അന്യഗ്രഹ ജീവികൾക്കായുള്ള തിരച്ചിൽ! ഉത്തരം നൽകുമോ ലഡാക്കിലെ ഈ അപൂർവ വസ്തു
Mail This Article
അന്യഗ്രഹജീവനായുള്ള തിരച്ചിൽ ഇന്നത്തെ ശാസ്ത്രലോകത്തെ പ്രധാനപ്പെട്ട രംഗങ്ങളിലൊന്നാണ്. നമ്മൾ ഉദ്ദേശിക്കുന്നതു പോലെ മുട്ട പോലെയുള്ള മുഖവും വച്ച് അജ്ഞാത പേടകങ്ങളിൽ യാത്ര ചെയ്യുന്ന ജീവികൾ മാത്രമല്ല ശാസ്ത്രലോകത്തിന് അന്യഗ്രഹജീവികൾ. സൂക്ഷ്മജീവികളെയാണ് ശാസ്ത്രം ഏറെയും തേടുന്നത്.
നമ്മുടെ ചുറ്റുമുള്ള ഗ്രഹങ്ങളിലോ അല്ലെങ്കിൽ അവയുടെ ഉപഗ്രഹങ്ങളിലോ ഒക്കെ ഇവയുണ്ടാകാനുള്ള സാധ്യതയ്ക്ക് ശാസ്ത്രം വലിയ വില കൽപിക്കുന്നു. ചൊവ്വയിലെ ജെസീറോ ക്രേറ്റർ മേഖലയിലേക്ക് നാസ അയച്ച പെഴ്‌സിവീയറൻസ് പോലുള്ള റോവർ ദൗത്യങ്ങളും ഈ സാധ്യതയാണ് തേടിക്കൊണ്ടിരിക്കുന്നത്. ജെസീറോയിലെ മണ്ണും മണലും അരിച്ചുപെറുക്കി നോക്കുകയാണ് പെഴ്‌സിവീയറൻസ്. ചൊവ്വയിൽ സൂക്ഷ്മജീവന്റെ സാധ്യതയുണ്ടോയെന്ന് പരിശോധിക്കാൻ.
ഇപ്പോഴിതാ സൂക്ഷ്മജീവൻ സംബന്ധിച്ച ചോദ്യത്തിന് ഉത്തരം നൽകാൻ നമ്മുടെ സ്വന്തം ലഡാക്കിൽ ഒരു പ്രത്യേക അപൂർവ വസ്തു കണ്ടെത്തിയിരിക്കുന്നു. മാഗ്നറ്റോഫോസിൽസ് എന്നറിയപ്പെടുന്ന ഫോസിൽ അവശേഷിപ്പുകൾ ലഡാക്കിൽ കണ്ടെത്തിയിരിക്കുകയാണ് ബീർബൽ സാഹ്നി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോസയൻസസിലെ ശാസ്ത്രജ്ഞർ.
ലഡാക്കിലെ റോക്ക് വാർണിഷ് മേഖലകളിലാണ് ഇതു കണ്ടെത്തിയിരിക്കുന്നത്. അതീവ ദുർഘടമായ സാഹചര്യങ്ങളുള്ളിടത്തും ജീവൻ നിലനിൽക്കാമെന്ന വലിയ ഉദാഹരണമാണ് ഈ ഫോസിൽ ശേഷിപ്പുകൾ ശാസ്ത്രജ്ഞർക്ക് നൽകുന്നത്.
മാൻഗനീസ്, ഇരുമ്പ്, ക്ലേ മിനറൽസ് എന്നിവയാൽ സമ്പന്നമായ കറുത്ത നിറമുള്ള കോട്ടിങ്ങാണ് റോക്ക് വാർണിഷ്. വരണ്ടതും തണുപ്പുള്ളതുമായ മേഖലകളിലാണ് ഇതു കാണപ്പെടുന്നത്. ഇത്തരത്തിൽ ലഡാക്കിൽ കണ്ടെത്തപ്പെട്ട റോക്ക് വാർണിഷ് പരിശോധിച്ചപ്പോഴാണ് അതിൽ ജീവന്‌റെ സൂചകങ്ങളായ മാഗ്നറ്റോഫോസിൽസ് കണ്ടെത്തിയത്.