കനത്തമഴയിൽ മണ്ണിടിഞ്ഞു; ബ്രസീലിൽ തെളിഞ്ഞുവന്നത് ദിനോസർ ഫോസിൽ: 23 കോടി വർഷം പഴക്കം !
Mail This Article
തെക്കൻ ബ്രസീലിൽ പെയ്ത കനത്തമഴയിൽ ഒരു ദിനോസർ ഫോസിൽ തെളിഞ്ഞുവന്നു. ബ്രസീലിലെ സാവോ ഹോവോ ഡോ പോലെസീൻ മുനിസിപ്പാലിറ്റിയിലാണ് സംഭവം.ശാസ്ത്രീയമായി ഇനിയും സ്ഥിരീകരിക്കപ്പെടേണ്ട ഈ ദിനോസർ ഫോസിൽ 23.3 കോടി വർഷം പഴക്കമുള്ളതാണ്. ട്രയാസിക് കാലഘട്ടത്തിലുള്ള ഹെറേറസോറിഡെ എന്ന വിഭാഗത്തിൽപെടുന്ന ദിനോസറുകളാണ് ഇവ.
വളരെ പ്രാചീനമായ കാലത്തുള്ള ദിനോസർ ഫോസിലുകൾ കണ്ടെത്തിയിട്ടുണ്ട്. ലോകത്ത് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ള ഏറ്റവും പഴക്കമുള്ള ഏറ്റവും പഴയ ദിനോസർ ഫോസിലുകൾ 23.1 കോടി വർഷം പഴക്കമുള്ളതാണ്. ഇവയും ഹെറേറസോറിഡേ വിഭാഗത്തിൽ ഉൾപ്പെട്ടതാണ്. എന്നാൽ ന്യാസസോറസ് എന്നൊരു ആദിമ ദിനോസറിന്റെ ഫോസിലിന് 24 കോടി വർഷം പഴക്കമുള്ളതായി ശാസ്ത്രജ്ഞർ സംശയിക്കുന്നുണ്ട്. ഇതു സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
പൂർണമായും സംരക്ഷിക്കപ്പെട്ട നിലയിലുള്ള ഫോസിലാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. വളരെ പഴയ ഈ ഫോസിൽ ദിനോസറുകളുടെ ഉദ്ഭവത്തെക്കുറിച്ചുള്ള പഠനത്തിനു സഹായകരമാകുമെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. 8.2 അടി നീളമാണ് ഇതിനുള്ളത്. എന്നാൽ ഇതിന്റെ വിഭാഗത്തിലുള്ള മറ്റു ചില ജീവികൾക്ക് 16.5 അടി മുതൽ 19.5 അടി വരെ നീളമുണ്ടായിരുന്നത്രേ. രണ്ട് കാലുകളിൽ നടന്ന മാംസാഹാരിയായ ജീവിയായിരുന്നു ഇത്.