ജനിച്ചുവീണ കുഞ്ഞിനെ കടിച്ചുവലിച്ച് സിംഹം: ജീവൻ രക്ഷിക്കാൻ അമ്മ ജിറാഫിന്റെ പോരാട്ടം, ഒടുവിൽ?
Mail This Article
വനത്തിനുള്ളിൽ മാംസഭുക്കുകളായ ജീവികളുടെ കണ്ണിൽപ്പെടാതെ കഴിയുകയെന്നത് മറ്റ് ജീവികളുടെ നിലനിൽപ്പിന്റെ പ്രശ്നമാണ്. പലപ്പോഴും അവയുടെ മുന്നിൽനിന്നും ഓടിയൊളിക്കാൻ പാടുപെടേണ്ടിവരും. പക്ഷേ ജനിച്ചുവീണ് ഉടനെയാണ് ആക്രമണം ഉണ്ടാകുന്നതെങ്കിലോ? നടക്കാൻ പോലുമറിയാത്ത കുഞ്ഞാണെങ്കിൽ കഥ കഴിഞ്ഞതുതന്നെ. എന്നാൽ ജനിച്ചു മണിക്കൂറുകൾ മാത്രം പിന്നിട്ട തന്റെ കുഞ്ഞിനെ അങ്ങനെയങ്ങ് വിട്ടുകൊടുക്കാൻ അമ്മ ജിറാഫ് തയാറല്ലായിരുന്നു. കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ അവസാന നിമിഷം വരെ പോരാടിയ അമ്മ ജിറാഫിന്റെ ദൃശ്യമാണ് ഇപ്പോൾ കെനിയയിലെ ഒലാരെ മോട്ടോറോഗി വന്യജീവിസങ്കേതത്തിൽ നിന്നും പുറത്ത് വരുന്നത്.
ജിറാഫ് പ്രസവിക്കുന്ന സമയത്ത് തന്നെ കുഞ്ഞിനെ ഇരയാക്കാനായി തക്കം പാർത്തിരിക്കുകയായിരുന്നു ഒരു പെൺസിംഹവും കഴുതപ്പുലികളും. സാധാരണഗതിയിൽ ജിറാഫുകൾ ജനിച്ചു കഴിഞ്ഞാൽ അരമണിക്കൂറിനകം വിറയ്ക്കാതെ നടക്കാൻ പരിശീലിക്കും. 10 മണിക്കൂർ പിന്നിടുമ്പോഴേക്കും അവ ഓടി നടക്കാൻ തുടങ്ങും. എന്നാൽ ഇതിനൊക്കെ സമയം കിട്ടുന്നതിനു മുൻപ് കടിച്ചു കീറാൻ നിൽക്കുന്ന മൃഗങ്ങളിൽനിന്നും കുഞ്ഞിനെ രക്ഷപ്പെടുത്താനുള്ള പരിശ്രമത്തിലായിരുന്നു അമ്മ ജിറാഫ്.
കഷ്ടിച്ച് നടക്കാൻ മാത്രം സാധിക്കുന്ന കുഞ്ഞിനെയും കൊണ്ട് അമ്മ ജിറാഫ് ഏറെദൂരം പരമാവധി വേഗത്തിൽ നീങ്ങാൻ ശ്രമിച്ചു. ജനിച്ച ശേഷം അമ്മയുടെ മുലപ്പാൽ പോലും കുടിക്കാനാവാതെയായിരുന്നു കുഞ്ഞു ജിറാഫിന്റെ ജീവൻ രക്ഷിക്കാനുള്ള പലായനം. ഇതിനിടെ പിന്നാലെ കൂടിയ കഴുതപ്പുലികൾ ശ്രമം ഉപേക്ഷിച്ച് മടങ്ങിയെങ്കിലും പെൺസിംഹം എളുപ്പത്തിൽ കിട്ടുന്ന ഇരയായ ജിറാഫിനെ വിട്ടുകളയാൻ തയാറല്ലായിരുന്നു. പലതവണ പെൺസിംഹം അടുത്തെത്തിയെങ്കിലും അപ്പോഴെല്ലാം അമ്മ ജിറാഫ് അതിനെ തുരത്തിയോടിച്ചു.
