ഇര പിടിക്കാൻ പതിയിരുന്ന സിംഹത്തെ ചവിട്ടി ഞെരിച്ച് സീബ്രാക്കൂട്ടം; പിന്നീട് സംഭവിച്ചത്?
Mail This Article
കൂട്ടായി നിന്നാൽ ഏത് വമ്പൻ ശക്തിയെയും നിഷ്പ്രയാസം നേരിടാം എന്നത് പറഞ്ഞു പഴകിയ ചൊല്ലാണ്.എന്നാൽ ഇത് എത്രത്തോളം സത്യമാണെന്ന് തെളിയിച്ചുതരുന്ന ഒരു വിഡിയോയാണ് ടാൻസാനിയയിലെ സെരങ്കറ്റി ദേശീയോദ്യാനത്തിൽ നിന്നും പുറത്തു വരുന്നത്. ഇര പിടിക്കാൻ പതിയിരുന്ന ഒരു പെൺസിംഹത്തെ പാഞ്ഞെത്തിയ സീബ്രാക്കൂട്ടം ചവിട്ടി ഞെരിക്കുന്ന വിഡിയോയാണിത്.
തുറസായ പ്രദേശത്ത് കൂട്ടമായെത്തിയ സീബ്രകളെ കണ്ട് കുറ്റിക്കാടിന് മറവിൽ പെൺസിംഹം പതിയിരിക്കുന്നത് വിഡിയോയുടെ തുടക്കത്തിൽ കാണാം. സമീപത്ത് വരുന്ന സീബ്രയെ പിടികൂടാൻ തയാറെടുത്തിരുന്ന സിംഹം അവ കൂട്ടമായി പാഞ്ഞെടുത്തപ്പോഴേക്കും ഒന്നിന്റെ മേലെ ചാടി വീഴാൻ മുന്നോട്ടാഞ്ഞു. എന്നാൽ പിടി കിട്ടിയില്ലെന്നു മാത്രമല്ല നൂറുകണക്കിന് സീബ്രകൾ അതിവേഗത്തിൽ പാഞ്ഞു പോകുന്നതിനിടയിൽ സിംഹം അവയ്ക്കിടയിൽ പെട്ടു പോവുകയായിരുന്നു.
സീബ്രകളുടെ കാലുകൾക്കിടയിൽപ്പെട്ട പെൺസിംഹം തെറിച്ചു നീങ്ങിവീഴുന്നതും ദൃശ്യത്തിലുണ്ട്. എന്നാൽ പെൺസിംഹത്തിന് പുറമേ മറ്റു ചില സിംഹങ്ങളും സീബ്രകളെ പിടികൂടാനായി അതേപ്രദേശത്ത് നിലയുറപ്പിച്ചിരുന്നു. സീബ്രാക്കൂട്ടം ഓടി നീങ്ങിയതിന് പിന്നാലെ പെൺസിംഹവും മറ്റു സിംഹങ്ങളും ചേർന്ന് രണ്ട് സീബ്രകളെ പിടികൂടുകയും ചെയ്തു. പിടികൂടിയ സീബ്രകളിൽ ഒന്നിനെ ആക്രമിച്ചു കീഴ്പ്പെടുത്തുന്നിടത്താണ് വിഡിയോ അവസാനിക്കുന്നത്.
സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ ഇതിനോടകം ജനശ്രദ്ധനേടി. പതിനായിരക്കണക്കിന് ആളുകളാണ് വിഡിയോ കണ്ടത്. കൗതുകകരമായ വിഡിയോയിക്ക് പ്രതികരണങ്ങളും കമന്റ് ബോക്സിൽ നിറയുന്നുണ്ട്. ഇത്രയും സീബ്രകൾക്കിടയിൽ പെട്ടുപോയിട്ടും പെൺസിംഹം ചത്തു പോകാതിരുന്നതാണ് ഏവരേയും അദ്ഭുതപ്പെടുത്തുന്നത്. അപകടത്തിൽപ്പെട്ടിട്ടും അതൊന്നും വകവയ്ക്കാതെ നിമിഷം നേരംകൊണ്ട് വീണ്ടും ഇരപിടിക്കാനിറങ്ങിയ പെൺസിംഹത്തിന്റെ ഇച്ഛാശക്തിയെയും പലരും പുകഴ്ത്തുന്നുണ്ട്.
English Summary: Zebras trample lioness while running across park in viral video. Watch what happens next