രണ്ട് പതിറ്റാണ്ടിനു ശേഷം മുട്ട വിരിയാൻ അനുവദിച്ച് വനംവകുപ്പ്; ചീങ്കണ്ണിക്കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങി
Mail This Article
രണ്ട് പതിറ്റാണ്ടു മുൻപ് മരണ വാറന്റ് പുറപ്പെടുവിച്ച നെയ്യാറിലെ ചീങ്കണ്ണികൾ വംശമറ്റു പോകാതിരിക്കാൻ ഇപ്പോൾ തീവ്രശ്രമം. പതിറ്റാണ്ടുകൾക്കു ശേഷം നെയ്യാർ ഡാം ചീങ്കണ്ണി പാർക്കിൽ വീണ്ടും ചീങ്കണ്ണിക്കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങി. ക്രമാതീതമായി വർധിച്ച ചീങ്കണ്ണികളുടെ ആക്രമണം പതിവായതോടെ നരഭോജികളുടെ തടാകമെന്നു കുപ്രസിദ്ധി നേടിയ നെയ്യാർ റിസർവോയറിൽ വർഷങ്ങൾക്കു മുൻപ് ചീങ്കണ്ണികളെ ഒഴിവാക്കാൻ ശ്രമം നടത്തിയിരുന്നു. ഒപ്പം ഡാമിലെ പാർക്കിൽ പുതിയ ചീങ്കണ്ണിത്തലമുറയുടെ പിറവിക്കും വിലക്കായി.
നെയ്യാർ റിസർവോയറിൽ ഇപ്പോഴും ചീങ്കണ്ണികളുണ്ട്. എന്നാൽ ഡാമിലെ ചീങ്കണ്ണി പാർക്കിൽ മുട്ട വിരിയാൻ അനുവദിച്ചിരുന്നില്ല. പാർക്കിലെ ചീങ്കണ്ണികൾ ചാകുന്നതോടെ വംശനാശം ഉറപ്പായി. ഇതോടെയാണ് ഏറെ ആലോചനകൾക്കു ശേഷം വനം വകുപ്പ് ചീങ്കണ്ണി മുട്ട വിരിയിക്കാൻ തീരുമാനിച്ചത്. സഞ്ചാരികൾക്ക് ഇന്നും കൗതുകമുള്ള കാഴ്ചയാണ് നെയ്യാർ ഡാമിലെ ചീങ്കണ്ണികൾ. 30 വയസ്സോളം പ്രായമുള്ള കൂറ്റൻ ചീങ്കണ്ണികളും കൂട്ടിലുണ്ട്.
കേരളത്തിൽ നെയ്യാർ, കബനി,ചാലക്കുടി പുഴകളാണു ചീങ്കണ്ണികളുടെ സ്വാഭാവിക ആവാസ വ്യവസ്ഥ എന്നാണ് പഠനങ്ങൾ തെളിയിക്കുന്നതെന്ന് വൈൽഡ് ലൈഫ് വാർഡൻ ഐ.എസ്.സുരേഷ് ബാബു പറഞ്ഞു. ഡാം പണിയും മുൻപേ നെയ്യാർ നദിയിൽ ചീങ്കണ്ണികൾ ഉണ്ടായിരുന്നത് ഈ പഠനം ശരിവയ്ക്കുന്നു. നെയ്യാറിനു കുറുകെ ഡാം നിർമിച്ചതോടെ റിസർവോയറിൽ ഇവ തടവിലായി. പലപ്പോഴും നെയ്യാറിൽ പല സ്ഥലത്തും ചീങ്കണ്ണികളെ കണ്ടിട്ടുണ്ട്. 3 മാസം മുൻപ് ചാലക്കുടി പുഴയിൽ ചീങ്കണ്ണിക്കുഞ്ഞുങ്ങളെ കണ്ടിരുന്നു.
കഴിഞ്ഞ ഡിസംബറിൽ പാർക്കിൽ 36 മുട്ടകൾ ലഭിച്ചു. അതുവരെ മുട്ട പൊട്ടിക്കുകയാണ് രീതി. ഏപ്രിൽ അവസാനം 5 മുട്ടകൾ വിരിഞ്ഞിറങ്ങി. കൈക്കുള്ളിൽ ഇരിക്കാൻ മാത്രം വലുപ്പമുള്ള കുട്ടി ചീങ്കണ്ണികളെ മൂന്നര മാസം കരുതലോടെ കാത്തു. സഞ്ചാരികൾക്ക് മുന്നിൽ തൽക്കാലം പ്രദർശിപ്പിക്കില്ല.
