ആൺവർഗത്തിന്റെ സഹായമില്ല; കുഞ്ഞുങ്ങൾക്കു ജൻമം നൽകി ചാർലി; അപൂർവ പ്രതിഭാസം
![Zoo Discovers its New Baby Komodo Dragons Were Born Without Male Involvement Zoo Discovers its New Baby Komodo Dragons Were Born Without Male Involvement](https://img-mm.manoramaonline.com/etc/designs/mmonline/clientlibs/img/mm-default-image.jpg)
Mail This Article
കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിലാണ് ടെന്നസിയിലെ ചാറ്റനൂഗ മൃഗശാലയിൽ കൊമോഡോ ഡ്രാഗൺ വിഭാഗത്തിൽപ്പെട്ട ചാർലി എന്ന പെൺപല്ലിയുടെ മുട്ട വിരിഞ്ഞ് മൂന്ന് കുഞ്ഞുങ്ങൾ പുറത്തു വന്നതായി അധികൃതർ അറിയിച്ചത്. എന്നാൽ അഞ്ചു മാസങ്ങൾക്കുശേഷം അതിശയകരമായ മറ്റൊരു വസ്തുതയാണ് മൃഗശാലയുടെ ഫേയ്സ്ബുക്ക് പേജിലൂടെ പുറത്തു വരുന്നത്. ചാർലി കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത് ആൺവർഗത്തിന്റെ സഹായമില്ലാതെയാണെന്നാണു കണ്ടെത്തൽ.
![Zoo Discovers its New Baby Komodo Dragons Were Born Without Male Involvement Zoo Discovers its New Baby Komodo Dragons Were Born Without Male Involvement](https://img-mm.manoramaonline.com/etc/designs/mmonline/clientlibs/img/mm-default-image.jpg)
മൃഗശാലയിൽ തന്നെ കൊമോഡോ ഡ്രാഗൺ വിഭാഗത്തിൽപ്പെട്ട ആൺവർഗമുണ്ടെങ്കിലും അതിന്റെയോ മറ്റേതെങ്കിലുമൊന്നിന്റെയോ പക്കൽ നിന്നും ബീജം സ്വീകരിക്കാതെയാണ് ചാർലി പ്രത്യുൽപാദനം നടത്തിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കദാൽ എന്നു പേരു നൽകിയിരിക്കുന്ന ആൺ കൊമോഡോ ഡ്രാഗണിനെ ഇണചേരാനായി ചാർലിക്കൊപ്പം പാർപ്പിച്ചിരിക്കുകയായിരുന്നു മൃഗശാല അധികൃതർ. എന്നാൽ ഇവയ്ക്കിടയിൽ ഇണചേരൽ നടന്നിട്ടില്ലെന്നും ചാർലി സ്വയം പ്രത്യുൽപാദനം നടത്തുകയായിരുന്നുവെന്നും മൃഗശാല ഫേസ്ബുക്ക് പേജിൽ കുറിച്ചു.
ആൺ വർഗത്തിന്റെ സഹായമില്ലാതെ പ്രത്യുൽപാദനം നടത്തുന്ന പാർത്തനോജനസിസ് എന്ന പ്രക്രിയ സസ്തനികളിൽ സംഭവിക്കാറില്ല. എന്നാൽ ഉരഗങ്ങളുടെ കാര്യത്തിൽ അവ വിരളമായെങ്കിലും സംഭവിക്കാറുണ്ട്. സ്മിത്സോണിയൻ ദേശീയ മൃഗശാലയിൽ ആൺ വർഗത്തിന്റെ സാമീപ്യമില്ലാതെ കഴിഞ്ഞിരുന്ന വാട്ടർ ഡ്രാഗൺ മുട്ടകളിട്ട് കുഞ്ഞുങ്ങൾ വിരിഞ്ഞിരുന്നു.
ചാട്ടനൂഗ മൃഗശാലയിൽ മുട്ട വിരിഞ്ഞു പുറത്തു വന്ന കുഞ്ഞുങ്ങൾ മൂന്നും ആൺ വർഗത്തിൽ പെട്ടതാണ്. ഉരഗങ്ങളുടെ ലിംഗം നിർണയിക്കപ്പെടുന്നത് ക്രോമസോമുകളുടെ സഹായത്തോടെയല്ല. നേരെമറിച്ച് അടയിരിക്കുന്ന സമയത്ത് മുട്ടകൾക്ക് ലഭിക്കുന്ന ചൂടിനെ ആശ്രയിച്ചാണ്. കൊമോഡോ ഡ്രാഗണുകളിലെ പെൺ വർഗം ഒരു W ക്രോമസോമും ഒരു Z ക്രോമസോമും ആണു വഹിക്കുന്നത്. അതേസമയം ആൺ വർഗമാകട്ടെ രണ്ട് Z ക്രോമസോമുകളും വഹിക്കുന്നു. പാർത്തനോജനസിസ് സംഭവിക്കുമ്പോൾ രണ്ട് W ക്രോമസോമുകൾ ചേർന്നോ അല്ലെങ്കിൽ രണ്ട് Z ക്രോമസോമുകൾ ചേർന്നോ ആണ് മുട്ട ഉൽപാദിപ്പിക്കപ്പെടുന്നത്. W ക്രോമസോമുകൾ ചേർന്നുണ്ടാകുന്ന മുട്ടകൾക്ക് ജീവൻ നിലനിർത്താൻ ശേഷിയില്ല. Z ക്രോമസോമുകൾ ചേർന്ന് ഉൽപാദിപ്പിക്കപ്പെടുന്ന മുട്ടുകളിൽ നിന്നും ആൺ വർഗത്തിൽപെട്ട കുഞ്ഞുങ്ങളാണുണ്ടാകുന്നത്.
പല്ലി വർഗത്തിലെ തന്നെ ഏറ്റവും വലുപ്പമുള്ള വിഭാഗമാണ് കൊമോഡോ ഡ്രാഗണുകൾ. മൂന്ന് മീറ്റർ വരെ നീളമുണ്ടാകും ഇവയ്ക്ക്. തെക്കൻ ഇന്തോനീഷ്യയിലെ ചെറിയ ദ്വീപുകളിലാണ് ഇവയെ സാധാരണയായി കണ്ടുവരുന്നത്.
English Summary: Zoo Discovers its New Baby Komodo Dragons Were Born Without Male Involvement