ADVERTISEMENT

പൊതുവേ ആനകൾ ശാന്ത സ്വഭാവക്കാരാണ്. ശക്തമായി പ്രകോപനമുണ്ടായാൽ മാത്രമേ അവ പ്രതികരിക്കാറുള്ളൂ. അതുകൊണ്ടുതന്നെ ആനകൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾ കാണാൻ സാധിക്കുന്നത് അത്ര സാധാരണവുമല്ല. എന്നാൽ ഇക്കഴിഞ്ഞ മാർച്ചിൽ കെനിയയിലെ മാസയ് മാറാ നാഷണൽ റിസർവിലൂടെ സഞ്ചരിക്കുന്നതിനിടെ സഫാരി ഗൈഡായ ടോം സയ്രൗവ അത്തരമൊരു കാഴ്ചയ്ക്കാണ് സാക്ഷിയായത്. കൂറ്റന്മാരായ രണ്ട് കാട്ടു കൊമ്പനാനകളുടെ ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങളും അദ്ദേഹം പകർത്തി. 

 

ടോം വനത്തിലൂടെ വാഹനത്തിൽ കടന്നു പോകുന്ന സമയത്ത് ഏതാണ്ട് ഒരേ വലുപ്പമുള്ള രണ്ട് കൊമ്പനാനകൾ പരസ്പരം ആക്രമിക്കാൻ തയാറെടുത്തു നിൽക്കുന്ന കാഴ്ചയാണ് കണ്ടത്. പെട്ടെന്ന് ഒരു കൊമ്പൻ തുമ്പിക്കൈ ഉയർത്തി എതിരാളിയുടെ നേർക്ക് പാഞ്ഞടുത്തു. ഇതോടെ മറ്റേ കൊമ്പൻ ഏതാനും ചുവടുകൾ പിന്നോട്ട് നീങ്ങിയെങ്കിലും നിമിഷ നേരത്തിനുള്ളിൽ  പ്രതിരോധിക്കുകയായിരുന്നു. ആക്രമിക്കാനെത്തിയ ആനയുടെ തുമ്പിക്കൈയിൽ  എതിരാളി സ്വന്തം  തുമ്പിക്കൈകൊണ്ട്  ശക്തിയായി ഇടിക്കുന്നത് വിഡിയോയിൽ കാണാം. 

 

ഈ കൊമ്പുകോർക്കലിന്റെ ശബ്ദം പ്രദേശത്തെങ്ങും മുഴങ്ങുന്നുണ്ടായിരുന്നു. പിന്നീട് സാവധാനത്തിൽ തുമ്പികൈകൾ തമ്മിൽ കോർത്തുപിടിച്ച് രണ്ട് ആനകളും പരസ്പരം മസ്തകം ചേർത്ത് എതിരാളിയെ തള്ളിനീക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. കൂട്ടത്തിൽ ഒരാൾക്ക് അല്പം മേൽക്കൈ ഉണ്ടെന്നു തോന്നിയെങ്കിലും ഏതാണ്ട് ഒരു മണിക്കൂറിലധികം ഏറ്റുമുട്ടൽ തുടർന്നു. എന്നാൽ ഒരു മിനിറ്റ് നേരം മാത്രമേ ടോം വിഡിയോ പകർത്തിയിരുന്നുള്ളൂ. 

 

സ്വന്തം ആധിപത്യം സ്ഥാപിക്കാനായാണ് രണ്ട് ആനകളും ഏറ്റുമുട്ടിയതെന്ന് ടോം പറയുന്നു. പ്രധാനമായും ഇണചേരുന്ന സമയമാകുമ്പോഴാണ് കൊമ്പനാനകൾ ഇത്തരത്തിൽ പ്രകോപനപരമായി പെരുമാറുന്നത്. പിടിയാനകൾക്കുമേൽ ആര് ആധിപത്യം സ്ഥാപിക്കണമെന്നും നല്ല ഭക്ഷണവും വെള്ളവുമൊക്കെ ആദ്യം ആർക്കു ലഭിക്കണമെന്നുമെല്ലാം തീരുമാനിക്കുന്നതിനായാണ് ഇവയുടെ ഏറ്റുമുട്ടൽ. 

 

പലപ്പോഴും ഇത്തരം ഏറ്റുമുട്ടലുകൾക്കിടെ ആനകളിലൊന്ന് കൊല്ലപ്പെടുകയോ സാരമായി പരിക്കേൽക്കുകയോ ചെയ്യും. എന്നാൽ ഇവിടെ ആനകൾക്ക് രണ്ടിനും പരിക്കുകളൊന്നും സംഭവിച്ചില്ല. കൂട്ടത്തിലൊരാൾ തോൽവി സമ്മതിച്ച് ഒടുവിൽ പിന്മാറുകയായിരുന്നു. ഏറ്റുമുട്ടലിൽ പരാജയപ്പെട്ട ആന പിന്നീട് ദൂരേക്ക് നടന്നു പോയതായും ടോം വ്യക്തമാക്കി.

 

English Summary: Tusks clatter in explosive clash between Kenyan elephant bulls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com