നെഞ്ചുലയ്ക്കും കാഴ്ച: മണ്ണിടിച്ചിലിൽ കാലൊടിഞ്ഞു, ഉറ്റവരെ കാത്ത് ഷിരൂർ ദുരന്തഭൂമിയിൽ ഒരു നായ
Mail This Article
ഉത്തരകന്നഡ ജില്ലയിലെ അങ്കോല താലൂക്കിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. അർജുൻ ഉൾപ്പെടെ മൂന്നുപേർ മണ്ണിനടിയിൽ ഉണ്ടെന്നാണ് പറയുന്നത്. സമീപപ്രദേശത്തുണ്ടായിരുന്ന നിരവധി മൃഗങ്ങളും മണ്ണിനടിയിലുണ്ടെന്നാണ് സൂചന. അതിനിടെ, ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട ഒരു നായയുടെ ദൃശ്യം എല്ലാവരുടെയും നെഞ്ചുലയ്ക്കുന്നതാണ്. അപകടത്തിൽ കാലൊടിഞ്ഞിട്ടും തന്റെ യജമാനനെ കാത്ത് ആ ദുരന്തമുഖത്ത് രക്ഷാപ്രവർത്തകർക്കൊപ്പം നിൽക്കുകയായിരുന്നു.
പുഴയരികിലായിരുന്നു ഹോട്ടൽ ഉണ്ടായിരുന്നത്. ആ ഭാഗത്ത് കുമിഞ്ഞുകൂടിയ മണ്ണിനുമുകളിൽ കയറി മണംപിടിച്ച് നായ തന്റെ ഉടമസ്ഥനെ കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്. രക്ഷാപ്രവർത്തകർ അവന് ഭക്ഷണം നൽകുന്നതും വിഡിയോയിൽ കാണാം.
‘‘ജൂലൈ 16 രാവിലെ എട്ട് മണിയോടെയാണ് അതിശക്തമായ മഴ ഉണ്ടായത്. എട്ടരയോടെ പെട്ടെന്ന് മല ഇടിഞ്ഞുവീഴുകയും ഹോട്ടൽ ഒന്നടങ്കം തുടച്ചുമാറ്റപ്പെടുകയുമായിരുന്നു. നാലുവരി പാത മണ്ണ് മൂടിയ നിലയിലായി. സംഭവം നടക്കുമ്പോൾ ഒരു കാർ പോകുന്നുണ്ടായിരുന്നു. അവർ രക്ഷപ്പെട്ട് അപ്പുറം കടന്നോയെന്നതു വ്യക്തമല്ല.’’ –ദൃക്സാക്ഷിയായ രാജു പറയുന്നു.
മണ്ണിടിഞ്ഞപ്പോൾ അവിടെയുണ്ടായിരുന്ന വാഹനങ്ങളും ആളുകളിൽ പലരും നദിയിലേക്ക് ഒലിച്ചുപോയിരുന്നു. ഹോട്ടൽ ഉടമ, ഭാര്യ, 2 കുട്ടികൾ, ഇവരുടെ ബന്ധു, തമിഴ്നാട് സ്വദേശിയായ ടാങ്കർ ലോറി ഡ്രൈവർ ചിന്നണ്ണൻ, തിരിച്ചറിയാത്ത ഒരാൾ എന്നിങ്ങനെ 7 പേരുടെ മൃതദേഹങ്ങൾ ഇതുവരെ ലഭിച്ചിട്ടുണ്ട്.