എണ്ണം കുറയുന്നു
2012ൽ ഡാമിലെ പാർക്കിൽ ചീങ്കണ്ണികൾ 40. 2024ൽ 16 എണ്ണം മാത്രം. ഈ നില തുടർന്നാൽ 2 –3 വർഷത്തിനുള്ളിൽ ഡാമിലെ ചീങ്കണ്ണികളും പാർക്കും അപ്രത്യക്ഷമാകും. ഇത് ഒഴിവാക്കാനും ചീങ്കണ്ണികളുടെ വംശം നിലനിർത്താനുമാണ് മുട്ട വിരിയിക്കാൻ തീരുമാനിച്ചത്.
മുട്ട വിരിയിക്കുന്നത്
ചീങ്കണ്ണികൾ കരയിൽ കുഴി മാന്തി മുട്ടയിടും. ഈ സമയം കൂടുതൽ ആക്രമണകാരിയാകും. താപനില അനുസരിച്ചാണ് മുട്ട വിരിയുക. 75മുതൽ 90 ദിവസം വരെ വേണം മുട്ടകൾ വിരിയാൻ. വിരിഞ്ഞ് വരുന്ന ചീങ്കണ്ണികളെ മറ്റ് ചീങ്കണ്ണികൾ ഭക്ഷണമാക്കുന്നതും പതിവ്. പരുന്ത് പോലുളള പക്ഷികളും റാഞ്ചും. റിസർവോയറിലെങ്കിൽ മീൻപിടിക്കാൻ കെട്ടുന്ന വലയിൽ കുടുങ്ങി ചാകാം.
ഡാമിലുള്ളത് ഫ്രഷ് വാട്ടർ ക്രൊക്കഡൈൽ
ഇന്ത്യയിൽ 3 ഇനം ചീങ്കണ്ണികളെയാണ് കാണുന്നത്.ഫ്രഷ് വാട്ടർ ക്രൊക്കഡൈൽ,സാൾട്ട് വാട്ടർ ക്രൊക്കഡൈൽ,ഗ്യാരിയൽ ക്രൊക്കഡൈൽ. ഇതിൽ ശുദ്ധജലത്തിൽ കഴിയുന്ന ചീങ്കണ്ണികളാണ് നെയ്യാറിലുള്ളത്. ഗംഗ നദിയിൽ മാത്രം വസിക്കുന്നവയാണ് ഗ്യാരിയൽ ക്രൊക്കഡൈൽ.
എന്താണ് സംരക്ഷിത വിഭാഗം?
വംശനാശം നേരിടുന്ന വന്യജീവികളുടെ വംശം നിലനിർത്തുക എന്നത് സംരക്ഷിത വിഭാഗ ലക്ഷ്യം. ഇവയെ വേട്ടയാടുന്നതും പിടികൂടുന്നതും കൈവശം വയ്ക്കുന്നതും ശിക്ഷാർഹമാണ്. ഷെഡ്യൂൾ ഒന്നിൽ പെടുന്ന ഉരഗ വർഗമാണ് ചീങ്കണ്ണി. ഇവയെ വേട്ടയാടുകയൊ പിടികൂടുകയോ കൊല്ലുകയോ ചെയ്താൽ 3മുതൽ7വർഷം വരെ തടവും മിനിമം പതിനായിരം രൂപ മുതൽ എത്ര തുക വരെയും പിഴയും ലഭിക്കാം.
എന്തുകൊണ്ട് മനംമാറ്റം?
നെയ്യാറിന്റെ പ്രധാന ആകർഷണമായിരുന്നു സിംഹസഫാരി പാർക്ക്. റിസർവോയറാൽ ചുറ്റപ്പെട്ട 4 ഹെക്ടർ വരുന്ന ചെറു ദ്വീപിലാണ് പാർക്ക്. ഏഷ്യൻ ആഫ്രിക്കൻ സങ്കര വർഗത്തിൽപ്പെട്ട15ൽപ്പരം സിംഹങ്ങൾ ഇവിടെ ഉണ്ടായിരുന്നു. പെറ്റു പെരുകിയതോടെ വന്ധ്യംകരണം ചെയ്തു. എന്നാൽ വന്ധ്യംകരണം നടന്ന് മൂന്നാം ദിനം മുതൽ ഓരോന്നായി ചത്തു തുടങ്ങി. ഒന്നര പതിറ്റാണ്ട് കഴിഞ്ഞതോടെ ഡാമിലെ സിംഹഗർജനം നിലച്ചു. യഥാസമയം സിംഹങ്ങളെ എത്തിക്കാൻ വനംവകുപ്പ് മിനക്കെടാതിരുന്നതും കേന്ദ്ര മൃഗശാല അതോറിറ്റിയുടെ കടുംപിടുത്തവും ഏഷ്യയിലെ ആദ്യ പാർക്കിനു താഴ് വീണു. ഈ പാഠമാണ് ചീങ്കണ്ണിയുടെ കാര്യത്തിൽ വനം വകുപ്പിനെ മാറ്റി ചിന്തിപ്പിച്ചത്.