ADVERTISEMENT

ചിലന്തികളെ പലർക്കും പേടിയാണ്. അല്പം വലുപ്പമുള്ളവയാണെങ്കിൽ പറയുകയും വേണ്ട. അപ്പോൾ സാധാരണ ചിലന്തിയുടെ പതിന്മടങ്ങ് വലുപ്പത്തിൽ നടന്നടുക്കുന്ന ഒന്നിനെ കണ്ടാലോ.അങ്ങനെയുള്ള  ഒരു ജീവിയുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഞണ്ടാണിത്. കാലുകളുടെ നീളം കണ്ടാൽ ചിലന്തിയുമായി സാമ്യം തോന്നുന്നതിനാൽ ചിലന്തി ഞണ്ടുകൾ എന്നാണ് അവ അറിയപ്പെടുന്നത്. 

ശരാശരി 13 അടി നീളമാണ് ഈ ഞണ്ടു ഭീമന്മാരുടെ കാലുകൾക്കുള്ളത്. ജപ്പാനോട് ചേർന്നുകിടക്കുന്ന സമുദ്ര പ്രദേശങ്ങളിലാണ്  ഇവയെ സാധാരണയായി കണ്ടുവരുന്നത്. 40 പൗണ്ട് വരെ (18 കിലോഗ്രാം)തൂക്കം വരുന്ന ഈ ഭീമന്മാർ ഞണ്ടു വർഗത്തിൽ തന്നെ ഏറ്റവും ആയുർദൈർഘ്യം ഉള്ളവ കൂടിയാണ്. 100 വർഷം വരെ ജീവിക്കാൻ അവയ്ക്ക് സാധിക്കും. അതുകൊണ്ടും തീർന്നില്ല പ്രത്യേകതകൾ. ലോകത്ത് ഇന്ന് കാണുന്നവയിൽ ഏറ്റവും പഴക്കം ചെന്ന ജീവിവർഗങ്ങളിൽ ഒന്നാണ് ചിലന്തി ഞണ്ടുകൾ. 

Meet The Japanese Spider Crab, The ‘Daddy Long Legs Of The Sea’

100 മില്യൺ വർഷങ്ങളായി അവ ഭൂമിയിൽ ഉണ്ടെന്നാണ് കണക്ക്. 1836 ഡച്ച് ജന്തു ശാസ്ത്രജ്ഞനായ കോയെൻറാഡ് ജേക്കബ് ടെമ്മിനിക്കാണ് ജാപ്പനീസ് ചിലന്തി ഞണ്ടുകളെ പറ്റി ആദ്യമായി വിശദീകരിച്ചത്. 'മക്കോകെയ്‌ര കെയ്മ്പ്ഫെരി' എന്നാണ് ഇവയുടെ ശാസ്ത്രീയ നാമം. 

സമുദ്രത്തിൽ 1000 അടി താഴ്ചയിൽ വരെ അവയ്ക്ക് ജീവിക്കാനാവും.എന്നാൽ പ്രജനന സമയത്ത് ആഴംകുറഞ്ഞ പ്രദേശങ്ങളിലേക്ക് നീങ്ങാറാണ് പതിവ്. ജപ്പാനിൽ  'ഡെഡ് മാൻസ് ക്രാബ്' എന്ന പേരിലാണ് ഇവ അറിയപ്പെടുന്നത്.  സമുദ്ര സഞ്ചാരികളെ വെള്ളത്തിനടിയിലേക്ക് വലിച്ചുകൊണ്ടുപോയി ശവശരീരങ്ങൾ ഭക്ഷണമാക്കുന്ന ജല രാക്ഷസൻ എന്ന് ജപ്പാനിലെ നാടോടികഥകളിൽ ഇവയെപ്പറ്റി പ്രതിപാദിക്കുന്നതിനാലാണ് അത്.

കാലുകൾക്ക് സാമാന്യത്തിലധികം വലുപ്പമുണ്ടെങ്കിലും അവയ്ക്ക് വേഗം പരിക്കു പറ്റാവുന്നവയാണെന്ന് പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഇന്നുവരെ കണ്ടെത്തിയിട്ടുള്ള ചിലന്തി ഞണ്ടുകളിൽ 75 ശതമാനത്തിനും ഒരു കാലെങ്കിലും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. പൊതുവേ ചിലന്തി ഞണ്ടുകളെ ഭയമാണെങ്കിലും  ജപ്പാൻ വിഭവങ്ങളിൽ മുൻനിരയിലാണ് അവയുടെ സ്ഥാനം. എന്നാൽ ഈ വർഗത്തിന്റെ എണ്ണം കുറഞ്ഞു വരുന്നുവെന്ന ആശങ്കയുള്ളതിനാൽ  ചിലന്തി ഞണ്ടുകളെ പിടിക്കുന്നതിന് നിയന്ത്രണങ്ങളും ഭരണകൂടങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

2013ൽ വടക്കൻ സ്പെയിനിൽ നിന്നും ഏറ്റവും പഴക്കം ചെന്ന ചിലന്തി ഞണ്ടുകളുടെ ഫോസിൽ കണ്ടെത്തിയിരുന്നു.അങ്ങനെയാണ് ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപ് തന്നെ അവ ഭൂമിയിലുണ്ടായിരുന്നുവെന്ന് കണ്ടെത്തിയത്. എന്നാൽ ഇന്നു കാണുന്ന ചിലന്തി ഞണ്ടുകളുടെ പൂർവികന്മാർക്ക് ഇത്ര വലുപ്പമുണ്ടായിരുന്നില്ല. വലുപ്പത്തിന്റെ കാര്യത്തിൽ വ്യത്യാസമുണ്ടെങ്കിലും ചിലന്തി ഞണ്ടുകളുടെ മറ്റെല്ലാ പ്രത്യേകതകളും അവയ്ക്കുമുണ്ടായിരുന്നു എന്നാണ് ഫോസിലുകളുടെ പഠനത്തിൽ നിന്നും കണ്ടെത്താനായത്.

English Summary: Meet The Japanese Spider Crab, The ‘Daddy Long Legs Of The Sea’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com