ആറു കിലോമീറ്ററോളം ദൂരമാണ് കുഞ്ഞുമായി ജിറാഫ് രക്ഷതേടി പാഞ്ഞത്. എന്നാൽ ഇവർ ഒടുവിൽ ചെന്നെത്തിയത് നദീ തീരത്തായിരുന്നു. മുനമ്പ് പോലെയുള്ള ഭാഗത്ത് എത്തിയതിനാൽ ജിറാഫിനും കുഞ്ഞിനും മുന്നോട്ടുനീങ്ങാനാവില്ലെന്ന് തിരിച്ചറിഞ്ഞതോടെ സിംഹം ആക്രമിക്കാനായി പാഞ്ഞടുത്തു. ഇതോടെ പരിഭ്രാന്തിയിലായ അമ്മ ജിറാഫ് അബദ്ധത്തിൽ തട്ടിയതോടെ കുഞ്ഞ് നദീതടത്തിലേക്ക് വീഴുകയും ചെയ്തു. കുഞ്ഞിനെ എങ്ങനെയും മുകളിലേക്ക് കയറ്റാൻ അമ്മ ജിറാഫ് ശ്രമിച്ചെങ്കിലും കുഞ്ഞിന് അതിനുള്ള ശക്തിയുണ്ടായിരുന്നില്ല.
ഒട്ടും സമയം പാഴാക്കാതെ പെൺസിംഹം കുഞ്ഞിനുമേൽ ചാടിവീണ് അതിന്റെ കഴുത്തിൽ കടിച്ചുപിടിച്ച് വെള്ളത്തിലേക്ക് വലിച്ചു. അമ്മ ജിറാഫ് പലതവണ തുരത്തിയെങ്കിലും പെൺസിംഹം തുടരെ കുഞ്ഞിനെ ആക്രമിക്കുകയായിരുന്നു. ഒടുവിൽ അമ്മ ജിറാഫ് സർവശക്തിയുമെടുത്ത് സിംഹത്തിന് നേരെ പാഞ്ഞടുത്തതോടെ അത് അല്പം മാറി കാത്തിരുന്നു. അപ്പോഴേക്കും കുഞ്ഞു ജിറാഫിന്റെ മരണം ഏതാണ്ട് ഉറപ്പായികികഴിഞ്ഞിരുന്നു. നിവർത്തിയില്ലാതെ അമ്മ ജിറാഫും അവിടെനിന്നും അകന്നുനിന്നു. എന്നാൽ അദ്ഭുതമെന്നപോലെ കുഞ്ഞു ജിറാഫ് വീണ്ടും എഴുന്നേറ്റ് നിൽക്കുകയും ഏതാനും ചുവടുകൾവച്ച് വെള്ളത്തിലേക്കിറങ്ങുകയും ചെയ്തു. ജീവൻ നിലനിർത്താൻ പരമാവധി ശ്രമിച്ചെങ്കിലും ക്ഷീണിച്ച് അവശനിലയിലായ കുഞ്ഞ്ജിറാഫ് നിലതെറ്റി വെള്ളത്തിലേക്ക് വീണു. വീണ്ടും എണീറ്റു നിൽക്കാൻ കുഞ്ഞ് പലതവണ ശ്രമിക്കുന്നതും പരാജയപ്പെടുന്നതും വിഡിയോയിൽ കാണാം. ഒടുവിൽ രക്ഷപ്പെടാനാവാത്ത വിധം കുഞ്ഞു ജിറാഫ് വെള്ളത്തിലേക്ക് താഴ്ന്നു പോവുകയായിരുന്നു.
വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ ഡോൺ ഹെയ്നെയാണ് അസാധാരണമായ ഈ ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങൾ പകർത്തിയത്. വനത്തിൽ സഫാരിക്കെത്തിയ സന്ദർശകരുമായി നീങ്ങുന്നതിനിടെ യാദൃശ്ചികമായി ഈ കാഴ്ച കണ്ട അദ്ദേഹം അത് ക്യാമറയിൽ പകർത്തുകയായിരുന്നു.
English Summary: Intense Battle Between Lioness & Giraffe Over Her Newborn Baby