ADVERTISEMENT

കോതയാറിൽ കഴിയുന്ന കാട്ടാന ആരിക്കൊമ്പൻ കോതയാറിൽ ഇണങ്ങിവരുന്നു. ജൂൺ മുതൽ ഇവിടെനിന്നും അരിക്കൊമ്പൻ എങ്ങോട്ടും പോയിട്ടില്ലെന്നാണ് തമിഴ്നാട് വനംവകുപ്പ് പറയുന്നത്. കോതയാർ ഡാമിലിറങ്ങി വെള്ളം കുടിച്ചും തീരത്തെ പുൽമേട്ടിൽ നിന്നും ഭക്ഷണം കണ്ടെത്തിയും അവിടത്തെ ആവാസവ്യവസ്ഥയുമായി അരിക്കൊമ്പൻ പൊരുത്തപ്പെട്ടിരിക്കുന്നു. രണ്ട് കുട്ടിയാനകൾ ഉൾപ്പെടെ 10 പേർക്കൊപ്പമാണ് അരിക്കൊമ്പന്റെ സഞ്ചാരം. ആനക്കൂട്ടത്തിനൊപ്പം ചേർന്നതിനാൽ അരിക്കൊമ്പനെ നിരീക്ഷിക്കുന്ന വാച്ചർമാരുടെ എണ്ണം തമിഴ്നാട് കുറച്ചിട്ടുണ്ട്.

റേഡിയോ കോളർ സിഗ്നലുകൾ കൃത്യമായി ലഭിച്ചുവരുന്നതിനാൽ ആന എവിടെയുണ്ടെന്ന് അറിയാനാകുന്നുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ചിലപ്പോൾ ആനക്കൂട്ടത്തിനൊപ്പം കേരളത്തിലെ വനപ്രദേശമേഖലയിലേക്ക് എത്താനും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

ചിന്നക്കനാൽ വിട്ട് 4 മാസം

ചിന്നക്കനാലിൽ നിന്ന് അരിക്കൊമ്പനെ കാടുകടത്തിയിട്ട് നാല് മാസം കഴിഞ്ഞു. തമിഴ്നാട്ടിലേക്ക് കടന്ന അരിക്കൊമ്പൻ കുറച്ചുദിവസം കമ്പം മേഖലയെ വിറപ്പിച്ചെങ്കിലും തമിഴ്നാട് വനംവകുപ്പ് പിടികൂടി കളക്കാട് മുണ്ടുതുറൈ ഭാഗത്ത് വിടുകയായിരുന്നു.

കുട്ടിക്കൊമ്പൻ എന്നായിരുന്നു 35 വയസുള്ള അരിക്കൊമ്പന്റെ ആദ്യ പേര്. ആനകളുടെ സ്ഥിരം ഭക്ഷണം ഉപേക്ഷിച്ച് അരി ഭക്ഷണമാക്കിയതോടെയാണ് നാട്ടുകാർ ആനയ്ക്ക് അരിക്കൊമ്പൻ എന്നുപേരിട്ടത്. അരി എവിടെയുണ്ടോ അവിടെ അരിക്കൊമ്പനെ കാണാം. പന്നിയാർ, ആനയിറങ്കൽ എന്നിവിടങ്ങളിലെ റേഷൻകടകളാണ് കൊമ്പന്റെ ഇഷ്ടസ്ഥലം. പന്നിയാറിലെ ആന്റണി പി.എൽ നടത്തുന്ന റേഷൻകടയിൽ മാത്രം പത്ത് തവണയാണ് അരിക്കൊമ്പൻ എത്തിയത്. 7 പേരെ കൊന്നിട്ടുണ്ടെന്നും 75ലേറെ കെട്ടിടങ്ങൾ തകർത്തതായുമാണ് വനംവകുപ്പിന്റെ കണക്കിൽ പറയുന്നത്. എന്നാൽ അരിക്കൊമ്പൻ 12 പേരെ കൊല്ലുകയും 180ലേറെ കെട്ടിടങ്ങൾ തകർക്കുകയും ചെയ്തെന്നാണ് നാട്ടുകാർ പറയുന്നത്. ഏക്കർ കണക്കിന് കൃഷിസ്ഥലങ്ങളും നശിപ്പിച്ചിട്ടുണ്ട്.

Wild tusker Arikomban. File photo: Rijo Joseph/Manorama
Wild tusker Arikomban. File photo: Rijo Joseph/Manorama

2017ലാണ് അരിക്കൊമ്പനെതിരെ വ്യാപകമായ പരാതികൾ ഉയർന്നത്. മയക്കുവെടിവച്ച് പിടിക്കാന്‍ വനംവകുപ്പ് തീരുമാനിച്ചെങ്കിലും ദൗത്യം പരാജയപ്പെട്ടു. 2018ൽ കാട്ടാനയെ പിടികൂടാൻ വീണ്ടും ഉത്തരവ് വന്നെങ്കിലും നടന്നില്ല. പിന്നീട് ആക്രമണങ്ങള്‍ വ്യാപിച്ചതോടെയാണ് വീണ്ടും ദൗത്യം ആരംഭിച്ചത്. ഹൈക്കോടതി നിർദേശപ്രകാരം അരിക്കൊമ്പനെ റേഡിയോ കോളർ ധരിപ്പിച്ച് പെരിയാർ വന്യജീവി സങ്കേതത്തിലെ ഉൾവനത്തിലേക്ക് തുറന്നുവിട്ടു. എന്നാൽ അതുവഴി അരിക്കൊമ്പൻ തമിഴ്നാട്ടിലേക്ക് കടന്നു. കമ്പം ജനവാസ മേഖലയിൽ ഇറങ്ങിയതോടെ അരിക്കൊമ്പനെ തമിഴ്നാട് വനംവകുപ്പ് പിടികൂടുകയായിരുന്നു.

English Summary: Arikomban Wild life updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com