോരമ

വയനാട്ടിലെ 12 പഞ്ചായത്തുകൾ റെഡ് സോണിൽ

വയനാട്ടിൽ 23 പഞ്ചായത്തുകളും മൂന്ന് മുനിസിപ്പാലിറ്റിയുമാണുള്ളത്. ഇതിൽ 12ലധികം പഞ്ചായത്തുകൾ റെഡ് സോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് പ്രകൃതിദുരന്തമേഖലകളെ കണ്ടെത്തിയത്. അതിൽ ഇപ്പോൾ ഉരുൾപൊട്ടലുണ്ടായ മേപ്പാടി പഞ്ചായത്തും ഉൾപ്പെടുന്നുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി ഇവിടെ ഉരുൾപൊട്ടൽ ഉണ്ടാകുന്നുണ്ട്. കോട്ടത്തറ, പൊഴുതന, വേങ്ങപ്പള്ളി തുടങ്ങിയ പഞ്ചായത്തുകളും പട്ടികയിൽ ഉൾപ്പെടുന്നു.

പുത്തുമലയിലുണ്ടായ ഉരുൾപൊട്ടൽ (ഫയൽചിത്രം: ജിതിൻ ജോയൽ ഹാരിം ∙ മനോരമ
പുത്തുമലയിലുണ്ടായ ഉരുൾപൊട്ടൽ (ഫയൽചിത്രം: ജിതിൻ ജോയൽ ഹാരിം ∙ മനോരമ
മേപ്പാടിയിലുണ്ടായ ഉരുൾപൊട്ടലിൽപെട്ടവരെ എൻഡിആർഎഫ് സംഘം രക്ഷപ്പെടുത്തുന്നു (Photo:x/@04NDRF)
മേപ്പാടിയിലുണ്ടായ ഉരുൾപൊട്ടലിൽപെട്ടവരെ എൻഡിആർഎഫ് സംഘം രക്ഷപ്പെടുത്തുന്നു (Photo:x/@04NDRF)

തോട്ടംതൊഴിലാളാണ് ഇവിടെ താമസിക്കുന്നത്. ഒരു പാഡിയിൽ മൂന്ന് കുടുംബങ്ങൾ വരെ താമസിക്കുന്നുണ്ട്. ഇവർക്ക് ഈ ഭൂമി വിട്ടാൽ വേറെ പോകാനിടമില്ല. അവർക്ക് മറ്റൊന്നും അറിയില്ല. നിസാഹായവരിൽ നിസഹായവരാണ് ഇവർ. മത്സ്യത്തൊഴിലാളികൾ കടതീരത്ത് ജീവിക്കുന്നതുപോലെയാണ് മലയോരത്ത് ഇവരുടെ ജീവിതം. എപ്പോൾ വേണമെങ്കിലും അപകടം ഉണ്ടായേക്കാം. എങ്കിലും ജീവിതസാഹചര്യം അവരെ അവിടെ തുടരാൻ പ്രേരിപ്പിക്കുന്നു. വയനാട് ജില്ല ഒരേസമയം ജൈവവൈവിധ്യത്താൽ സമ്പന്നവുമാണ്, വന്യജീവികളുടെ ആക്രമണവും ഉണ്ടാകുന്നു. ചില സമയങ്ങളിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്നതും ഇവിടെയാണ്, അധികമഴ പെയ്യുന്നതും ഇവിടെയാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പരീക്ഷണശാലയായി വയനാട് ജില്ല മാറിക്കൊണ്ടിരിക്കുകയാണെന്ന് നിസംശയം പറയാം.

English Summary:

Unveiling Wayanad's Hidden Danger: A Deep Dive into the Looming Landslides

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com