കിടുകിടാ വിറച്ച് കുളിരുകോരി മുംബൈ; ഡിസംബർ എത്തും മുൻപേ നഗരത്തിൽ പിടിമുറുക്കി ശൈത്യം
Mail This Article
ഡിസംബർ എത്തും മുൻപേ മുംബൈ നഗരത്തിൽ ശൈത്യം പിടിമുറുക്കുന്നു. ഞായറാഴ്ച കുറഞ്ഞ താപനില 19.8 ഡിഗ്രി രേഖപ്പെടുത്തി. തിങ്കളാഴ്ച ഇത് 17 ഡിഗ്രിയിലേക്ക് താഴ്ന്നു. ഇന്നലെ കുറഞ്ഞ താപനില അൽപം മെച്ചപ്പെട്ട് 22 ഡിഗ്രിയിൽ എത്തി. പ്രഭാത സവാരിക്കാരെയും രാവിലെയുള്ള ഓഫിസ് യാത്രക്കാരെയുമാണ് കാലാവസ്ഥാ മാറ്റം ഏറെ വലയ്ക്കുന്നത്.
അതിരാവിലെ ഉണർന്നു സ്കൂളിൽ പോകേണ്ട കുട്ടികൾക്കും തണുപ്പ് അസഹ്യം തന്നെ. തണുപ്പിനൊപ്പം അന്തരീക്ഷ മലിനീകരണവും ചേരുന്നത് ശ്വാസകോശ രോഗികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. വരും ദിവസങ്ങളിലും മുംബൈയിൽ കുറഞ്ഞ താപനില 20 ഡിഗ്രിയിൽ താഴാനിടയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ധുളെ, നാസിക്, ജൽഗാവ്, അഹമ്മദ്‌നഗർ, നന്ദുർബാർ, ഔറംഗബാദ്, ജൽന എന്നിവിടങ്ങളിൽ വരുംദിവസങ്ങളിൽ ശീതതരംഗ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ ഭാഗങ്ങളിൽ താപനില 10 ഡിഗ്രിയിൽ താഴെ രേഖപ്പെടുത്തിയേക്കാം.
English Summary: Cold weather persists in Mumbai, what's causing the drop in mercury?