ADVERTISEMENT

പ്രകാശമുള്‍പ്പടെ എന്തിനോടും സൂക്ഷ്മ സംവേദന ക്ഷമത വച്ചു പുലര്‍ത്തുന്ന ഒന്നാണ് മനുഷ്യ ശരീരം. അതുകൊണ്ട് തന്നെ ത്വക്കില്‍ പ്രകാശമേറ്റാല്‍ തിരിച്ചറിയാന്‍ കഴിയുന്നുവെന്നത് മനുഷ്യനെ സംബന്ധിച്ച് അത്ര വലിയ കാര്യമല്ല. എന്നാല്‍ പാമ്പുകള്‍ ഉള്‍പ്പടെ നട്ടെല്ലുള്ള മറ്റു ഭൂരിഭാഗം ജീവികളുടെയും സ്ഥിതി ഇതല്ല. കശേരു മൃഗങ്ങളില്‍ അപൂര്‍വ്വം ചിലതിനു മാത്രമേ ഇത്തരം സംവേദന ക്ഷമതയുള്ളൂ. അതും പതിനായിരത്തിലധികം വരുന്ന കടല്‍പാമ്പിനങ്ങളില്‍ ഒന്നിനു മാത്രമേ ഇങ്ങനെ മുഖത്തിനു പുറമെ മറ്റെവിടെ പ്രകാശം അടിച്ചാൽ തിരിച്ചറിയാനുള്ള കഴിവുള്ളൂ.

ഒലിവ് സീ സ്നേക്ക് 

ഓസ്ട്രേലിയന്‍ തീരത്ത് കാണപ്പെടുന്ന കടല്‍ പാമ്പ് വര്‍ഗമാണ് ഒലിവ് സീ സ്നേക്കുകള്‍. ചില ജീവികള്‍ക്ക് ശത്രുക്കളെയും വേട്ടക്കാരെയും തെറ്റിധരിപ്പിക്കുന്നതിനായി വാല്‍ഭാഗമോ പിന്‍ഭാഗമോ മുഖമാണെന്നു തെറ്റിധരിപ്പിക്കും വിധമുള്ള അടയാളങ്ങളുണ്ടാകും. ഇതിനു സമാനമാണ് ഒലിവ് സീ സ്നേക്കുകളുടെ പ്രകാശത്തോടുള്ള സംവേദന ക്ഷമതയുമെന്നു ഗവേഷകര്‍ പറയുന്നു. മറ്റു കടല്‍പാമ്പുകളുടെ കണ്ണില്‍ പ്രകാശം അടിച്ചാല്‍ മാത്രമേ അവയ്ക്കു ഇതു തിരിച്ചറിയാന്‍ സാധിക്കൂ. എന്നാല്‍ ഒലിവ് സ്നേക്കുകളുടെ വാലില്‍ പ്രകാശം അടിച്ചാലും അവ ഇതിനോടു പ്രതികരിച്ച് വാല്‍ മാറ്റുകയോ സ്വയം ഒളിക്കുകയോ ചെയ്യും.

അവിചാരിതമായ കണ്ടെത്തല്‍

1990 ല്‍ ഓസ്ട്രേലിയന്‍ തീരത്ത് സ്കൂബാ ഡൈവിങ്ങിനിറങ്ങിയ ഒരു സംഘം നീന്തല്‍ക്കാരാണ് ഒലിവ് സ്നേക്കിന്‍റെ ഈ പ്രത്യേകത ആദ്യം തിരിച്ചറിയുന്നത്. ഇവരുടെ ടോര്‍ച്ചിന്‍റെ വെളിച്ചം വാലില്‍ അടിച്ചപ്പോള്‍ ഒരു പാമ്പ് ഓടിയൊളിക്കുന്നതായി ഇവര്‍ ശ്രദ്ധിച്ചു. എന്നാല്‍ ഇതില്‍ അസ്വാഭാവികത ഇവര്‍ക്ക് തോന്നിയില്ല.കാരണം പ്രകാശത്തോടു മറ്റ് ജീവികള്‍ക്കുള്ള സംവേദന ക്ഷമതയുടെ പരിമിതി ഇവര്‍ക്കറിയില്ലായിരുന്നു. എന്നാല്‍ ഇക്കാര്യം പിന്നീട് ഒരു സംഘം ഗവേഷകരുമായി പങ്കുവച്ചപ്പോഴാണ് തങ്ങള്‍ കണ്ടത് പ്രകാശത്തോടു പ്രതികരിക്കാന്‍ കഴിയുന്ന ഏതോ അപൂര്‍വ കടല്‍ പാമ്പിനെയാണെന്ന കാര്യം ഇവര്‍ തിരിച്ചറിഞ്ഞത്.

തുടര്‍ന്ന് നീന്തല്‍ക്കാരുടെ പക്കലുള്ള വിഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച ഗവേഷകര്‍ ഈ പാമ്പ് ഒലിവ് സീ സ്നേക്ക് ആയേക്കാമെന്ന നിഗമനത്തിലെത്തി. എന്നാല്‍ അക്കാലത്തെ പരിമിതികള്‍ മൂലം ഈ വിഷയത്തിലുള്ള തുടര്‍ പഠനങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. പിന്നീടാകട്ടെ ഒലിവ് സീ സ്നേക്കിന്‍റെ ഈ പ്രത്യേകത ശാസ്ത്രലോകം തന്നെ പതുക്കെ മറന്നു തുടങ്ങി. എന്നാല്‍ 2016 ല്‍ അഡലൈഡ് സര്‍വകലാശാലയിലെ കേറ്റ് സാന്‍ഡേഴ്സ് എന്ന ഗവേഷകയും സംഘവും ഒലിവ് സീ സ്നനേക്കിനെ വീണ്ടും പൊടി തട്ടിയെടുത്തു. ഈ പാമ്പുകളുടെ പ്രകാശത്തോടുള്ള ഉയര്‍ന്ന സംവേദന ക്ഷമതയെക്കുറിച്ചു പഠനവും തുടങ്ങി.

