മാരുതി ഒമ്നിയിലേക്ക് ചാടിക്കയറി പുള്ളിപ്പുലി; ഭയന്നുവിറച്ച് യാത്രക്കാർ–വിഡിയോ
Mail This Article
വനത്തിനോട് ചേർന്നുള്ള ഹൈവേകളിലും ജവവാസ കേന്ദ്രങ്ങളിലും വന്യമൃഗങ്ങൾ ഇറങ്ങുന്നത് പതിവാണ്. ഇത്തരം മേഖലകളിൽ വന്യമൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘട്ടനങ്ങളും പതിവാണ്. വടക്കേ ഇന്ത്യയിൽ നിരവധിയാളുകളാണ് വന്യജീവികളുടെ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നത്. കഴിഞ്ഞ തിങ്കളാഴ്ച അസമിലെ ജോർഹട്ട് ജില്ലയിൽ മാത്രം പുള്ളിപ്പുലിയുടെ ആക്രമണത്തിന് ഇരയായത് 15 പേരാണ്. ഫോറസ്റ്റ് ഉദ്യോഗസ്ഥനുൾപ്പെടെ 15 പേരെയാണ് ജനവാസ കേന്ദ്രത്തിലിറങ്ങിയ പുള്ളിപ്പുലി ആക്രമിച്ചു പരുക്കേൽപ്പിച്ചത്.
ജോർഹട്ടിൽ നിരത്തിലിറങ്ങിയ പുള്ളിപ്പുലിയെ തുരത്തുന്നതിനിടയിലായിരുന്നു സംഭവം. പുള്ളിപ്പുലിയെ തുരത്താൻ ഏഴു റൗണ്ടാണ് വനംവകുപ്പ് വെടിയുതിർത്തത്. തുടർന്ന് പരിഭ്രാന്തനായ പുള്ളിപ്പുലി മുന്നിൽക്കണ്ടവരെയെല്ലാം ആക്രമിക്കുകയായിരുന്നു. മതിൽ ചാടിക്കടന്ന് നിരത്തിലേക്കെത്തിയ പുള്ളിപ്പുലി അതുവഴി പോകുകയായിരുന്ന മാരുതി ഒമ്നിയെയും ആക്രമിച്ചു. വാഹനത്തിലേക്ക് ചാടിക്കയറിയ പുള്ളിപ്പുലി ഗ്ലാസിൽ അള്ളിപ്പിടിച്ച ശേഷം താഴേക്ക് ഊർന്നിറങ്ങുകയായിരുന്നു. വാഹനത്തിന്റെ വിൻഡോ ഉയർത്തിയിരുന്നതുകൊണ്ട് മാത്രമാണ് ഡ്രൈവർ ഉൾപ്പെടെയുള്ളവർ പുലിയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. പുലി വാഹനത്തിലേക്ക് ചാടിക്കയറിയതും ഡ്രൈവർ വാഹനം നിർത്തിയതും ഒരുമിച്ചായിരുന്നു. വാഹനത്തിൽ നിന്ന് ഊർന്നിറങ്ങിയ പുള്ളിപ്പുലി റോഡിലേക്ക് ഓടിമറയുകയും ചെയ്തു. എതിർവശത്തുണ്ടായിരുന്ന വാഹനത്തിലുണ്ടായിരുന്നവരാണ് ഈ ദൃശ്യം പകർത്തിയതും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതും.
വനാതിർത്തിയോടു ചേർന്നുള്ള മേഖലകളിൽ വാഹനത്തിൽ സഞ്ചരിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കളമെന്നും ഇത്തരം ആക്രമണങ്ങൾ ഉണ്ടാകാനുള്ള സാധ്യതയേറെയാണെന്നും വനംവകുപ്പ്് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. വന്യമൃഗങ്ങളെ റോഡിൽ കണ്ടാൽ വാഹനം നിശ്ചിത അകലത്തിൽ റോഡരികിൽ നിർത്തിയിടണം. വാഹനത്തിന്റെ ഗ്ലാസുകൾ താഴ്ത്തുകയോ വാഹനത്തിനു വെളിയിലിറങ്ങി അവയുടെ ചിത്രം പകർത്താൻ ശ്രമിക്കുകയോ ചെയ്യരുത്.അവയെ പ്രകോപിപ്പിക്കുന്ന തരത്തിൽ ഉച്ചത്തിൽ ഹോൺ മുഴക്കുന്നതും അപകടം ക്ഷണിച്ചുവരുത്തും. വന്യമൃഗങ്ങൾ കടന്നുപോയതിനു ശേഷം മാത്രമേ വാഹനത്തിൽ യാത്ര തുടരാവൂ എന്നും അധികൃതർ വിശദീകരിക്കുന്നു.
English Summary: Leopard Attacks Maruti Omni in Assam, Injures 13 People in Jorhat, Assam