Olive Sea Snake

പുതിയ പഠനം

മോളിക്ക്യുലാര്‍ ഇക്കോളജിയുടെ ഭാഗമായാണ് സാന്‍ഡേഴ്സും സഹഗവേഷകയായ ജന്ന ക്രോവ് റിഡിലും ഒലിവ് സ്നേക്കിനെക്കുറിച്ചുള്ള പഠനം തുടര്‍ന്നത്. ഈ പഠനം നിര്‍ണായകമായ മറ്റൊരു കണ്ടെത്തലിനു കൂടി കാരണമായി. ഒലിവ് സീ സ്നേക്ക് ഉള്‍പ്പെട്ട ഐപിസുറസ് വര്‍ഗത്തിലെ ഐപിസുറസ് ജനുസ് എന്ന വിഭാഗത്തില്‍ പെട്ട രണ്ടിനം പാമ്പുകള്‍ക്കു കൂടി ഇതേ സംവേദനക്ഷമതയുള്ള വാലുകള്‍ ഉണ്ടെന്നാണു പഠനത്തില്‍ തെളിഞ്ഞത്. ഐപിസുറസ് ലാവിസ് എന്നതാണ് ഒലിവ് സ്നേക്കുകളുടെ ശാസ്ത്രനാമം.

ഉയര്‍ന്ന സംവേദന ക്ഷമതയ്ക്കുള്ള കാരണം

മെലാനോപ്സിന്‍ എന്ന ലൈറ്റ് സെന്‍സിറ്റീവ് പ്രോട്ടീനിന്‍റെ സാന്നിധ്യമാണ് ഒലിവ് സ്നേക്ക് ഉള്‍പ്പടെ ഐപിസൂറസ് വര്‍ഗത്തിൽ പെട്ട മൂന്നിനം പാമ്പുകള്‍ക്കും പ്രകാശം തിരിച്ചറിയാന്‍ കഴിയുന്ന വാലുണ്ടാകാന്‍ കാരണമെന്നാണ് പഠനത്തില്‍ വ്യക്തമായത്. ഈ പ്രോട്ടീനുകള്‍ പ്രകാശം തിരിച്ചറിയുമ്പോള്‍ ഈ വിവരം നാഡീവ്യൂഹത്തിലേക്കു കൈമാറ്റം ചെയ്യുന്നത് ഈ വിഭാഗം പാമ്പുകളില്‍ മാത്രം കാണപ്പെടുന്ന ചില ജനിതക ഘടകങ്ങളാണെന്നും ഗവേഷകര്‍ വ്യക്തമാക്കി.

മെലാനോപ്സിന്‍ എന്നത് കടല്‍പാമ്പുകളില്‍ മാത്രം കാണപ്പെടുന്ന ഒന്നല്ല. മനുഷ്യരുള്‍പ്പടെയുള്ള പല ജീവികളിലും ഉറക്കം നിയന്ത്രിക്കുന്നതു പോലും ഈ ലൈറ്റ് സെന്‍സിറ്റീവ് പ്രോട്ടീനുകളാണ്. പക്ഷേ പല ജീവികളിലും ഇവയുടെ അളവും ഇവ കാണപ്പെടുന്ന പ്രദേശവും വ്യത്യാസപ്പെട്ടിരിക്കും എന്നുമാത്രം. കൂടാതെ ചില ഇനം തവളകളെ ഓന്തിനു സമാനമായി നിറം മാറാന്‍ സഹായിക്കുന്നതും മെലാനോപ്സിന്‍ എന്ന ഈ ലൈറ്റ് സെന്‍സിറ്റീവ് പ്രോട്ടീനാണ്.

കടല്‍പാമ്പുകള്‍ക്കുള്ള പ്രയോജനം

ഇത്തരമൊരു ലൈറ്റ് സെന്‍സിറ്റീവ് ആയ വാലുകൊണ്ട് കടല്‍ പാമ്പുകള്‍ക്കുള്ള ഉപയോഗം അവയുടെ സ്വയരക്ഷ തന്നെയാണ്. ശരീരത്തിന് നീളം കൂടുതലുള്ള ജീവികളാണ് കടല്‍പാമ്പുകള്‍. അതുകൊണ്ട് തന്നെ ശത്രുക്കളില്‍ നിന്ന് എല്ലായ്പോഴും ശരീരം പൂര്‍ണമായി ഒളിപ്പിക്കാന്‍ കഴിഞ്ഞുവെന്ന് വരില്ല. ഈ സമയത്ത് പുറകില്‍ കണ്ണുകളെന്ന പോലെ പ്രവര്‍ത്തിക്കുന്നത് ഈ പ്രകാശ സംവേദനക്ഷമതയുള്ള വാലുകളായിരിക്കും. നിഴലും വെളിച്ചവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കി ശത്രുവിന്‍റെ വരവും ഗതിയും ദിശയും വേഗതയുമെല്ലാം മനസ്സിലാക്കാന്‍ വാലിലൂടെ പാമ്പുകള്‍ക്കു കഴിയും. ഇതിലൂടെ സ്വയരക്ഷയും സാധ്യമാകുമെന്ന് ഗവേഷകര്‍ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com